തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 30 വരെ ശക്തമായ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം, തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ പാതയുടെ പശ്ചാത്തലത്തിലാണിത്. മധ്യകേരളത്തില്‍ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ കേരളത്തില്‍ 15.6 മുതല്‍ 20.44 മില്ലിമീറ്റര്‍ വരെ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. നിലവില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലെ മലയോര മേഖലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
യെല്ലോ അലര്‍ട്ട്
ഇന്ന് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.