കളമശ്ശേരി: കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ച് പഴ്സും മൊബൈല്‍ ഫോണും കവര്‍ന്ന സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു.
തിരുവനന്തപുരം ആറ്റിങ്ങൽ മുടക്കൽ വൈശാഖം വീട്ടിൽ രാഹുൽ (39), സഹോദരൻ രാജേഷ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരടങ്ങുന്ന സംഘത്തിലുള്ളവരായിരുന്നു ഇവര്‍.
വെള്ളിയാഴ്ച രാത്രി 11.30നാണ് കിന്‍ഡര്‍ ആശുപത്രിയുടെ മുന്പില് വെച്ചായിരുന്നു പുത്തന്‍കുരിശ് സ്വദേശിയായ യോഹന്നാന് മർദനമേറ്റത്. ഒരുമാസം മുമ്പ് യോഹന്നാന് ജോലി ചെയ്തിരുന്ന ചമ്പക്കരയിലുള്ള വിന്‍സെന്റ് എന്നയാളുടെ കുടിവെള്ള വിതരണ സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് പറയപ്പെടുന്നു.
കുമ്പളത്തെ ഒരു പ്രമുഖ ഹോട്ടലിലെ കുടിവെള്ള വിതരണം നിന്നുപോകാന്‍ കാരണക്കാരന്‍ യോഹന്നാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യോഹന്നാനെ വിദഗ്ധ ചികിത്സക്കായി ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.