സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവിന് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആദരം

ഹ്യൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട കെന്‍ മാത്യുവിന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. ഹ്യൂസ്റ്റണിലുള്ള ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കോര്‍പറേറ്റ് ഓഫീസിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ബേബി മണക്കുന്നേൽ അധ്യക്ഷനായിരുന്നു. യു എസിലെ രാഷ്ട്രീയ രംഗത്ത് പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷമായി ചേംബറിന്റെ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി നിന്ന കെൻ മാത്യുവിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

17 വര്‍ഷം കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തന പരിചയവും കെന്‍ മാത്യുവിന്റെ സ്വഭാവഗുണങ്ങളുമാണ് അദ്ദേഹത്തെ മേയര്‍ പദവിയിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് മിസൂറി സിറ്റി മേയറും മലയാളിയുമായ റോബിന്‍ ഇലയ്ക്കാട് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. അമേരിക്കയുടെ എല്ലാ മേഖലകളിലും ഇന്ത്യാക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ സാന്നിധ്യം കൂടുതലായി കടന്നുവരുന്നതിനെ അദ്ദേഹം പ്രശംസിച്ചു. അമേരിക്കന്‍ മണ്ണില്‍ മലയാളികള്‍ക്ക് ഒരു സ്ഥാനമുണ്ടെന്നും ഇവിടെ കൂടുതല്‍ പ്രവര്‍ത്തിക്കാനുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുന്‍ പ്രസിഡന്റ് ജിജി ഓലിക്കല്‍ മേയർ കെൻ മാത്യുവിനെ സദസിനു പരിചയപ്പെടുത്തി.

കഴിഞ്ഞ 12 വർഷമായി ഇന്ത്യൻ പൊതു സമൂഹവുമായി ചേർന്നു പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ചെംബറിന്റെ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ആളാണ് താനെന്നും സംഘടന നല്‍കിയിട്ടുള്ള എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നതായും മേയര്‍ കെന്‍ മാത്യു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം, സംഘടനയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ തന്റെ പിന്തുണയും സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. സംഘടന സമൂഹത്തിനു നൽകുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിൽ സംഘടന നൽകിയ പിന്തുണ അദ്ദേഹം അനുസ്മരിച്ചു.

അമേരിക്കയിലെ രണ്ടു നഗരങ്ങളുടെ മേയര്‍മാര്‍ മലയാളികളാണെന്നുള്ളത് ഇന്ത്യാക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ അഭിമാനകരമാണെന്ന് സ്വീകരണ പരിപാടിയുടെ മുഖ്യസംഘാടകനും ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുന്‍ പ്രസിഡന്റുമായ ഡോ. ജോര്‍ജ് കാക്കനാട്ട് പറഞ്ഞു. ഹൂസ്റ്റണോഡ് ചേർന്നുള്ള മിസ്സൂറി സിറ്റിയിലും സ്റ്റാഫ്‌ഫോർഡിലും ആണ് നിലവിൽ മലയാളി മേയർമാരുള്ളത്.

നിരവധി മലയാളികള്‍ അമേരിക്കന്‍ ഭരണസംവിധാനത്തിലും രാഷ്ട്രീയ രംഗത്തും നീതിന്യായ വ്യവസ്ഥയിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്നു. ഫോര്‍ട്ടിമെന്‍ കൗണ്ടി ജഡ്ജി കെ പി ജോര്‍ജ്, മറ്റ് ജഡ്ജിമാരായ ജൂലി മാത്യൂ, സുരേന്ദ്രന്‍ പട്ടേല്‍ തുടങ്ങിയവര്‍ മലയാളികള്‍ക്ക് അഭിമാനമാണ്. നിരവധി നഗരങ്ങളില്‍ കൗണ്‍സിലര്‍മാരായി നിരവധി മലയാളികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഭരണസംവിധാനത്തില്‍ മലയാളികളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണെന്ന് ഡോ. ജോര്‍ജ് കാക്കനാട്ട് അഭിപ്രായപ്പെട്ടു.

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജോയിന്റ് സെക്രട്ടറി ചാക്കോ തോമസ് സ്വാഗതവും മുന്‍ പ്രസിഡന്റ് സണ്ണി കാരിക്കല്‍ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മലയാളി അസോസിയേഷൻ പ്രസിഡൻറ് ജോജി ജോസഫ്, ഫോമ ഫൗണ്ടർ പ്രസിഡൻറ് ശശിധരൻ നായർ, വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് എസ് കെ ചെറിയാൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിനെ പ്രതിനിധികരിച്ച് ജീമോൻ റാന്നി, ഇന്ത്യാ പ്രസ് ക്ലബ് പ്രതിനിധി അനിൽ ആറൻമുള, ഹൂസ്റ്റൻ ക്നാനായ കാത്തലിക്ക് സൊസൈറ്റി പ്രസിഡൻറ് തോമസ് ചെറുകര, സ്റ്റാഫോഡിൽ മത്സരിച്ച ഡോ. മാത്യു വൈരമൺ, പൊന്നു പിള്ള, ഷീല ചെറു, ജോർജ് ജോസഫ്, മൈസൂർ തമ്പി, ഡോ .സാം ജോസഫ് എന്നിവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Leave a Comment

More News