തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തെ തുടർന്നുണ്ടായ മഴയിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം താറുമാറായി. മഴക്കെടുതിയിൽ ആയിരക്കണക്കിന് ആളുകളെയാണ് സംസ്ഥാനത്ത് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ വരെ സംസ്ഥാനത്തുടനീളം 112 ക്യാമ്പുകളിലായി 6500 പേർ താമസിച്ചിരുന്നതായും ഇന്ന് ക്യാമ്പുകള്‍ 186 ആയി വർധിപ്പിച്ചിട്ടുണ്ടെന്നും എസ്ഡിഎംഎ ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 41 വീടുകൾ പൂർണമായും 818 വീടുകൾ ഭാഗികമായും തകർന്നതായും അവര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് എന്നീ മൂന്ന് താലൂക്കുകളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് തടസ്സപ്പെട്ടതായി റിപ്പോർട്ട്. റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതായി ജില്ലാ അധികൃതർ അറിയിച്ചു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഗേറ്റുകൾ ഇന്ന് തുറക്കുമെന്ന് തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. അതിനാൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘റെഡ് അലർട്ട്’ തൽക്കാലം പിൻവലിച്ചെങ്കിലും സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ ‘യെല്ലോ അലർട്ട്’ തുടരുകയാണ്.