ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുന്‍ എസ്‌എഫ്‌ഐ നേതാവുമായ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നിഖിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിലവില്‍ ഒളിവിലുള്ള നിഖില്‍ സിപിഎം കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമാണ്.
പാര്‍ട്ടി അംഗത്തെ പുറത്താക്കുന്നതിന് മുമ്പ് പതിവ് നടപടിക്രമങ്ങള്‍ ഒഴിവാക്കി നിഖില്‍ തോമസിനെ ഉടന്‍ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് തോന്നിയതിനെ തുടര്‍ന്നാണ് നിഖിലിനെ ഉടന്‍ പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
കായംകുളം എംഎസ്‌എം കോളജില്‍ എംകോമിന് പ്രവേശനം നേടുന്നതിനായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കററ് നിഖില്‍ ഹാജരാക്കിയെന്നു കണ്ടെത്തിയതോടെ എസ്‌എഫ്‌ഐയും സിപിഎമ്മും ഒരേപോലെ പ്രതിരോധത്തിലായി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ മുന്‍ എസ്‌എഫ്‌ഐ നേതാവിന്റെ സഹായം നിഖിലിന് ലഭിച്ചിരുന്നതായി നിഖിലിന്റെ സുഹൃത്ത് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. വ്യാജരേഖ ചമയ്ക്കാന്‍ നിഖിലിന് സഹായം ലഭിച്ചതായി സുചനയുള്ളതിനാല്‍ കേസില്‍ കുടുതല്‍ പ്രതികള്‍ ഉശ്പ്പെടാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. നിഖിലിനെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല.