തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ അറസ്റ്റു ചെയ്ത ഇരിങ്ങാലക്കുട എക്സൈസ് ഓഫീസര്‍ കെ സതീശനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഷീല സണ്ണിക്കെതിരെ കള്ളക്കേസ് ചമച്ച സതീശനെതിരെ തെളിവുകള്‍ ലഭിച്ചതിനാലാണ് എക്സൈസ് കമ്മീഷണര്‍ സതീശനെ സസ്പെന്‍ഡ് ചെയ്തത്.
ഷീലയുടെ ബ്യൂട്ടിപാര്‍ലറില്‍ മയക്കുമരുന്ന് സൂക്ഷിച്ചതായി വിവരം ലഭിച്ചതനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി 27-നാണ് എക്സൈസ് റെയ്ഡ് നടത്തിയത്. പാര്‍ലറില്‍ നിന്ന് 12 എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ വീമ്പിളക്കുകയും അത് വലിയ വാര്‍ത്തയാക്കുകയും ചെയ്തു. ഷീലയെ അറസ്റ്റു ചെയ്യുകയും 72 ദിവസത്തോളം തടവിലിടുകയും ചെയ്യു. എന്നാല്‍, ജൂണ്‍ 29ന് എക്സൈസിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായാണ് ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പിടിച്ചെടുത്ത സ്റ്റാമ്പുകള്‍ക്ക് 5000 രൂപയിലധികം വിലവരുമെന്ന് നേരത്തെ എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ലാബ് റിപ്പോര്‍ട്ടിലാകട്ടേ ആ സ്റ്റാമ്പുകള്‍ എല്‍എസ്‌ഡി അടങ്ങിയതല്ലെന്നും വെറും കടലാസ് കഷ്ണങ്ങളാണെന്നും തെളിഞ്ഞു.
സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേരളത്തില്‍ ഒരു നിരപരാധിയായ സ്ത്രീക്ക് നേരെ നടന്ന ക്രൂരമായ പെരുമാറ്റം അറിഞ്ഞതോടെയാണ് കമ്മീഷന്‍ തീരുമാനവുമായി മുന്നോട്ട് പോയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അറസ്റ്റിനെ തുടര്‍ന്നുണ്ടായ ജയില്‍വാസത്തിനും നാണക്കേടിനും മന്ത്രി എം ബി രാജേഷ് ഷീല സണ്ണിയെ വിളിച്ച് ആശ്വസിപ്പിച്ച്
ക്ഷമാപണം നടത്തുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുമായി ക്രൈം ബ്രാഞ്ച് മുന്നോട്ട് പോയത്.