കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി സൂചന. ഇയാളുടെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് സര്‍ക്കാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാലിദ്വീപില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അബിന്‍. എസ്‌എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.
മാലിദ്വീപില്‍ നിന്ന് വിമാനമിറങ്ങിയ എബിനെ ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ച നിഖിലിനെ എറണാകുളത്തെ ഓറിയോൺ ഏജന്‍സിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രണ്ട് ലക്ഷം രൂപ വാങ്ങിയ ശേഷമാണ് അബിന്‍ രാജ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് നിഖില്‍ പോലീസിനോട് പറഞ്ഞു.
മാലിദ്വീപില്‍ ജോലി ചെയ്തിരുന്ന അബിനെ കേരളാ പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
തങ്ങള്‍ ഇടപെട്ട് വീട്ടിലെത്തിക്കുമെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മാലിദ്വീപില്‍ നിന്നാണ് അബിന്‍ വിമാനം കയറിയത്. ചെന്നൈ വഴി കൊച്ചിയിലെത്തി. കൊച്ചിയില്‍ ഇറങ്ങിയ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. അബിന്‍ പലര്‍ക്കും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അമ്മയ്ക്കൊപ്പം താമസിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് അബിന്‍ മാലി ദ്വീപിലേക്ക് പോയത്.