മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിയിൽ ജനകീയ പ്രക്ഷോഭം തീർത്ത് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്. മങ്കട മണ്ഡലത്തിലെ ഹയർസെക്കന്ററി ഇല്ലാത്ത ഏക ഗവൺമെന്റ് ഹൈസ്കൂൾ ആയ മങ്കട ചേരിയം ഹൈസ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധം. പ്ലസ് വൺ അലോട്ട്മെന്റ് നടക്കുന്നതിന് മുമ്പേ മലബാർ ജില്ലകളിൽ ആവശ്യമായ സ്ഥിര ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറത്തിന് വേണ്ടത് ബെഞ്ചുകൾ അല്ല ബാച്ചുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രസിഡണ്ട് നബീൽ അമീൻ മുഖ്യപ്രഭാഷണം നടത്തി. ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർസെക്കൻഡറി ആക്കി ഉയർത്തി പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ കേരള സർക്കാർ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേരിയം ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്ക് പ്രസ്തുത വിഷയത്തിൽ നിവേദനം സമർപ്പിച്ചു. പരിപാടിയിൽ വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് സെക്രട്ടറി ജാസിം കടന്നമണ്ണ സ്വാഗതവും ചേരിയം യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
അസീസ് കടന്നമണ്ണ, അലീഫ് കൂട്ടിൽ,ഹബീബ് പിപി, സമീറ സി, നസീറ ടി, ഷൗക്കത്തലി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.