തിരുവനന്തപുരം: നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുന്നതിനെതിരെ പ്രതിഷേധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെയുള്ള നരനായാട്ട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പകൽക്കൊള്ളയും കമ്മീഷൻ ഇടപാടുകളും അധികാര ദുർവിനിയോഗവും നടത്തുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും സി.പി.എം അനുഭാവികള്‍ക്കും ഇഷ്ടക്കാര്‍ക്കുമെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ പോലീസിനെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. സേനയുടെ മാനം കെടുത്തുന്ന മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഗുണ്ടാസംഘമായി ഇപ്പോഴും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ഒരു വിഭാഗം തുടരുന്നത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പലയിടത്തും പോലീസ് ആക്രമിച്ചു. കൊല്ലം, കാസർകോട്, മലപ്പുറം എന്നിവിടങ്ങളില്‍ ലാത്തിച്ചാർജ് നടത്തി. ഇതിൽ കാസർകോട് ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന്റെ തലയ്ക്ക് അടിയേറ്റു. മലപ്പുറത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ആക്രമിച്ചു. വിവിധ ജില്ലകളിലായി നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. മുഖ്യമന്ത്രിക്കും സിപിഎം – സംഘപരിവാര്‍ നേതാക്കള്‍ക്കും ഒരു നീതിയും, കോണ്‍ഗ്രസ് – യുഡിഎഫ് നേതാക്കള്‍ക്ക് മറ്റൊരു നീതിയുമെന്ന രീതിയാണ് സംസ്ഥാനത്ത് പൊലീസ് നടപ്പാക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇരട്ടനീതിയെന്നത് ഫാസിസ്‌റ്റ് ശൈലിയാണ്. മോദിയെ അനുകരിക്കുന്ന പിണറായി വിജയന്‍ അതുതന്നെയാണ് കേരളത്തിലും നടപ്പാക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും കള്ളക്കേസുകളെടുത്തും കേരളത്തിലെ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നിശബ്‌ദരാക്കാമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും കരുതേണ്ടെന്നും സതീശന്‍ പറഞ്ഞു.
കൈതോലപായയിൽ ഉന്നത സി.പി.എം നേതാവ് പണം കടത്തിയെന്നും കെ.പി.സി.സി പ്രസിഡൻറിനെ കൊലപ്പെടുത്താൻ സി.പി.എം ക്വാട്ടേഷന്‍ ടീമുകളെ നിയോഗിച്ചുവെന്നും ആരോപിച്ച ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ പോലീസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. തനിക്കെതിരെ ഫോണിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയും നടക്കുന്ന ഭീഷണികൾക്കും പോലീസിലെ ചിലർ വഴിയൊരുക്കുകയാണെന്ന് ശക്തിധരൻ പോസ്റ്റിൽ ആരോപിച്ചു.
“വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഇന്‍റെര്‍നെറ്റ് കോളുകളിലൂടെ ഭീഷണിയും അസഭ്യവര്‍ഷവും തുടരുകയാണ്. ഇത്തരം അധമ പ്രവര്‍ത്തനത്തിന് പൊലീസിലെ തന്നെ നീചന്മാര്‍ വിഴി ഒരുക്കുകയാണ്. ഇത്തരത്തില്‍ എതിര്‍പ്പുളളവരെ ആക്രമിക്കാന്‍ നിയമവിരുദ്ധമായ സമാന്തര ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനമുണ്ട്. പ്രത്യേക സംഘത്തെ ഇതിനായി നിയമിച്ചിട്ടുമുണ്ട്. ഇതിനായി ലക്ഷങ്ങളാണ് ചെലവിടുന്നതെന്നും ശക്തിധരന്‍ ആരോപിച്ചു. ഇതിലും ഭേദം സ്‌റ്റാലിനാണെന്നും ശക്തിധരന്‍ കുറിച്ചു.
തന്‍റെ പ്രസിദ്ധീകരണത്തെ പോലും ആക്രമിക്കുകയാണ്. പരസ്യം ലഭിക്കുന്നത് തടയുകയാണ്. അതിനാല്‍ പഴയ പരസ്യം ഉള്‍പ്പെടുത്തി രണ്ട് ദിവസം വൈകിയാണ് പ്രസിദ്ധീകരണം ഇറക്കാന്‍ കഴിഞ്ഞത്. തന്‍റെ ഫോണ്‍ പൊലീസ് നിരീക്ഷിക്കുകയാണെന്നും ശക്തിധരന്‍ ആരോപിക്കുന്നു. അസാധ്യമായ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കുക. അത് വിശ്വസിച്ചാകും പൊലീസ് നീങ്ങുക. അതിന് ഫലം കണ്ടു. ഈ നേതാക്കള്‍ക്ക് വലിയ സമ്പന്നരുമായി ഏറെ ബന്ധങ്ങള്‍ ഉണ്ടെന്നത് ആര്‍ക്കാണ് അറിയാത്തത്. പരസ്യം ഒന്നും കിട്ടിയില്ല അല്ലേ എന്ന പതിവ് നിസംഗ ചോദ്യം ഖദര്‍ ഉടുപ്പില്‍ നിന്ന് സ്വനഗ്രാഹി യന്ത്രത്തില്‍ നിന്നെന്ന പോലെ കേള്‍ക്കേണ്ടിവരുമെന്നത് കൊണ്ട് അടുത്ത ഏമ്പക്കം കൂടി കേള്‍ക്കും മുമ്പ് രക്ഷപ്പെടുകയാണ് പതിവ്. ഞങ്ങളുടെ പരിതാപകരമായ അവസ്ഥയോട് മുന്‍കൂട്ടി സഹതപിച്ച് തൃപ്‌തിപ്പെടുത്താനുള്ള നേതാക്കളുടെ പാടവം അസൂയാര്‍ഹമാണ്,” ശക്തിധരന്‍ കുറിച്ചു.