ന്യൂയോർക്ക്: രണ്ടരലക്ഷം കാഴ്ചക്കാർ അണിനിരക്കുന്ന കൂറ്റൻ യോഗത്തെ ന്യൂയോർക്കിലെ ടൈംസ്ക്വയറിൽ കേരളാ മുഖ്യൻ അഭിസംബോധന ചെയ്യും എന്ന് കൊട്ടിഘോഷിച്ചു നടത്തിയ അടി-“പൊളി” യോഗത്തിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ഇരുന്നൂറ് പേരേ കൂടാതെ കഷ്ടി നൂറോ നൂറ്റമ്പതോ മലയാളികൾ മാത്രമേ പങ്കെടുത്തുള്ളൂ എന്ന ജാള്യത മറയ്ക്കാൻ ചില മാർക്സിസ്റ് അടിമകളുടെ കേരളാ മോഡൽ ധാർഷ്ട്യത്തിനും ടൈം സ്ക്വയർ സാക്ഷ്യമായി. ഞായറാഴ്ച വൈകിട്ട് ആറിന് ശേഷം നടന്ന കവല-പ്രസംഗ സമ്മേളനത്തിൽ പുറകിലത്തെ നിരയിൽ നിന്നിരുന്ന ഏതാനും മാധ്യമ പ്രവർത്തകരുടെ നേരേയാണ് ഒരു അന്തം കമ്മിയുടെ ആക്രോശവും കയ്യേറ്റ ശ്രമവും നടന്നത്.
കേരളത്തെ കഴിഞ്ഞ ഏഴു വർഷം കൊണ്ട് വികസനത്തിന്റെ പേരിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച ഗവൺമെന്റാണ് പിണറായിയുടെ നേതൃത്വത്തിൽ മുന്നേറുന്നത് എന്ന് സാക്ഷാൽ മുഖ്യൻ തള്ളി ഉഴുതു മറിച്ചുകൊണ്ടിരുന്നപ്പോൾ കാണികളുടെ പുറകിലത്തെ നിരയിൽ ഒരു അടിമ കമ്മി മുഖ്യന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പ്ലക്കാർഡ് പൊക്കിപ്പിടിച്ച് മുഖ്യന് കീജെയ് വിളിച്ചത് ചോദ്യം ചെയ്ത ഒരു മാധ്യമ പ്രവർത്തകന്റെ നേരെയാണ് മുഷ്ടി ചുരുട്ടി ഡിക്ഷനറിയിലില്ലാത്ത പദ പ്രയോഗവുമായി പ്രസ്തുത കമ്മി കയ്യേറ്റ ശ്രമം നടത്തിയത്. മാധ്യമ പ്രവർത്തകന്റെ സമീപത്ത് നിന്നിരുന്ന അദ്ദേഹത്തിൻെറ ചില സുഹൃത്തുക്കൾ ഇടപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇതിനു ദൃക്സാക്ഷി ആയി ആ സമയത്തു അവിടെ നിന്നിരുന്ന ഫിലിപ്പ് മഠത്തിൽ ആണ് ഈ കാര്യം പിന്നീട് വെളിപ്പെടുത്തിയത്.
പ്രവാസികൾക്ക് ഒരു പ്രയോജനവും ഉണ്ടാകാത്ത ഈ ലോക ഉടായിപ്പു സഭാ യോഗം കൊണ്ട് നാട്ടിൽ നിന്നും വന്ന ചില മന്ത്രി പുങ്കവന്മാർക്കും പരിവാരങ്ങൾക്കും ഏതാനും ദിവസം നാട്ടുകാരുടെ ചിലവിൽ അമേരിക്ക ചുറ്റിക്കറങ്ങുവാൻ അവസരം ഒരുക്കി എന്നതല്ലാതെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല എന്നതാണ് സത്യാവസ്ഥ. പ്രത്യേകിച്ച് അമേരിക്കയിലും കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലും വസിക്കുന്നവർ ഭൂരിഭാഗം പേരും പ്രവാസികളല്ല പക്ഷെ കുടിയേറ്റക്കാരാണ് എന്ന വസ്തുത പോലും മനസ്സിലാക്കാതെയാണ് പ്രസ്തുത യോഗം അമേരിക്കയിൽ നടത്തിയത് എന്നതാണ് വാസ്തവം. സ്ഥിര താമസത്തിനു പൗരത്വ അവകാശം ലഭിക്കാത്ത മലയാളികളെയാണ് പ്രവാസികൾ എന്ന് വിളിക്കാനാവുക. അവരാണ് ഏതാനും വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരികെ പോയി സെറ്റിൽ ചെയ്യുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ. അമേരിക്കയിലും കാനഡയിലും മറ്റും കുടിയേറിയവർ അതാത് രാജ്യങ്ങളിൽ പൗരത്വവും സ്വീകരിച്ച് അവിടെത്തന്നെ വീടും വാങ്ങി സ്ഥിരതാമസം ആക്കുന്നവരാണ്. അവർക്ക് കുറേപേർക്ക് നാട്ടിൽ ചിലപ്പോൾ സ്ഥലവും അവരുടെ മാതാപിതാക്കളും സഹോദരങ്ങളും കാണും.
