പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. രണ്ടു ദിവസമായി മണിമലയാര്‍ കരകവിഞ്ഞൊഴുകുകയാണ്. തിരുവല്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 218 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മല്ലപ്പള്ളി ടൗണില്‍ വെള്ളം കയറി കടകള്‍ക്ക് നാശം വരുത്തി.
അതിനിടെ കുത്തിയൊഴുകുന്ന മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പിടിച്ചുകെട്ടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉള്ള വള്ളമാണ് കഴിഞ്ഞ ദിവസം കുത്തൊഴുക്കിൽ കെട്ടു പൊട്ടി ഒഴുകി പോയത്. കല്ലൂപ്പാറ കോമളം പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്നാണ് ഇവിടെ കടത്തുവള്ളം ഏർപ്പെടുത്തിയത്. മൂന്നു കിലോമീറ്ററോളം മണിമലയാറ്റിലൂടെ ഒഴുകിപ്പോയ വള്ളമാണ് തിരികെ കരയ്ക്ക് എത്തിച്ചത്.
വിവരം അറിഞ്ഞ കടത്തുകാരനും സുഹൃത്തും പുറമറ്റം ഇരുമ്പു പാലത്തിൽ എത്തി അവിടെ നിന്ന് ആറ്റിലേക്ക് ചാടിയാണ് വള്ളം പിടിച്ചെടുത്തത്. ഒരു മണിക്കൂറോളം സമയം എടുത്താണ് വള്ളം തിരികെ കരയിലെത്തിച്ചത്. സഹായത്തിന് നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇവരില്‍ ഒരാൾ എടുത്ത വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.