കൊച്ചി: തോപ്പി എന്നറിയപ്പെടുന്ന യൂട്യുബര്‍ മുഹമ്മദ് നിഹാദിനെ (26) വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിനും അശ്ലീല ഗാനം ആലപിച്ചതിനും ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തെ സുഹൃത്തിന്റെ വീടിന്റെ വാതില്‍ തകര്‍ത്താണ് നിഹാദിനെ കസ്റ്റഡിയിലെടുത്തത്. ‘mrz thoppi’ എന്ന തന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം ഇതിന്റെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
പോലീസുകാര്‍ മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാനാകാതെ
വന്നതോടെ നിഹാദ് വാതിലിന്റെ താഴത്തെ ഭാഗം വഴി പോലീസിന് താക്കോല്‍ നല്കി. താക്കോല്‍ ഉപയോഗിച്ച് വാതില്‍
തുറക്കാനാകാതെ വന്നതോടെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കടന്നത്. നിഹാദ് മുറിയില്‍ നിന്ന് പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഷ്ട്രീയ കേസുകള്‍ മറച്ചുവെക്കാനും വാര്‍ത്തകള്‍ സൃഷ്ടിക്കാനുമാണ് ഇങ്ങനെ ചെയുന്നതെന്നും നിഹാദ് വീഡിയോയില്‍ ആരോപിച്ചു. നാളെ പോലീസ് സ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിഹാദിനെ വളാഞ്ചേരി കോടതിയില്‍ ഹാജരാക്കും. ഹാര്‍ഡ് ഡിസ്ക്, ലാപ്ടോപ്പ്, രണ്ട മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധ പ്രവര്‍ത്തകനുമായ സൈഫുദ്ദീന് പാടത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. തൊപ്പി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ഉച്ചത്തില്‍ അശ്ലീല ഗാനം ആലപിക്കുകയും ചെയ്തുവെന്നാണ് പരാതി.
ജൂണ്‍ 17ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് കൗമാരക്കാരാണ് പങ്കെടുത്തത്. തോപ്പിയുടെ യുട്യൂബ് ചാനലിന് ആറ് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.