ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു; 20 രാജ്യങ്ങളിലെ വിദഗ്ധര്‍ പങ്കെടുത്തു

തിരുവനന്തപുരം : ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡെല്‍ഫി സര്‍വകലാശാലയും ചേര്‍ന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ, ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര  സമ്മേളനം സമാപിച്ചു. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍, പ്രൊഫസര്‍മാര്‍, പരിശീലകര്‍, മാതാപിതാക്കള്‍ തുടങ്ങിയവരടക്കം അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ആഗോള സമ്മേളനം സംഘടിപ്പിച്ചത്. ഓരോ തവണ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തി കുട്ടികളെ കാണുമ്പോഴും തന്റെ ഹൃദയം നിറയുകയാണെന്ന് സമാപന ചടങ്ങില്‍ അധ്യക്ഷനായ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാവരെയും കഴിവും പ്രാപ്തിയും ഉള്ളവരാക്കാനാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ശ്രമിക്കുന്നത്.
താമസിയാതെ ഈ സ്ഥാപനം ലോകനിലവാരത്തിലേക്ക് ഉയരും. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന ഗോപിനാഥ് മുതുകാടിനെ കാണുമ്പോള്‍ കുട്ടികളെല്ലാം സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കും. അതൊന്നും പെട്ടെന്ന് നേടിയെടുക്കാനാകാത്ത മാജിക്കാണെന്ന് സ്ഥാപനത്തിന്റെ രക്ഷാധികാരികൂടിയായ അടൂര്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വരും വര്‍ഷങ്ങളില്‍ ഇതിലും മനോഹരമായി അന്താരാഷ്ട്ര സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താന്‍ ഡിഫറന്റ് ആര്‍ട് സെ്ന്ററിന് കഴിയണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ് ഈ സ്ഥാപനം. കേരളം അതില്‍ അഭിമാനിക്കുന്നു എന്നും സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ വിജയികളായ സ്മൃതി രാജേഷ്, ജപ്പാനിലെ സോഫിയ യൂണിവേഴ്‌സിറ്റിയിലെ സഹറ, ഡിഫറന്റ് ആര്‍ട് സെന്ററിലെ സൈന്‍ഷിയ ടീം എന്നിവര്‍ക്ക് കടകംപള്ളി സമ്മാനം വിതരണം ചെയ്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതം ആശംസിച്ചു. അഡെല്‍ഫി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ ഡോ. സ്റ്റീഫന്‍ മാര്‍ക്ക് ഷോര്‍, ഡോ. പവന്‍ ആന്റണി എന്നിവരും പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ് മാനേജര്‍ മിന്നു നന്ദി പറഞ്ഞു.
ഭിന്നശേഷിക്കാർക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം
സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഭൂരിഭാഗം ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലഭിക്കുന്നുണ്ടെങ്കിലും അവരുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയൊരു ആശങ്ക നിലനിൽക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെയും അവസരങ്ങളെയും ഇത്തരം കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിനു പറഞ്ഞു കൊടുക്കുകയാണ് തിരുവനന്തപുരം മാജിക് പ്ലാനെറ്റിൽ നടന്ന ത്രിദിന ശിൽപ്പ ശാലയിൽ ഡോ. പവൻ ജോൺ ആന്റണി. യുഎസിലെ അഡെൽഫി യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സർ ആയ ഡോ. പവൻ ജോൺ ആന്റണി വിദേശ രാജ്യങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലഭിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളെക്കുറിച്ചും ഈ മേഖലയിൽ അവർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.
പലപ്പോഴും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാൻ മാതാപിതാക്കളോ മറ്റു സഹായികളോ എപ്പോഴും കൂടെ ഉണ്ടാവും. എന്നാൽ ഇത്തരം വൈകല്യങ്ങൾ നേരിടുന്ന പല കുട്ടികൾക്കും പരസഹായം ഇല്ലാതെ തന്നെ തങ്ങളുടെ കാര്യങ്ങൾ നിർവഹിക്കാനുള്ള കഴിവുണ്ടാവും. അത് മാതാപിതാക്കൾ മനസിലാക്കണം. സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാനുള്ള അവസരം  ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകണം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം താല്പര്യമുളള കുട്ടികളെ കോളേജിൽ അയക്കുകയും സ്വന്തമായി എല്ലാ കാര്യങ്ങളും പഠിക്കാനും ചെയ്യാനുമുള്ള അവസരം ഇതിലൂടെ അവർക്ക് നൽകണമെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു. മാതാപിതാക്കളുടെയും മറ്റും സഹായമില്ലാതെ ജീവിതം മുന്നോട്ടു നീക്കാൻ കൂടി ഉന്നത വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കും ഇന്നും ഡോ.പവൻ അഭിപ്രായപ്പെട്ടു.
പതിനാറു വയസിനു ശേഷം ഒരു സുപ്രധാന കാലഘട്ടമാണെന്നും ഈ സമയത്ത് തന്നെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഇന്ത്യയിലും വിദേശത്തുമടക്കമുള്ള വിവിധ വിദ്യാഭ്യാസ സഥാപനങ്ങൾ കണ്ടെത്തി കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങളിൽ ചേരാനുള്ള അവസരം  മാതാപിതാക്കൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമയവും, പണവുമുൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാനായി കുട്ടികളെ ഒറ്റക്ക് യാത്ര ചെയ്യാനും കോളേജിൽ പോയി വരാനും ഉള്ള പരിശീലനം  നൽകുന്നത് വിദേശരാജ്യങ്ങളെപ്പോലെ ഇന്ത്യയും ഒരു മാതൃകയാക്കണമെന്നും ഡോ.പവൻ അഭിപ്രായപ്പെട്ടു.
അതേസമയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അഡ്മിഷൻ നിഷേധിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടേണ്ടി വരാറുണ്ട്. ഏത് പ്രതിസന്ധികളിലും കുട്ടികൾക്ക് കരുത്തായി മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്നും, ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തമാക്കാനുള്ള എല്ലാവിധ അവസരങ്ങളും അവർക്ക് നൽകണമെന്നും പറഞ്ഞുകൊണ്ടാണ് ഡോ.പവൻ തന്റെ ക്ലാസ് അവസാനിപ്പിച്ചത്.
 
