തിരുവനന്തപുരം: രക്ഷിതാക്കൾക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ എഐ ക്യാമറകൾ ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്താൻ തുടങ്ങുന്ന സാഹചര്യത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബൈക്കിൽ യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കാണില്ലെന്ന് ആന്റണി രാജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര തീരുമാനം ലഭിക്കാനുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളും. നിയമങ്ങളിൽ ഭേദഗതികൾ വരുത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ എഐ ക്യാമറകൾ പിഴ ഈടാക്കി തുടങ്ങുമെന്നും ആന്റണി രാജു വ്യക്തമാക്കി.
ഹെൽമെറ്റ്- സീറ്റ്ബെൽട്ട് എന്നിവ ധരിക്കാതിരിക്കുക, വാഹമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക തുടങ്ങി എല്ലാ നിയമലംഘനങ്ങൾക്കും പിഴയുണ്ട്. അതുകൊണ്ടുതന്നെ ആളുകൾ നിയമങ്ങൾ കൃത്യമായി പാലിക്കണം. ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പ്രതിവർഷം 161 റോഡ് അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് പരിഹരിക്കുകയാണ് എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നൈറ്റ് വിഷൻ ഉൾപ്പെടെയുള്ള മികച്ച ക്യാമറ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറ സംവിധാനം വിദഗ്ധ സമിതി പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 692 ക്യാമറകളാണ് പ്രവർത്തിക്കുന്നത്. കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് ആന്റണി രാജു പറഞ്ഞു.