തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. തൃശ്ശൂര്‍ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് വിജിലന്‍സിന്റെ പിടിയിലായത്. പാലക്കാട് ജില്ല പട്ടാമ്പി വില്ലേജിലെ പൂവത്തിങ്കല്‍ അബ്ദുള്ളക്കുട്ടി (49) നൽകിയ പരാതിയെ തുടർന്നാണ് വിജിലന്‍സിന്റെ നടപടി.
അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള ഭൂമിയുടെ കൈവശാവകാശ രേഖ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിലെത്തിയപ്പോൾ വില്ലേജ് അസിസ്റ്റന്റ് 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ വിവരം അബ്ദുള്ളക്കുട്ടി വിജിലൻസ് ഡിവൈഎസ്പി ജിം പോളിനെ അറിയിച്ചു.
തുടര്‍ന്ന് വിജിലന്‍സ് ഫിനോൾഫ്‌തലിൻ പുരട്ടിയ നോട്ട് അബ്‌ദുള്ളക്കുട്ടിക്ക് നല്‍കി. ആ നോട്ടുകള്‍ അബ്ദുള്ളക്കുട്ടി അയ്യപ്പന് നല്‍കുകയും അയ്യപ്പന്‍ അതു വാങ്ങിയ നിമിഷം ഒളിച്ചു നിന്നിരുന്ന വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയും ചെയ്തു. ഡിവൈഎസ്‌പി ജിം പോൾ സി ജി, ഇൻസ്‌പെക്‌ടർ പ്രദീപ് കുമാർ, ജിഎസ്‌ഐമാരായ പീറ്റര്‍ പി ഐ, ജയകുമാർ, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് എന്നിവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.