സ്വയം പര്യാപ്തതയുടെ പുതിയ മാനങ്ങൾ 
ഇന്ത്യയിൽ മൂന്നുകോടിയോളം ഭിന്നശേഷിക്കാറുണ്ടെങ്കിലും സ്ഥിരം തൊഴിൽ കൈമുതലാക്കിയവർ ഒന്നേകാൽ കോടി ഭിന്നശേഷിക്കാർ മാത്രമാണ്. കൃത്യമായ അറിവും ആത്മവിശ്വാസവും കുട്ടികൾക്ക് നല്കാത്തതിനാലാണ് ഇന്ത്യയിൽ ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നതെന്ന് പ്രകാമിക മുൻ ഡയറക്ടർ ഗായത്രി നരസിംഹൻ. രാജ്യാന്തര സമഗ്ര വിദ്യാഭ്യാസ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അവർ. സാധാരണ കുട്ടികളെപ്പോലെ തന്നെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തേണ്ടവരാണ് ഭിന്നശേഷിക്കാർ. എന്നാൽ കൃത്യമായ വിദ്യാഭ്യാസവും പരിശീലനവും നല്കാത്തതിനാൽ മാത്രമാണ് ഇവർ പിൻനിരയിലേക്ക് വരാത്തതെന്നും, അതിനൊരു പരിഹാരമാണ് പ്രകാമികയിൽ വികസിപ്പിച്ച വൊക്കേഷണൽ കോഴ്സ്കൾ ഗ്രാഫിക് ഡിസൈൻ, ടാലി ഉൾപ്പെടെ മുപ്പത്തോളം വൊക്കേഷണൽ കോഴ്സ്കൾ. ആശ്രയം അല്ല സ്വയംപര്യാപ്തയാണ് ഭിന്നശേഷി കുട്ടികൾക്ക് നൽകേണ്ടതെന്നും അവർ പറഞ്ഞു .
പാരാ അത്ലറ്റിക്സ് സാധ്യതകളെ വിലയിരുത്തി അന്താരാഷ്ട്ര സമ്മേളനം
ഭിന്നശേഷിക്കാരുടെ ശാരീരിക മാനസിക ആരോഗ്യത്തിനു പാരാ അത്ലെറ്റിക്‌സിനു വലിയ പങ്കുവഹിക്കാനാകുമെന്ന് സമ്മേളനത്തിന്റെ മൂന്നാം ദിനത്തിൽ സംസാരിച്ച ഡോ. ഹിമൻഷു തിവാരിയുടെ നേതൃത്വത്തിൽ നടന്ന പാരാ അത്ലറ്റിക്‌സിനെ സംബന്ധിച്ച ശില്പശാലയിൽ വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്രിയാത്മകത വർധിപ്പിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള മത്സരങ്ങൾ അനിവാര്യമാണ്. മത്സര സമയത്തെ ചുറ്റുപാടുകളും സമ്മർദവും ഇവരുടെ പെർഫോമൻസിനെ ബാധിക്കാം. കൃത്യമായ പരിശീലനങ്ങളും വർക്ക്‌ ഔട്സും ഡയറ്റ്പ്ലാനുകളും ഇവരിലെ കായിക താരങ്ങളെ മികവുറ്റത്തക്കാൻ സഹായിക്കും.
മത്സരത്തിന് ഇവരെ തയ്യാറാക്കുന്നതുപോലെ തന്നെ പ്രധാനമാണ് മത്സരശേഷമുള്ള പരിചരണവും. ഓരോ ഭിന്നശേഷിക്കാരന്റെ കഴിവുകളെയും ആവശ്യങ്ങളെയും കണ്ടെത്തി അതിനുതകുന്ന തരത്തിലുള്ള ഉപകരണങ്ങളുടെ ഉറപ്പുവരുത്തലും ആവശ്യമാണ്. ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസം കൂട്ടുന്നതിനും സാമൂഹിക പ്രതിബദ്ധരാക്കാനും പാര അതിലേറ്റിക്സ് വഴിയൊരുക്കുന്നു, ശില്പശാല ചൂണ്ടിക്കാട്ടി.
Print Friendly, PDF & Email

Leave a Comment

More News