തൃശൂര്‍: സംസ്ഥാനത്ത് പനി മരണങ്ങള്‍ തുടരുന്നത് ആശങ്ക പരത്തുന്നു. തൃശൂര്‍ ചാഴൂരില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരന്‍ വെള്ളിയാഴ്ച പനി ബാധിച്ച് മരിച്ചു. പാഴൂര്‍ സ്വദേശി ധനീഷ്ക് (13) ആണ് മരിച്ചത്. ജൂണ്‍ 17 മുതല്‍ കൂട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാഴൂര്‍ എസ്‌എന്‍എംഎച്ച്‌എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധനീഷ്ക്. കുട്ടിക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
അതേസമയം, തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയന്‍ മരിച്ചു. സംസ്ഥാനത്ത് പ്രതിദിനം 12,000-ത്തോളം പേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്.
പനി ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസ്സിന് താഴെയുള്ളവരാണ്. 10 ദിവസത്തിനിടെ 11,462 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചവരുടെ ആകെ എണ്ണം 1.12 ലക്ഷമാണ്.