മലപ്പുറം: “കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് ഫുൾ എ പ്ലസ് വാങ്ങിയത്, എന്നിട്ടും ഇന്ന് പ്ലസ് വൺ ക്ലാസ്സ് തുടങ്ങിയപ്പോ കുറേ കുട്ടികൾ സ്കൂളിൽ പോകുന്നത് കണ്ട് ഞാനിവിടെ തെരുവിൽ നിൽക്കല്ലേ”. വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് ഫുൾ എ പ്ലസോട് കൂടി എസ്.എസ്.എൽ.സി പാസ്സായ ഫാത്തിമ ശസ എന്ന വിദ്യാർത്ഥിനിയുടെ വാക്കുകളാണ് ഇവ.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ഇന്നലെ മലപ്പുറം ജില്ലയിൽ ഇതുവരെ മൂന്നു ആലോട്ട്മെന്റുകൾ കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ പുറത്തായ വിദ്യാർത്ഥികളും രക്ഷിതാക്കളും മലപ്പുറം കളക്ടറേറ്റ് പഠിക്കലിൽ സംഘടിപ്പിച്ച ഉപവാസ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഇഷ്ടപ്പെട്ട സ്കൂളിലൊന്നും കിട്ടിയില്ലെങ്കിലും എവിടെയെങ്കിലുമൊന്ന് പ്ലസ് വണ്ണിന് സീറ്റ് വാങ്ങി തരണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് കേണപേക്ഷിക്കുകയാണ് ഞങ്ങൾ എന്നും ശസ കൂട്ടിച്ചേർത്തു.
ഞങ്ങളെ മക്കൾ നന്നായി പഠിച്ചു മാർക്ക് വാങ്ങിയിട്ടും സീറ്റ് കിട്ടാതെ പുറത്ത് നിൽക്കേണ്ടിവരുന്നത് വലിയ അനീതിയാണ്. മലപ്പുറത്ത് ഇത്തരത്തിലുള്ള മുഴുവൻ രക്ഷിതാക്കളും ഒന്നിച്ച് സമരത്തിനിറങ്ങണം എന്ന് ഉന്നത മാർക്കോടുകൂടി ജി.വി. എച്ച്.എസ്സ് കൊണ്ടോട്ടിയിൽ നിന്ന് പത്താം തരം പാസായ നഹ്ലയുടെ പിതാവ് നൗഷാദ് ചുള്ളിയൻ പറഞ്ഞു. ഫ്രട്ടേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റ് പടിക്കൽ നടത്തിയ ഉപവാസം പത്താം തരം പാസായ വിദ്യാർഥികൾ തങ്ങളുടെ എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ കോപ്പി കത്തിച്ചു കൊണ്ടാണ് ഉൽഘാടനം ചെയ്യപ്പെട്ടത്.
ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ലബീബ് കായക്കൊടി, വെൽഫയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ഇ. സി ആയിഷ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ഡെമോക്രാറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ സംസ്ഥാന കൺവീനർ മുഹമ്മദ് ഹനീൻ, ഫ്രട്ടേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, സെക്രട്ടറി സൈനബ് ടി. പി എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ സ്വാഗതവും സെക്രെട്ടറിയേറ്റ് അംഗം ഫായിസ് എളങ്കോട് നന്ദിയും പറഞ്ഞു.
ഉപവാസത്തോടനുബന്ധിച്ച് സാഹോദര്യ കലാസംഗം അവതരിപ്പിച്ച തെരുവ് നാടകം അരങ്ങേറി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ എന്നിവരുടെ കോലം കത്തിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്. ഉപവാസത്തിന് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് പഠിക്കാൻ അവസരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.