പാലക്കാട്: മലബാറിൽ രൂക്ഷമായുള്ള ഹയർ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായി ജൂൺ 27ന് നടത്തുന്ന വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ വിജയിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
രണ്ടാം അലോട്ട്മെന്റ് കൂടി വന്നിട്ടും ജില്ലയിൽ 12,000ത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല. ജില്ലയിലെ ആലത്തൂർ, മലമ്പുഴ മണ്ഡലങ്ങളിൽ ആർട്സ് ആന്റ് സയൻസ് കോളേജുകൾ പോലുമില്ല. ഇത്രയും രൂക്ഷമായ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും അലംഭാവം കാണിക്കുന്ന പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നടപടികൾക്കെതിരെ നടക്കുന്ന വിദ്യാഭ്യാസ ബന്ദ് വിജയിപ്പിക്കാൻ പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും മുന്നിട്ടിറങ്ങണമെന്നും ജില്ല സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
എസ്.എഫ്.ഐ നേതാക്കൾ അനധികൃത തൊഴിൽ, ബിരുദ സമ്പാദനമടക്കം നടത്തി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന നടപടികൾക്കെതിരെക്കൂടിയാണ് ബന്ദ് എന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് വിശദീകരിച്ചു. സാബിർ, അസ്ന, ആബിദ് എന്നിവർ സംസാരിച്ചു.