ഹൈദരാബാദ്: ഇന്ത്യൻ കറൻസി ഇരട്ടിയാക്കാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന കുറ്റത്തിന് വിദേശിയെ എൽബി നഗർ സോണിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം (എസ്ഒടി) ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 10 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യൻ രൂപ പോലീസ് പിടിച്ചെടുത്തു.
ഐവറി കോസ്റ്റിലെ പൗരനാണ് ദൗദ എന്ന സോൺ ഗ്യൂ റോസ്റ്റാൻഡ് എന്നാണ് പോലീസ് പത്രക്കുറിപ്പിൽ പറയുന്നത്. 2021-ൽ ബിസിനസ് വിസയിൽ ഇന്ത്യയിലെത്തിയ ഇയാള്‍ രാജേന്ദ്ര നഗറിലെ സൺ സിറ്റിയിലായിരുന്നു താമസം. 2022 ജനുവരിയിൽ വിസ കാലാവധി അവസാനിച്ച ശേഷവും റോസ്‌റ്റാൻഡ് ഇന്ത്യയില്‍ തുടർന്നുവെന്ന് പോലീസ് പറഞ്ഞു.
മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ രൂപ ഇരട്ടിയാക്കാൻ കഴിയുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ഇരകളെ വേട്ടയാടിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഒരു യഥാർത്ഥ 500 രൂപ നോട്ട് മറച്ച കവറിൽ ഒളിപ്പിച്ച് ഇരയുടെ വിശ്വാസം നേടിയെടുക്കുകയും അവരെ കബളിപ്പിച്ച് മറ്റൊരു യഥാർത്ഥ 500 രൂപ നോട്ട് നൽകുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തന രീതി.
ഇരകളിൽ ഒരാൾ, നോട്ടുകള്‍ ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് ഭീമമായ തുക കൈമാറിയതോടെയാണ് റോസ്റ്റാൻഡിന്റെ തട്ടിപ്പ് പുറത്തായത്. ഇരയ്ക്ക് ഒരു കവര്‍ നല്‍കി അഞ്ച് മണിക്കൂറിന് ശേഷം മാത്രമേ അത് തുറക്കാവൂ എന്ന് ആവശ്യപ്പെട്ടു. പക്ഷെ, താന്‍ വഞ്ചിക്കപ്പെട്ടതായി ഇരയ്ക്ക് പെട്ടെന്ന് മനസ്സിലായതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ വിവിധ ആളുകളിൽ നിന്നായി 25 ലക്ഷം രൂപ റോസ്റ്റൻഡ് തട്ടിയെടുത്തതായി കണ്ടെത്തി.
10 ലക്ഷം രൂപയുടെ ഡ്യൂപ്ലിക്കേറ്റ് ഇന്ത്യൻ കറൻസികൾ (500 രൂപ), രണ്ട് പച്ച കറൻസി ആകൃതിയിലുള്ള പേപ്പർ കട്ടിംഗ് ബണ്ടിലുകൾ, അഞ്ച് കെമിക്കൽ ബോട്ടിലുകൾ, ആട്ട അടങ്ങിയ 25 ലിറ്റർ വെള്ള ക്യാൻ, രണ്ട് സിറിഞ്ചുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.
വിവിധ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടൊപ്പം ഫോറിനേഴ്‌സ് ആക്‌ട് -1946 ( നിയന്ത്രിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനുള്ള പിഴ ) പ്രകാരം റോസ്‌റ്റാൻഡിനെതിരെ കേസെടുത്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇയാളെ നാടു കടത്തും.