എടത്വ: തലവടി വെള്ളക്കിണർ ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ (71)യുടെ മരണം ഒരു നാടിൻ്റെ നൊമ്പരമായി മാറി. രാവിലെ പെയ്തിറങ്ങിയ മഴയെ അവഗണിച്ചാണ് രാഷ്ട്രീയ- സാംസ്ക്കാരിക – സാമൂഹിക – വ്യാപാരി- വ്യവസായി – സഭ രംഗത്തെ നിരവധി പേർ എത്തി അന്തിമോപചാരം അർപ്പിച്ചത്. നാട്ടുകാരുടെ പ്രിയപ്പെട്ട ബാബുച്ചായനെ അവസാനമായി യാത്ര മൊഴി ചൊല്ലുവാൻ നിരവധി പേർ എത്തിയത് മൂലം സംസ്ക്കാര ചടങ്ങുകൾ മുൻ നിശ്ചയിച്ചതിലും വൈകിയിരുന്നു.
വഴിയും യാത്രസൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആണ് ബാബുച്ചായൻ്റെ പിതാവ് വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നുവന്നത്. ഗതാഗത സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് വ്യാപാരത്തിനായി വസ്ത്രങ്ങൾ എത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് മൂന്നു വർഷം 1944-ൽ ആണ് ബാബുച്ചായൻ്റെ പിതാവ് മണക്ക് പുത്തൻപറമ്പിൽ എം.സി ചാക്കോ വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നു വരുന്നത്. നീരേറ്റുപുറത്തായിരുന്നു ആദ്യത്തെ കട. പിന്നീട് വീടിനോട് ചേർന്ന്
വെള്ളകിണറിലേക്ക് മാറുകയായിരുന്നു. എം.സി ചാക്കോയുടെ 4 പെൺമക്കളുടെ ഏക സഹോദരനായിരുന്നു ബാബുച്ചായൻ. ഇളയ മകളുടെ പേരായ ജോളിയുടെ പേരിലാണ് കട തുടങ്ങിയത്. ജോളി കുടുംബമായി ഇപ്പോൾ അമേരിക്കയിലാണ്.
യുദ്ധകാലഘട്ടത്തിൽ തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോയി ചരക്കെടുക്കുന്നതിന് പ്രത്യേക പാസ് വേണമായിരുന്നു. അത്തരം പാസുണ്ടായിരുന്ന കുട്ടനാട്ടിലെ എകവസ്ത്ര വ്യാപാരിയായിരുന്നു എം.സി ചാക്കോ .
ബാബുച്ചായൻ്റ കലാലയ ജീവിതത്തിന് ശേഷം അതിപുരാതന കുടുംബമായ കുന്നംകുളം പുലികോട്ടിൽ വീട്ടിൽ ഡെയ്സിയെ വിവാഹം ചെയ്തു. ഇരുവരും ചേർന്ന് നടത്തിയ വസ്ത്രവ്യാപാര സ്ഥാപനം ഏവർക്കും പ്രിയപെട്ടതായിരുന്നു. വസ്ത്ര വ്യാപാര രംഗത്ത് ആധുനിക രീതികളും ,നിരവധി ബ്രാൻ്റുകളും കടന്നു വെങ്കിലും എല്ലാ തലമുറയിൽ പെട്ടവരുടെയും അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങൾ ഇവിടെ സുലഭമായിരുന്നു.
മെയ് 7ന് ശാരിരിക അസ്വസ്തത മൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 5ന് മരണം സംഭവിക്കുകയായിരുന്നു.
സംസ്ക്കാര ശുശ്രൂഷ ഇന്നലെ (ജൂൺ 7 ) സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റവ. തോമസ് കെ. ഉമ്മൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടന്നു.റവ.ഫാദർ ജിലോ മാത്യൂ നേതൃത്വം നല്കി. വിവിധ ഇടവകകളിൽ നിന്നും നിരവധി വൈദീകർ ശുശ്രൂഷയിൽ സഹകാർമ്മികത്വം വഹിച്ചു.
ജുനു, ജുബിൻ, ജിബി എന്നിവർ മക്കളും ജോജി, താരിക, സിബി എന്നിവർ മരുമക്കളും ആണ്.