ചെന്നൈ: അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിയെ തമിഴ്നാട് ഗവര്‍ണര്‍ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. സെന്തില്‍ ബാലാജി മന്ത്രിയായി തുടരുന്നത് നിയമന കോഴ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ അസാധാരണ നീക്കം. ജൂലായ് 12 വരെ ഇഡി കസ്റ്റഡി കോടതി നീട്ടിയെങ്കിലും ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം കാവേരി ആശുപത്രിയില്‍ വിശ്രമത്തിലാണ് സെന്തില്‍ ബാലാജി.
അഴിമതിക്കേസില്‍ സെന്തില്‍ ബാലാജി അറസ്റ്റിലായതിന് പിന്നാലെ മന്ത്രിയായി തുടരാനാകില്ലെന്ന നിലപാടാണ് ഗവര്‍ണര്‍
സ്വീകരിച്ചത്. സെന്തില്‍ ബാലാജിയുടെ കൈവശമുള്ള വകുപ്പുകള്‍ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ക്ക് പുനര്‍വിതരണം ചെയ്യാനുള്ള
മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഗവര്‍ണര്‍ തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. വകുപ്പില്ലാതെ സെന്തില്‍ ബാലാജിക്ക്
മന്ത്രിയായി തുടരാനാകില്ലെന്ന് ആര്‍എന്‍ രവി പറഞ്ഞെങ്കിലും ഇതിനെതിരെ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ടാണ് സ്റ്റാലിന്‍
പ്രതികരിച്ചത്.
2011-2015 കാലയളവില്‍ എഐഎഡിഎംകെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ജൂണ്‍13ന് ഇഡി അന്വേഷണ സംഘം മന്ത്രിയെ അറസ്റ്റ് ചെയ്തു. കുടുംബം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സെന്തിലിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സെന്തില്‍ ബാലാജി കോടതിയില്‍ ഹാജരായത്.