എറണാകുളം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. 2013ൽ അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടിരുന്നു. അന്നുമുതൽ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ബന്ധുക്കൾക്ക് കൈമാറും. ഇന്ന് വൈകീട്ടാണ് സംസ്കാരം. രാവിലെ 10 മുതൽ 12 വരെ എറണാകുളം ഡിസിസി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കലൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാല് മണിയോടെ പച്ചാളം ശ്മശാനത്തിലാകും മൃതദേഹം സംസ്കരിക്കുക.
നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ അദ്ദേഹം നാലു തവണ എംഎൽഎ ആയിട്ടുണ്ട്. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഒരു തവണ വീതവും ഞാറക്കലിൽ നിന്ന് രണ്ട് തവണയും വിജയിച്ചു. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായിരുന്നു. കെപിസിസി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.