ഇന്ത്യയുടെ വിദേശ നാണ്യത്തിന്റെ നട്ടെല്ലായ ഗള്‍ഫ് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന വരുമാനത്തിന്റെ ആനുപാതികമായൊരു പരിഗണനയും സര്‍ക്കാര്‍ തലത്തിലോ അല്ലാതെയോ അവര്‍ക്ക് തിരിച്ച് ലഭിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ഐ.സി.സി അശോക ഹാളില്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫോറം വാര്‍ഷികാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ക്ഷേമത്തിനായി എന്ന പേരില്‍ കൊട്ടിഘോഷിച്ച് വര്‍ഷം തോറും കൊണ്ടാടുന്ന പ്രവാസി ഭാരതീയ ദിവസിലും ലോക കേരള സഭയിലും ഏത് പ്രവാസി പ്രശങ്ങൾക്കാണ് പരിഹാരം കണ്ടതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ലോക കേരള സഭയെ കുറിച്ച് വ്യാപക ആക്ഷേപങ്ങള്‍ ഉയരുന്ന പാശ്ചാത്തലത്തില്‍ ഓഡിറ്റിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൈയ്യടികള്‍ കിട്ടുന്ന പ്രഖ്യാപനങ്ങളല്ല പ്രവാസികള്‍ക്ക് വേണ്ടത് ഉപകാരപ്രദമായ നടപടികളാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് സൗജന്യ വിമാനമുൾപ്പടെയുള്ള സേവനങ്ങള്‍ നല്കിയ കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും സേവനത്തിന്റെയും കരുതലോടെയുള്ള ചേര്‍ത്ത് നിര്‍ത്തലിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പ്രവാസമണ്ണില്‍ ഒന്നാമതായി നിലകൊള്ളാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പൗരത്വമുപേക്ഷിക്കുന്നവര് ഓരോ വര്‍ഷവും വർദ്ധിച്ചു വരുന്നതും യുവാക്കളെ രാജ്യത്ത് ആകര്‍ഷിച്ച് നിര്‍ത്താന്‍ കഴിയാത്തതെന്തെന്നും സര്‍ക്കാര്‍ ഗൗരവത്തില്‍ ആലോചനക്ക് വിധേയമാക്കണം. അത്തരം ഉല്പാദനക്ഷമമായ ചിന്തകള്‍ക്ക് ഊര്‍ജ്ജം ചിലവഴിക്കാതെ വിദ്വേഷ രാഷ്ട്രീയം ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമാകുന്നത് ജനാധി പത്യത്തെ ദുര്‍ബ്ബലപ്പെടുത്തും . അനുദിനം മലീമസമായി കൊണ്ടിരിക്കുന്ന ഇന്ത്യയിലെ സാമൂഹികാന്തരീക്ഷം ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ ശുദ്ധീകരിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പുള്ള തട്ടിക്കൂട്ട് സംവിധാനങ്ങള്‍ക്ക് ജനങ്ങളൂടെ വിശ്വാസ്യത ആര്‍ജ്ജിക്കാനാവില്ല. ദീര്‍ഘകാല പദ്ധതികളും പൊതുമിനിമം പരിപാടികളും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് അദ്ധ്യക്ഷത വഹിച്ചു. 9 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് ഏതൊരു മലയാളിക്കും ഖത്തറില്‍ അവലംഭിക്കാന്‍ കഴിയുന്ന സംഘമായി കള്‍ച്ചറല്‍ ഫോറം മാറിയിട്ടുണ്ടെന്ന് പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഖത്തറില്‍ ആദ്യമായെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയെ വിവിധ ജില്ലാക്കമ്മറ്റികള്‍ ഉപഹാരങ്ങള്‍ നല്കി സ്വീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളിലേക്ക് മൂന്ന് വീടുകള്‍, ആംബുലന്‍സ് തുടങ്ങിയവ സമര്‍പ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ ലോഗോ ഡിസൈന്‍ ചെയ്ത ബാസിത് ഖാനെ ചടങ്ങില്‍ ആദരിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന് സ്വാഗതവും ജനറല്‍ സെക്രട്ടറി താസീന്‍ അമീന് നന്ദിയും പറഞ്ഞു. കലാ സാംസ്ക്കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗാന സന്ധ്യയും അരങ്ങേറി. ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, മുഹമ്മദ് റാഫി, സജ്ന സാക്കി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറിമാരായ സഞ്ജയ് ചെറിയാന്, കെ.ടി. മുബാറക്, അഹമ്മദ് ഷാഫി, ഉപദേശക സമിതിയംഗം സുഹൈല്‍ ശാന്തപുരം, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സാദിഖ് ചെന്നാടന്‍, അനീസ് മാള, ഇദ്രീസ് ഷാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു.