കാട്ടാക്കട: പതിനേഴുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് കാട്ടാക്കട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 10 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. വിളവൂര്‍ക്കല്‍ സ്വദേശി അഖിലിനെ (27) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്സോ കോടതി വന്നതിന് ശേഷമുള്ള ആദ്യ വിധിയാണിത്.
അഖിലിന് പത്ത് വര്‍ഷം കഠിന തടവും രണ്ട് വര്‍ഷം ലഘു തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക ഇരയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ പ്രതി 8 മാസം അധിക തടവ് അനുഭവിക്കണം.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്യിരുന്ന പെണ്‍കുട്ടിയുമായി കെഎസ്‌ആര്‍ടിസി ജീവനക്കാരനായിരുന്ന പ്രതി സൗഹൃദത്തിലായി. തുടര്‍ന്ന് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തു. ഭക്ഷണവും വസ്ത്രവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തു. മദ്യപാനിയായ പ്രതി പെണ്‍കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മര്‍ദിക്കുകയും ചെയ്തിരുന്നു എന്ന് പോലീസ് പറഞ്ഞു.