ദോഹ : ഗൾഫ് സെക്ടറിൽ നില നിൽക്കുന്ന അമിതമായ വിമാന യാത്ര നിരക്ക് ലക്ഷക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും അരക്ഷിതമാക്കുന്നതാണെന്ന് പ്രവാസി സംഘടനകളും വിവിധ ജില്ലാ – പ്രാദേശിക കൂട്ടായ്മകളും സാമൂഹിക-സാംസ്കാരിക-മാധ്യമ – ബിസിനസ് രംഗങ്ങളിലെ പ്രമുഖരും ഒപ്പു വെച്ച സംയുക്ത പ്രസ്താവന അഭിപ്രായപ്പെട്ടു. ഓണം , പെരുന്നാൾ, ക്രിസ്മസ് ആഘോഷ വേളകളിലും വേനലവധിക്ക് സ്കൂളുകൾ അടക്കുന്ന സമയത്തും വലിയ പ്രവാസി ചൂഷണമാണ് എയർലൈൻ കമ്പനികൾ നടത്തുന്നത്.
കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതും അയാട്ടക്ക് കീഴിലെ ട്രാവല്‍ ഏജന്‍സികള്‍ അമിത വിലക്ക് വില്‍ക്കാനായി സീസണുകളില്‍ നേരത്തെ തന്നെ ഗ്രൂപ്പ് ടിക്കറ്റുകള്‍ എടുക്കുന്നതും ദുരിതത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചൂഷണത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.
തൊഴിൽ തേടി വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിവിധ വിദേശരാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ വർദ്ധനവിന്റെ തോതനുസരിച്ച് ആ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസിന്റെ സീറ്റ് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും കണ്ണൂർ ഇൻറർ നാഷണൽ എയർപോർട്ടിൽ നിന്നുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾ എയർപോർട്ട് കപ്പാസിറ്റിക്കനുസരിച്ച് വിപുലപ്പെടുത്തണമെന്നും പ്രസ്താവന തുടർന്നു.
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം ഇന്റർ നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിലും എയർലൈൻ കമ്പനികളിലും നിക്ഷിപ്തമാണെന്നിരിക്കെ ആ തലത്തിൽ സമ്മർദ്ദം ശക്തമാക്കുന്നതിനുതകും വിധം ഇന്ത്യൻ വ്യാമയാന മന്ത്രാലയവും ഡി.ജി സി.എയും വിഷയത്തിൽ ഇടപെടേണ്ടതുണ്ട്.
രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളുടെ യാത്രാപ്രശ്നം മറ്റ് കാര്യങ്ങളിലെന്ന പോലെ അവര്‍ തന്നെ പിരിവെടുത്ത് പരിഹരിക്കപ്പെടേണ്ട ഒന്നല്ല. എല്ലാ വര്‍ഷവും അവധിക്കാലത്തേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്താനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം. ടിക്കറ്റ് നിരക്കിന് പരിധി നിര്‍ണയിക്കണം. ഇതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരികയും ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ ഡി.ജി.സി.എ ക്ക് നിയന്ത്രണമുള്ളത് പോലെ അന്താരാഷ്ട്ര സർവീസുകളിലും നിയന്ത്രണം കൊണ്ടു വരാൻ കഴിയും വിധം നിയമ നിർമണം നടത്തുകയും വേണം എന്നും പ്രസ്താവന ആവശ്യപ്പെട്ടു.
1953 ലെ എയർ കോർപറേഷൻ ആക്റ്റ് റദ്ദാക്കിയ ശേഷം ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള സർവാധികാരവും എയർലൈൻ കമ്പനികൾക്ക് ലഭിച്ചതോടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി വലിയ ചൂഷണത്തിനാണ് പ്രവാസി ഇന്ത്യക്കാർ ഇരയാക്കപ്പെടുന്നത്.
എയർ കോർപറേഷൻ ആക്ടിന് കീഴിൽ എയർ ട്രാൻസ്പോർട്ട് കൗൺസിലിന് നിരക്ക് നിയന്ത്രണാധികാരമുണ്ടായിരുന്നത് പോലെ ന്യായയുക്തമായ നിരക്കിനപ്പുറത്തേക്ക് കടക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ പുതിയ ചട്ടങ്ങൾ ഉണ്ടാക്കുകയും റഗുലേറ്ററി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രൂപീകരിക്കുകയുമാണ് വേണ്ടത് എന്നും പ്രസ്താവന തുടർന്നു.
ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാൻ, അഡ്വ. നിസാർ കോച്ചേരി, പി എൻ ബാബുരാജൻ, ഹൈദർ ചുങ്കത്തറ ( ഇൻകാസ് ഖത്തർ ), മുനീഷ് എ സി (കൾച്ചറൽ ഫോറം), എ. വി അബൂബക്കർ അൽഖാസിമി ( കേരള കൾച്ചറൽ സെന്റർ), ഖാസിം ടി കെ (സി ഐ സി ഖത്തർ ), അജിത് പിള്ള, (യുവകലാസാഹിതി), ഓമനക്കുട്ടൻ ( ഇന്ത്യൻ മീഡിയ ഫോറം ), കെ എൻ സുലൈമാൻ മദനി (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഷാജി ഫ്രാൻസിസ് (വൺ ഇന്ത്യ), മുനീർ സലഫി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ), അബ്ദുൽ ഗഫൂർ ( തൃശ്ശൂർ ജില്ല സൗഹൃദവേദി), നഹ്യാ ബീവി (വിമൻ ഇന്ത്യ ഖത്തർ), സി താജുദ്ധീൻ ( ഫ്രണ്ട്സ് ഓഫ് തൃശൂർ), ഫരീദ് തിക്കോടി (ഗപാക്) എസ് എസ് മുസ്തഫ (യൂത്ത് ഫോറം), ഹമദ് ബിൻ സാദിഖ്- (ഫോക്കസ് ഖത്തർ), കെ സി അബ്ദുല്ലത്തീഫ്, ബഷീർ തുവാരിക്കൽ, സകരിയ മണിയൂർ, സജ്ന സാക്കി -നടുമുറ്റം, സന്തോഷ് കണ്ണം പറമ്പിൽ (ഖത്തർ മലയാളീസ്), സമീൽ അബ്ദുൽ വാഹിദ് (ചാലിയാർ ദോഹ), നാസറുദ്ധീൻ (സ്കിയ ഖത്തർ), മുർഷിദ് മുഹമ്മദ് (അടയാളം ഖത്തർ), സുരേഷ് കരിയാട് (വേൾഡ് മലയാളി കൗൺസിൽ), നിഖിൽ (നോർവ ഖത്തർ) മജീദ് അലി (കേരള എന്റർപ്രണേഴ്സ് ക്ലബ്), റഹിം വേങ്ങേരി (കോഴിക്കോട് പ്രവാസി അസോസിയേഷൻ ), മുഹമ്മദ് നൗഷാദ് അബു (കുവാക്, കണ്ണൂർ ), രജിത് കുമാർ മേനോൻ (പാലക്കാടൻ നാട്ടരങ്ങ്), അഡ്വ. മുഹമ്മദ് ഇഖ്ബാൽ (മാക് ഖത്തർ), ഹാൻസ് ജേക്കബ് (ഫിൻക്), മിനി സിബി (യുണീക്), ബിനി വിനോദ് (കേരള വുമൺസ് ഇനിഷേറ്റീവ് ), മുജീബ് എം കെ ( ഖിയ ഖത്തർ), ഷഹന ഇല്യാസ് (മലബാർ അടുക്കള), മുഹമ്മദ് ഇസ്മായിൽ (മാപ് ഖത്തർ), താഹ വലിയവീട്ടിൽ (കിംസ് കോട്ടയം), സുഹൈൽ കൊന്നക്കോട്ട് (ഇന്ത്യൻ ഫർമസിസ്റ്റ് അസോസിയേഷൻ), ഷഹീൻ മേപ്പാട്ട് (കേരള ഗ്ലോബൽ പ്രവാസി), അബ്ദുറഹ്മാൻ സുൽത്താൻ (ചക്കരക്കൂട്ടം), ജാഫർ കൊല്ലത്തൊടി(എ പി എ ക്യു), സൈനുദ്ധീൻ- (കെപ് വ ഖത്തർ) ബിസ്മിൽ ( എയിസ് ചുങ്കത്തറ ), മുഹമ്മദ് ഇല്ല്യസ് ചോലക്കൽ ( എം എ. എം ഒ അലുംനി ), ഫൈസൽ പുളിക്കൽ- (പട്ടാമ്പി കൂട്ടായിമ) ഷാജുദ്ധീൻ ഹൈദർ മൂപ്പൻ ( ആലത്തൂർ മുസ്ലിം ജമാഅത്ത്), ജലീൽ കരുവന്നൂർ (കരുവന്നൂർ മഹല്ല് അലുംനി) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.