ആലപ്പുഴ: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ പിജി പ്രവേശനം നേടിയ കേസില്‍ അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിലും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിലും തടസ്സം നേരിട്ടതാണ് കായംകുളം പൊലീസിന്റെ അന്വേഷണത്തിന് തടസ്സമായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി നിഖിലിനുവേണ്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എറണാകുളത്തെ റിക്രൂട്ടിംഗ് ഏജന്‍സി ഉടമ സാജു ശശിധരനെ പോലീസ് ചോദ്യം ചെയുന്നുണ്ടെങ്കിലും ആരാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ചതായി പറയുന്ന കംപ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കോടതിക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
2022ല്‍ കൊച്ചി പോലീസ് റജിസ്റ്റര്‍ ചെയ്ത വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് സാജു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
വിസ കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഉപകരണങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കോടതി കൈമാറിയിട്ടുണ്ടോ എന്ന
കാര്യത്തിലും വൃക്തതയില്ല. കൊച്ചിയിലെ ക്രൈം നമ്പറും വിസ കേസിലെ വിവരങ്ങളും ശേഖരിച്ച അന്വേഷണ സംഘം വ്യാജ മാര്‍ക്ക് ലിസ്റ്റ് കേസുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിയില്‍ അപേക്ഷ
സമര്‍പ്പിക്കാനൊരുങ്ങുകയാണ്.
അതേ സമയം, കസ്റ്റഡിയിലുള്ള അബിന്‍ രാജും സാജു ശശിധരനും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തത് പോലീസിനെപ്രതിരോധത്തിലാക്കിയിട്ടുണ്ട്. വ്യാജ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട അബിന്‍ രാജും സാജുവും തമ്മില്‍ ആശയവിനിമയത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തതും അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.