ചിക്കാഗോ: ജ്ഞാനത്തിലും പ്രായത്തിലും ദൈവീക പ്രീതിയിലും വളർന്നുവന്ന ബാലനായ യേശുവിന്റെ ജീവിത രീതി കുട്ടികൾ മാതൃകയാക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി. അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗ് സംഘടിപ്പിച്ച “എയ്ഞ്ചൽസ് മീറ്റ് – 2023” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ റീജിയണിലെ ഇടവകകളിലും മിഷനുകളിലുമായി ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളാണ് ഈ ഓൺലൈൻ സംഗമത്തിൽ പങ്കുചേർന്നത്.
ക്നാനായ റീജിയൺ വികാരി ജനറൽ ഫാ.തോമസ്സ് മുളവനാൽ ആശംസകളർപ്പിച്ചു. അമേരിക്കയിൽ നാഷണൽ യുകരിസ്റ്റിക് റിവൈവൽ കാലഘട്ടമായി ആചരിക്കുന്നതിനാൽ വിശുദ്ധ കുർബാനയെക്കുറിച്ചു സിസ്റ്റർ ജോസ്‌ലിൻ ഇടത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് എടുത്തു. ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, പ്രസിഡന്റ് സെറീന മുളയാണിക്കുന്നേൽ, സെക്രട്ടറി ജെയിംസ് കുന്നശ്ശേരി എന്നിവർ സംസാരിച്ചു.