ദോഹ : ഇന്ത്യ രാജ്യത്തിന്റെ വികസനത്തിൽ വിശേഷിച്ച് കേരള സംസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ വലിയ സംഭാവനകൾ അർപ്പിച്ച വരാണ് പ്രവാസികൾ. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും സാംസ്കാരിക വിനിമയത്തിലും പ്രവാസികൾക്ക് വലിയ പങ്കുണ്ട്. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും വിദേശരാജ്യങ്ങളിൽ പ്രചരിപ്പിക്കുന്ന അംബാസഡർമാരാണ് പ്രവാസികൾ.
എന്നാൽ പ്രവാസികളെയും പ്രവാസി പ്രശ്നങ്ങളെയും വേണ്ടത്ര ഗൗരവത്തിൽ കാണാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. പ്രവാസി വോട്ടവകാശം എന്നത് ഇന്നും ഒരു സ്വപ്നമായി തന്നെ നിൽക്കുകയാണ്. കോടതി ഇടപെടലുകൾ ഉണ്ടായിട്ടുപോലും, സാങ്കേതികവിദ്യ വികസിച്ച ഈ കാലഘട്ടത്തിൽ പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നതിൽ മുന്നോട്ട് പോകാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. അടുത്തവർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തിൽ പ്രവാസികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവരണമെന്ന് വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. വിമാന യാത്ര ടിക്കറ്റിന്റെ മറവിൽ പ്രവാസികൾ കൊള്ളയടി ക്കപെടുകയാണ്. കൂടുതൽ പ്രവാസികൾ യാത്ര ചെയ്യുന്ന സീസണുകളിൽ വിമാന കമ്പനികൾ നടത്തുന്നത് പകൽ കൊള്ളയാണ് . ഇത് പരിഹരിക്കാൻ ഗൾഫ് സെക്ടറിലേക്കുള്ള വിമാനയാത്രക്കൂലിക്ക് സീലിംഗ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്നും പാർട്ടി പ്രസിഡണ്ട് ആവശ്യപ്പെട്ടു. ബജറ്റ് എയർലൈൻ എന്നതിന്റെ പേരിൽ സർക്കാരിൽ നിന്നും നിരവധി ആനുകൂല്യങ്ങൾ പറ്റുന്ന വിമാന കമ്പനികൾ പോലും കൂടുതൽ യാത്രക്കാറുള്ള സീസണുകളിൽ സാധാരണ വിമാനക്കൂലിയെക്കാൾ മൂന്നും നാലും ഇരട്ടിയാണ് ചാർജ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാൻ കേന്ദ്ര വ്യാമയാന മന്ത്രലയത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള ആലോചന കേന്ദ്ര ഗവൺമെന്റ് ഭാഗത്തും നടക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇത് പ്രവാസികളെ മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും തകർക്കുമെന്നും ഇത്തരം ആലോചനകളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസം ഏറെ സ്വാധീനിച്ച ഒരു സംസ്ഥാനമാണ് കേരള സംസ്ഥാനം. എന്നാൽ പ്രവാസി പ്രശ്നങ്ങളെ അതിന് അർഹിച്ച ഗൗരവത്തോടെ കാണാൻ കേരള ഗവൺമെന്റിന് സാധിച്ചിട്ടില്ല. ഒരുപക്ഷേ പ്രവാസികളുടെ പേരിൽ സമ്മേളനങ്ങൾ വിളിച്ചുചേർത്ത് സാമ്പത്തിക ധൂർത്ത് നടത്തുന്നു എന്നതല്ലാതെ പ്രവാസി പ്രശ്നങ്ങളെ കാര്യക്ഷമമായി അഡ്രസ് ചെയ്യുന്നതിലും പ്രവാസ ലോകത്ത് മാറിവരുന്ന തൊഴിൽ പ്രതിസന്ധികളെയും തൊഴിൽ നഷ്ടങ്ങളെയും അഡ്രസ്സ് ചെയ്യാനും കേരള ഗവൺമെന്റിനും സാധിച്ചിട്ടില്ല. പ്രവാസി കുടുംബങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മക്കളുടെ തുടർപഠനം എന്നതാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ പ്രവാസി യൂണിവേഴ്സിറ്റികൾ സ്ഥാപിക്കണമെന്ന് ആവശ്യം കേരള സർക്കാർ ഗൗരവത്തിൽ കാണണം. അവിടെ പ്രവാസി വിദ്യാര്ഥികൾക്ക് സാധരണ ഫീസിൽ പഠിക്കാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാവണം. മെഡിക്കൽ സീറ്റുകളിൽ ഉൾപ്പെടെ എൻആർഐ കോട്ട എന്ന പേരിൽ നടക്കുന്ന ഫീസ് കൊള്ള അവസാനിപ്പിക്കണം. എൻ ആർ ഐ റിസർവേഷനിൽ വിദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് സാധാരണ ഫീസിൽ പഠിക്കാൻ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഗവൺമെന്റ് കീഴിലുള്ള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതികൾ ഗൾഫ് രാജ്യങ്ങളിലും കൂടി വ്യാപിപ്പിച്ച് നാട്ടിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള അറിവും പരിശീലനവും വിദേശങ്ങളിലെ മലയാളികൾക്കും നൽകണം. ഗൾഫിലെ അനുഭവ പരിചയവും കേരളത്തിന്റെ സാധ്യതയും സർക്കാർ പരിശീലനം ലഭിക്കുമ്പോൾ പ്രവാസികൾക്ക് നാട്ടിൽ ചെറിയ ചെറിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നും അത് സംസ്ഥാനത്തിന്റെ വികസനത്തിൽ വലിയ പങ്കുവയ്ക്കുമെന്നും അദ്ദേഹം.
പ്രവാസികൾക്കായി നിരവധി സ്ഥാപനങ്ങളും സംരംഭങ്ങളും കേരള ഗവൺമെന്റ് കീഴിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാർ ഓഡിറ്റ് നടത്തി കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികൾക്കായുള്ള പല ബോഡികളിലും നടക്കുന്ന നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങളാണ്. അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്ള പ്രവാസികളെ നിയമിച്ച് വിവിധ ബോഡികൾ കൂടുതൽ കാര്യക്ഷമാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ റസാഖ് പാലേരി (വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ),
മുനീഷ് എ സി (കൾച്ചറൽ ഫോറം പ്രസിഡന്റ്), ഷാനവാസ് ഖാലിദ് (വൈസ് പ്രസിഡന്റ്), റബീഹ്സമാൻ (മീഡിയ കൺവീനർ).