തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ്, തുടര്‍ച്ചയായി ആക്രമിക്കുകയും കളങ്കപ്പെടുത്തുകയും ചെയുന്ന പ്രതിപക്ഷത്തിനെതിരെ പിണറായി സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന തുറന്ന രാഷ്ട്രീയ പ്രത്യാക്രമണത്തിന്റെ തുടക്കം. ചട്ടം ലംഘിച്ച് വിദേശ സംഭാവന സ്വീകരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള വിജിലന്‍സ് കേസും സര്‍ക്കാര്‍ ശക്തമാക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് സിപിഎമ്മിന് ശക്തമായ രാഷ്ട്രീയ ആയുധമാകും.
അതേസമയം, സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റേതിന് സമാനമായ ഫാസിസ്റ്റ് സമീപനമാണ് പിണറായി സര്‍ക്കാരിനും ഉള്ളതെന്നാണ് ആരോപണം. സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കെപിസിസി സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിച്ചു.
സുധാകരന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് സുധാകരന് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പുരാവസ്തു അഴിമതിയുമായി ബന്ധപ്പെട് കൈക്കൂലി വാങ്ങിയ കേസില്‍ കെപിസിസി പ്രസിഡന്റിനെ പ്രതിയാക്കി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. സുധാകരനെതിരെ ശക്തമായ ശാസ്ത്രീയവും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ആവര്‍ത്തിക്കുന്നതും കോണ്‍ഗ്രസിനെ ഇരുട്ടില്‍ തപ്പാന്‍ വഴിയൊരുക്കുന്നു.
കെ.സുധാകരനും വി.ഡി.സതീശനും എതിരായ കേസുകള്‍ ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢ ലക്ഷ്യമുണ്ടെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം, പൊതുസമൂഹത്തിലും ഇത്തരമൊരു സംശയം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാഷ്ട്രീയ നേട്ടമായി ഉപയോഗിക്കാനുള്ള പ്രചരണ പരിപാടികള്‍ക്കാണ് തീരുമാനം. ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്ന ഗ്രൂപ്പ് നേതാക്കളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് ഈ ഘട്ടത്തില്‍ ആശ്വാസമാണ്.