ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കി. പ്രോസിക്യൂഷന്‍ 14 ദിവസത്തേക്കും പ്രതിഭാഗം രണ്ടു ദിവസത്തെ കസ്റ്റഡിക്കും കോടതിയില്‍ വാദിച്ചു. നിഖില്‍ തോമസിന്റെ ജാമ്യാപേക്ഷ ജൂണ്‍ 27-ന് പരിഗണിക്കും. അതിനുമുമ്പ് 26ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിടുണ്ട്.
വിദേശത്തുള്ള സുഹൃത്താണ് തന്നെ വഞ്ചിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയുലില്‍ നിഖില്‍ വെളിപ്പെടുത്തി. സുഹൃത്തിന്റെ സഹായത്തോടെ രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെന്നായിരുന്നു നിഖിലിന്റെ മൊഴി. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെന്നും ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നും സുഹൃത്ത് പറഞ്ഞതായും നിഖില്‍ വ്യക്തമാക്കി. അതുകൊണ്ടാണ് എംകോം പ്രവേശനത്തിന് നിഖില്‍ ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ നിഖിലിന്റെ സുഹൃത്തും എസ്‌എഫ്‌ഐ മുന്‍ ഏരിയ നേതാവുമായ അബിന്‍ സി രാജിനെ പോലീസ് പ്രതിയാക്കാനാണ് സാധ്യത. ഇയാളെ മാലി ദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന നിഖില്‍ ഇന്ന് പുലര്‍ച്ചെ 12.30നാണ് പോലീസിന്റെ വലയിലായത്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് നിഖില്‍ തോമസിനെ അറസ്റ്റ് ചെയ്തത്. രാത്രി തന്നെ നിഖിലിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.