പറവൂർ: കേരളത്തെ ജനാധിപത്യവത്കരിച്ച നവോത്ഥാന ചരിത്രം അപഹരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. “ഒന്നിപ്പ്” സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി പറവൂരിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ ചരിത്രത്തിലെ നവോത്ഥാനത്തിന്റെ ഉള്ളടക്കം മേധാവിത്വങ്ങളോടും അധീശത്വങ്ങളോടും മൂടുറച്ച പൊതുബോധങ്ങൾക്കുമെതിരായ പോരാട്ടങ്ങളും ജനകീയ മുന്നേറ്റങ്ങളും സാമൂഹിക പരിവർത്തനങ്ങളുമായിരുന്നു എന്നും സമൂഹം ഇന്നനുഭവിക്കുന്ന ജനാധിപത്യത്തെ ആകൃതിപ്പെടുത്തിയതും ശക്തിപ്പെടുത്തിയതും അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. സവർണ്ണ ഹിന്ദുത്വ വംശീയത അടക്കമുള്ള പുതിയ കാലത്തെ സാമൂഹ്യ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ നവോഥാന പാഠങ്ങൾ പ്രചോദനമാകണമെന്നും ദലിതരും മുസ്‌ലിംകളും ആദിവാസികളും മറ്റു മത ന്യൂനപക്ഷങ്ങളും സ്ത്രീകളും ഭാഷാ ന്യൂനപക്ഷങ്ങളും ദരിദ്രരുമടങ്ങുന്ന സവർണ്ണ വംശീയതയുടെ ഇരകളെ തന്നെ സ്വാംശീകരിക്കാനുള്ള സംഘ് പദ്ധതികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് സദക്കത്ത് കെ.എച്ച്. അധ്യക്ഷത വഹിച്ചു. SC/ST സംരക്ഷണ മുന്നണി ചീഫ് കോർഡിനേറ്റർ വി.എസ്. രാധാകൃഷ്ണൻ, സി ആർ നീലകണ്ഠൻ, ദലിത് സർവീസ് സൊസൈറ്റി ജില്ല സെക്രട്ടറി പി പി സന്തോഷ്, വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ല വൈസ് പ്രസിഡൻ്റ് രമണി കൃഷ്ണൻകുട്ടി, പറവൂർ മണ്ഡലം പ്രസിഡൻ്റ് എം.യു. ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.