അബുദാബി : യാത്രക്കാരൻ മറന്നുവെച്ച 101,463 ദിർഹം (22,80,920 രൂപ) തിരികെ നൽകിയ ദുബായ് ആസ്ഥാനമായുള്ള പാക്കിസ്താന് ഡ്രൈവറെ പൊലീസ് ആദരിച്ചു.
ഒരു റെന്റൽ ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പാക് സ്വദേശി 28 കാരനായ മുഹമ്മദ് സുഫിയാൻ റിയാദിനെയാണ് അൽ ബർഷ പോലീസ് സെന്ററിൽ സത്യസന്ധതയ്ക്ക് ആദരിച്ചത്.
ദുബായ് പോലീസ് കാണിച്ച ആദരവിന് അദ്ദേഹം നന്ദി അറിയിച്ചു.
തന്റെ ശക്തമായ കടമബോധവും ഉടമയുടെ അവകാശങ്ങളും സ്വത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ഉടൻ നടപടിയെടുക്കാനും പണം പോലീസിന് കൈമാറാനും തന്നെ പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് റിയാദ് ഊന്നിപ്പറഞ്ഞു.
പോലീസ് സേനയെ പ്രതിനിധീകരിച്ച് റിയാദിന് പ്രശംസാപത്രവും ഉപഹാരവും ലഭിച്ചു.
മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മജീദ് അൽ സുവൈദി റിയാദിനെ പ്രശംസിച്ചു.
“റിയാദിന്റെ സത്യസന്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നു. സമൂഹത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ പൊതുജനങ്ങളെ പ്രചോദിപ്പിക്കാനും കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ സുരക്ഷിതത്വവും സന്തോഷവും പ്രചരിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും സേനയ്ക്ക് താൽപ്പര്യമുണ്ട്, ”ബ്രിഗ് അൽ സുവൈദി പറഞ്ഞു.