മാതാ-പിതാക്കൾ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം അവരെ കാണുവാനായി പ്രസ്തുത മലയാളികൾ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാട്ടിലേക്ക് ഹൃസ്വ സന്ദർശനം നടത്തി മടങ്ങി വരാറുണ്ട്. മാതാപിതാക്കളുടെ കാലശേഷം പലർക്കും സഹോദരങ്ങൾ നാട്ടിൽ ഉണ്ടെങ്കിലും അമ്മയോടും അപ്പനോടും കാണിച്ചിരുന്നത്ര താല്പര്യമൊന്നും സഹോദരങ്ങളെ സന്ദർശിക്കാൻ അധികം മലയാളികളും കാണിക്കാറില്ല എന്നതാണ്. പരാമർധം. അങ്ങനെയുള്ളപ്പോൾ നാട്ടിലേക്കു മടങ്ങി വരുന്ന പ്രവാസികൾക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഏർപ്പെടുത്തുമെന്നും അവരെ സംരക്ഷിക്കാൻ മറ്റു പദ്ധതികൾ ഏർപ്പാടാക്കുമെന്നും മറ്റും മുഖ്യൻ അമേരിക്കയിലെ ലോക സഭാ സമ്മേളനത്തിൽ ഒരിക്കലും നടപ്പിലാക്കാത്ത പതിവ് വാഗ്ദാനങ്ങൾ നിരത്തിയിട്ട് പോയതിൽ അമേരിക്കൻ മലയാളികൾക്ക് എന്ത് പ്രയോജനം എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. കോവിഡിന് മുമ്പ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി അവിടുത്തെ ഒരു യോഗത്തിൽ പ്രവാസികൾക്കായി ധാരാളം പ്രൊജെക്ടുകളും പുനരധിവാസ-പെൻഷൻ വാഗ്ദാനങ്ങളും വാരിവിളമ്പി നൽകിയിട്ട് കോവിഡ് കാലത്ത് ഇതേ പ്രവാസികൾ ജോലി നഷ്ടപ്പെട്ടും അസുഖം ബാധിച്ചും മറ്റും നാട്ടിലേക്ക് മടങ്ങിയപ്പോൾ അവരെ എങ്ങനെയാണ് നാട്ടിലുള്ളവർ സ്വീകരിച്ചത് എന്നതും പെട്ടെന്ന് ആരും മറന്നു കാണുവാൻ സാദ്ധ്യതയില്ല.
