എടത്വാ: പ്രളയത്തിൽ തകർന്ന എടത്വാ സബ് പോസ്റ്റോഫീസ് കെട്ടിട നിർമ്മാണത്തിൽ പാളിച്ച. പ്രതിഷേധവുമായി രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക്ക സംഘടനകൾ രംഗത്ത്.
ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷിൻ്റെ ഇടപെടൽ മൂലം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്വന്തം സ്ഥലത്ത് 650 ചതുരശ്ര അടിയിൽ ഒറ്റനില കെട്ടിടം നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപ കേന്ദ്ര പോസ്റ്റൽ ഡയറക്റ്ററേറ്റ് അനുവദിച്ചിരുന്നു. വെള്ളപ്പൊക്കമോ, പേമാരിയോ ബാധിക്കാത്ത തരത്തിൽ 12 തൂണുകളിലായി റോഡ് നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിലാണ് ഒറ്റനില കെട്ടിടം പണിയുന്നത്. പൈലിംഗ് നടത്തി അടിത്തട്ട് കോൺക്രീറ്റ് ചെയ്ത് ബലവത്തായി പണിയുന്ന ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂര ചരിച്ചാണ് വാർക്കുന്നത്. ലക്ഷങ്ങൾ ചിലവഴിച്ച് പണിയുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഫ്ലാറ്റായി വാർത്താൽ അടുത്ത നില പണിയാൻ കഴിയുമെന്നിരിക്കെ വിചിത്രമായ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്.
എടത്വയിൽ നിരവധി സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഡിപ്പാർട്ട്മെന്റിന്റെ വിചിത്ര നിർമ്മാണം. ഇരുനിലയിൽ നിർമ്മിക്കുന്ന തരത്തിൽ ഇപ്പോഴുള്ള പ്ലാനിൽ മാറ്റം വരുത്തിയാൽ മറ്റ് സർക്കാർ ഓഫീസുകളും ഇവിടേക്ക് മാറ്റാൻ കഴിയുമെന്നാണ് പൊതുജനം പറയുന്നത്.
കെട്ടിടത്തിന്റെ ഡിസൈന് അനുമതി നൽകിയ എൻജിനിയറുടെ അലംഭാവമാണ് നിർമ്മാണത്തിൽ വന്ന പാളിച്ചയെന്ന് സംഘടനകൾ ആരോപിക്കുന്നു.
പോസ്റ്റ് ഓഫീസ് കെട്ടിടത്തിൻ്റെ മേൽതട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് എടത്വാ വികസന സമിതി നിൽപ്പ് സമരം നടത്തി. നില്പ് സമരം സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അഡ്വ.ഐസക്ക് രാജു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം, വൈസ് പ്രസിഡൻ്റ് പി.ഡി രമേശ് കുമാർ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ ടി.എൻ ഗോപകുമാർ തട്ടയ്ങ്ങാട്ട്, മറ്റ് ഭാരവാഹികളായ ടി.ടി. ജോർജ് തോട്ടുകടവിൽ , അജി കോശി, ടോമിച്ചൻ കളങ്ങര, പി.വി.എൻ മേനോൻ, ഷാജി മാധവൻ ,സുനിമോൻ എ.എസ് എന്നിവർ പ്രസംഗിച്ചു.
പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊടികുന്നിൽ സുരേഷ് എം.പിക്കും, തിരുവല്ല ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ടിനും വികസന സമിതി നിവേദനം നൽകിയതായി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു,