ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ യാത്രക്കാരായി കൊണ്ടുപോകാന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. AI ക്യാമറകൾ തത്സമയമാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തീരുമാനം. എളമരം കരീം അയച്ച കത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നാണ് എളമരം കരീം ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കേന്ദ്രം നിരാകരിച്ചു.
എഐ ക്യാമറകൾ ഉപയോഗിച്ച് ജൂൺ അഞ്ചാം തീയതി മുതൽ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണം എന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
എന്നാൽ, കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ നാളെ മുതൽ പിഴ ഈടാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഗതാഗത മന്ത്രി ഇന്ന് വൈകിട്ട് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.