തിരുവനന്തപുരം: എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് ഒരു മാസം തികയുന്ന സാഹചര്യത്തിൽ കെൽട്രോണിന്റെയും എൻഐസിയുടെയും (നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ) ഉദ്യോഗസ്ഥരുമായി ഗതാഗത മന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ജൂൺ 5 മുതൽ ജൂലൈ 3 വരെ 20,42,545 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും 7,41,766 നിയമലംഘനങ്ങൾ മാത്രമാണ് പ്രോസസ്സ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ – 1,28740 എണ്ണം. ഇതിൽ 1,4063 ചലാനുകളാണ് തപാൽ വഴി അയച്ചത്. ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള അപ്പീലുകൾക്ക് ഓഗസ്റ്റ് അഞ്ച് മുതൽ പ്രാബല്യമുണ്ടാകും. ജില്ലാതലത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഗതാഗത കമ്മീഷണർക്ക് ഇതിന്റെ ചുമതല നൽകിയിട്ടുണ്ട്. ലംഘനങ്ങൾ സമയബന്ധിതമായി പ്രോസസ്സ് ചെയ്യുന്നതിന് കെൽട്രോണിനെ ചുമതലപ്പെടുത്തും. ജൂലൈ 31ന് മുമ്പ് ഇത് മറ്റിടങ്ങളിലേക്ക് മാറ്റും.
മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ ഇവയും എഐ ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. പാർക്ക് ചെയ്യാന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കും. ഇതിനായി മോട്ടോർ വാഹന വകുപ്പുമായും തദ്ദേശ സ്വയംഭരണ വകുപ്പുമായും യോഗം ചേർന്ന് പാർക്ക് ഇതര മേഖലകൾ മനസ്സിലാക്കും. റോഡ് അപകടങ്ങളുടെ കണക്കെടുത്താല്‍ 2022ല്‍ ജൂണ്‍ വരെ 3714 എണ്ണവും, 2023ല്‍ ജൂണ്‍ വരെ 1278 എണ്ണവുമാണ്. 2022ല്‍ ജൂണ്‍ വരെ 344 മരണവും 2023ല്‍ ജൂണ്‍ വരെ 104 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
204 പേരുടെ ജീവൻ എഐ ക്യാമറ കാരണം രക്ഷിക്കാൻ കഴിഞ്ഞു. അപകടത്തിൽ പരിക്കേറ്റത് 2023 ജൂൺ വരെ 1074 ആണ്. 1,67,694 ലംഘനങ്ങളില്‍ 2,14,711 പേർക്കാണ് പിഴ ചുമത്തിയത്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്‌തവരുടെ എണ്ണമാണ് ഏറ്റവും കൂടുതൽ. ഇതില്‍, തിരുവനന്തപുരമാണ് ഏറ്റവും മുൻപിൽ. 19482 പേരാണ് ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്‌തത്. ഏറ്റവും കുറവ് വയനാടാണ്. 416 ആണ് ഇവിടുത്തെ കണക്ക്. പിറകിൽ ഇരിക്കുന്ന ആള്‍ക്ക് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്‌തതിന് 30,213 കേസുകളാണ് എടുത്തത്. ഇതില്‍ തിരുവനന്തപുരം മുന്‍പിലാണ്.
ഡ്രൈവർ സീറ്റ് ബെൽറ്റ് ഇല്ലാതെ ഓടിച്ചതില്‍ മലപ്പുറമാണ് മുന്‍പില്‍. 5622 കേസാണ് ഇവിടെ ഫയല്‍ ചെയ്‌തത്. ഇടുക്കിയാണ് ഈ കേസില്‍ കുറവ്. കോ പാസഞ്ചര്‍ സീറ്റ് ബെൽറ്റ് ധരിക്കാത്തതിലും മലപ്പുറം തന്നെയാണ് മുന്‍പില്‍. മൊബൈൽ ഫോൺ ഉപയോഗിച്ച് യാത്ര ചെയ്‌തതിന് 1846 കേസുകളാണ് എടുത്തത്. തിരുവനന്തപുരമാണ് ഇതില്‍ മുന്‍പില്‍. ഇടുക്കിയാണ് പിറകില്‍. മോട്ടോര്‍ ബൈക്കിലെ ട്രിപ്പിൾ ഡ്രൈവിങ്ങില്‍ തിരുവനന്തപുരമാണ് മുന്‍പില്‍. 12,1740 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തതെന്നും ആന്‍റണി രാജു വ്യക്തമാക്കി.
പിഴ ചുമത്തിയതിൽ ലഭിക്കാനുള്ളത് ഏഴ് കോടി 74,65000 രൂപയാണ്. 81,78,000 രൂപ പിരിച്ചെടുത്തു. മരണനിരക്കും റോഡ് അപകടവും കുറഞ്ഞിട്ടുണ്ട്. എഐ ക്യാമറയാണ് കേരളത്തിലെ അപകട നിരക്ക് കുറയ്ക്കാൻ ഇടയാക്കിയത്. 2005ന് മുൻപ് രജിസ്റ്റർ ചെയ്‌ത വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമില്ല. ഹെവി വാഹനങ്ങളെ ഒഴിവാക്കി, നമ്പർ പ്ലേറ്റ് വ്യക്തത ഇല്ലാത്തതുകൊണ്ട് ഒഴിവാക്കി. സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വെഹിക്കിളിന് പിഴ ചുമത്തും. കള്ള നമ്പർ പ്ലേറ്റുകൾ ഉള്ളതായി പരാതി ലഭിച്ചതിനാൽ, ഹെൽമറ്റ് ഇല്ലാതെ കണ്ടുപിടിക്കുന്നവരെ നേരിട്ടെത്തി പരിശോധിക്കും. ഫിസിക്കൽ വെരിഫിക്കേഷൻ നടത്തും.
എംവിഡിയുടെ ഫ്യൂസ്, കെഎസ്ഇബി ഊരുന്നതും കെഎസ്ഇബി വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണോ അതോ ഈഗോ മൂലമാണോയെന്ന് പരിശോധിക്കണം. ഇത് സംബന്ധിച്ച് ആദ്യ ആഴ്ചയിൽ 48 പേർക്ക് നോട്ടീസ് അയച്ചു. ബാക്കിയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങളും നിയമം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോർ ബൈക്കുകളുടെ പിൻസീറ്റിൽ ഇരിക്കുന്ന കുട്ടികളുടെ പ്രായം സംബന്ധിച്ച് കേന്ദ്രത്തിന് അയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.