കൊച്ചി: ലേക് ഷോർ ആശുപത്രിയിലെ അവയവക്കടത്ത് മാഫിയക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റാന്‍ നിർത്തിയ പ്രവർത്തകര്‍ക്കു നേരെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്.
പോലീസ് മർദ്ദനത്തിൽ ബോധരഹിതനായ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ കോളറിനുൾപ്പെടെ പോലീസ് പിടിച്ചുവലിച്ചു. വനിതാ പ്രവർത്തകരെ ഉൾപ്പെടെയാണ് പോലീസ് വളഞ്ഞിട്ട് തല്ലിയത്. വൻ പോലീസ് സന്നാഹമാണ് പ്രതിഷേധം നേരിടാൻ സ്ഥലത്തുണ്ടായിരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉൾപ്പടെയുളള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ തുടങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ലാത്തിച്ചാർജും. പ്രവർത്തകരെ മർദിച്ചതിനെ സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തതോടെ പോലീസിന് രോഷാകുലരായി. അബോധാവസ്ഥയിലായ പ്രവര്‍ത്തകനെ കൈയ്യിൽ പിടിച്ച് പോലീസ് വലയത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ ലാത്തി വീശിയ പോലീസുകാർ ഷർട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ചിഴച്ചു.
ഇതിന് പിന്നാലെയാണ് പോലീസ് വാഹനത്തിനുളളിലേക്ക് കയറാൻ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുവന്ന പ്രവർത്തകരെ വീണ്ടും ലാത്തി വെച്ച് മർദ്ദിച്ചത്. സംഭവത്തിൽ യുവമോർച്ച എല്ലായിടങ്ങളിലും വൈകിട്ട് പ്രതിഷേധം നടത്തി. പിറവം മണ്ഡലത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ വി എസ് സത്യൻ ഉദ്ഘാടനം ചെയ്തു.
അങ്കമാലിയിലും പ്രതിഷേധ പ്രകടനം നടന്നു. മൂവാറ്റുപുഴ വെള്ളൂർക്കുന്നിൽ നിന്ന് മണ്ഡലം പ്രസിഡന്റ് വിഷ്ണുജിത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബിജെപി മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹൻ ഉദ്ഘാടനം ചെയ്തു.