തിരുവനന്തപുരം: മലപ്പുറം കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൂന്ന് വര്‍ഷം മുമ്പ് ചോദ്യപേപ്പര്‍ മോഷണം പോയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് ജീവനക്കാരില്‍ നിന്ന് സര്‍ക്കാരിന് നഷ്ടമായ 38,30,772 രൂപ ഈടാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.
പ്രിന്‍സിപ്പല്‍, പരീക്ഷാ ചീഫ് സൂപ്രണ്ട് ഡി ഗീത, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായ ടി മുഹമ്മദലി, കെ മഹറൂഫ്, വാച്ച്മാന് ടി അബ്ദുള്‍ സമദ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുക തിരിച്ചുപിടിക്കാനുള്ള നടപടി. പ്രിന്‍സിപ്പല്‍ ഗീതയില്‍ നിന്ന് തുക ഈടാക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഭരണവിഭാഗം നടപടി സ്വീകരിക്കും. അധ്യാപകരായ മുഹമ്മദലി ടി, മഹറൂഫ് അലി കെ, നൈറ്റ് വാച്ച്മാന് അബ്ദുള്‍ സമദ് എന്നിവരില്‍ നിന്ന് തുക തിരിച്ചുപിടിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട നല്കാന് ഹയര്‍ സെക്കന്‍ഡറി ഫിനാന്‍സ് ഓഫീസര്‍ മോഹനന് കുമാറിനെ ചുമതലപ്പെടുത്തി.
കുഴിമണ്ണ ജിഎച്ച്എസ്എസില്‍ നിന്ന് 2020 ഡിസംബര്‍ 18ന് ആരംഭിച്ച ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ ഇംഗ്ലീഷ്,
ഇക്കണോമിക്സ്, അക്കാണ്ടന്സി വിഷയങ്ങളുടെ പത്ത് പാക്കറ്റ് വീതം ചോദ്യ പേപ്പറുകളാണ് മോഷണം പോയത്. കേസ് അന്വേഷിച്ച പോലീസിന് മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.