അമേരിക്കയിലും കാനഡയിലും അതുപോലുള്ള മറ്റു പല രാജ്യങ്ങളിലും കുടിയേറി പൗരത്വം സ്വീകരിച്ച് സ്ഥിരതാമസം ആക്കിയിരിക്കുന്ന മലയാളികൾക്ക് അവർ താമസിക്കുന്ന വിദേശ രാജ്യത്ത് എന്തെങ്കിലും വിപത്തുകൾ സംഭവിച്ചാൽ ഇവിടെ വന്നു പ്രസംഗിച്ചു പോയ മുഖ്യനോ മറ്റ് മന്ത്രിമാർക്കോ കൂടെ വന്ന് അമേരിക്ക ആസ്വദിച്ചു പോയ പരിവാരങ്ങൾക്കോ എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമോ? അതേസമയം ഈ കുടിയേറ്റ മലയാളികൾക്ക് നാട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഇവിടെ വന്ന് നമ്മുടെ ആഥിത്യം ഏല്ലാം സ്വീകരിച്ച് പണവും പിരിച്ച് തിരികെ പോകുന്ന രാഷ്ട്രീയ നേതാക്കൾ ഏതെങ്കിലും വിധത്തിൽ നമ്മെ നാട്ടിൽ സഹായിക്കുമോ? അതുമില്ല. നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ചോദിച്ച് ഇവറ്റകളുടെ അടുത്ത് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചാൽ കഴിവതും എന്തെങ്കിലും ഒഴിവുകൾ പറഞ്ഞു ഈ നേതാക്കന്മാർ നമ്മെ ഒഴിവാക്കാൻ ശ്രമിക്കും. അവരുടെ കാഴ്ചപ്പാടിൽ ഈ വിദേശ മലയാളിക്ക് നാട്ടിൽ വോട്ടവകാശം ഇല്ലാത്തതിനാൽ അവർക്കു വോട്ടു ചെയ്യുന്ന നാട്ടുകാർക്ക് അനുകൂലമായി മാത്രമേ കാര്യങ്ങൾ നടത്തൂ. അത്തരം ഒരു സ്ഥിതിയിൽ പ്രവാസികൾ എന്ന് അറിയപ്പെടുന്ന വിദേശ കുടിയേറ്റക്കാർക്ക് ഇത്തരം ലോക സഭാ സമ്മേളനങ്ങൾ കൊണ്ട് എന്ത് പ്രയോജനം? ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഇവിടെയുള്ള മലയാളികൾ പലരും മുൻകൂട്ടി എഴുതിക്കൊടുത്ത് ചോദിച്ച ചോദ്യങ്ങൾക്കു പോലും മറുപടി നൽകാൻ മുഖ്യനോ മറ്റാരെങ്കിലുമോ തയ്യാറായില്ല എന്നാണ് പങ്കെടുത്ത ചിലരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ടൈം സ്ക്വയറിലെ സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളിൽ നാൽപ്പതു ശതമാനത്തോളം പേരും വലതുപക്ഷ ചിന്താഗതി ഉള്ളവരായിരുന്നു എന്നതാണ് സത്യാവസ്ഥ. അതിൽ ചില പ്രമുഖർ ഏതു രാഷ്ട്രീയ നേതാവ് വന്നാലും മുൻ പന്തിയിൽ കയറി നിൽക്കുന്നവരാണ്. രണ്ടാഴ്ച മുമ്പ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ന്യൂയോർക്കിൽ വന്നപ്പോൾ മുൻ പന്തിയിൽ നിന്നിരുന്ന ചില കോൺഗ്രസ്സ് നേതാക്കളെ മുഖ്യനൊപ്പം മുൻ പന്തിയിലും കാണുവാൻ സാധിച്ചു എന്നത് ഇരട്ടി മധുരം നൽകുന്നു. അത്തരം പ്രാഞ്ചികൾ നീണാൾ വാഴട്ടെ. ഏതാനും ചില വലതു പക്ഷ അനുഭാവികൾ കറുപ്പിനോട് അലർജിയുള്ള മുഖ്യനെ എതിരേൽക്കാൻ കറുത്ത വസ്ത്രങ്ങൾ ധരിച്ച് ടൈം സ്ക്വയർ സമ്മേളനത്തിൽ സന്നിഹിതരായി എന്നതും ശ്രേദ്ധേയമായി. അവരെ തടയാനായോ കരുതൽതടങ്കലിൽ ഇടുവാനായോ കേരളാ പോലീസ് എത്താഞ്ഞതിനാൽ അവർക്ക് സസുഖം സ്വന്തം വീട്ടിൽ തിരികെയെത്തി ഉറങ്ങുവാൻ സാധിച്ചു.
നാട്ടിൽ നിന്നും ഏതു നേതാക്കൾ സന്ദർശനാർദ്ധം അമേരിക്കൻ പ്രദേശങ്ങളിൽ എത്തിയാലും അവരെ സ്വീകരിക്കുക അവരോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ ഇടുക എന്നതൊക്കെ മലയാളികളുടെ അതിഥി സൽക്കാര സംസ്കാരത്തിന്റെ ഭാഗമാണ്. അതിനാൽ ലോക കേരള സഭാ സമ്മേളനം വളരെ വിജയമായി എന്ന് ഇടത് സഖാക്കൾ സ്വയം അഭിമാനിക്കുന്നെങ്കിൽ അവർ സ്വയം അതിൽ സായൂജ്യമടയട്ടെ. ഇങ്ക്വിലാബ് സിന്താബാദ്.