റാഫേലിന്റെ വേര്‍പാടോടെ ബസിലിക്കയുടെ പണി നിര്‍ത്തിവെച്ചു. ഇനിയും പുതിയ വാസ്തുശില്പിയെ കണ്ടെത്തണം. സിനഡില്‍ തിരക്കിട്ട ചര്‍ച്ച ആരംഭിച്ചു. എന്തുകൊണ്ടും യോഗ്യന്‍ മൈക്കിള്‍ആന്‍ജലോ എന്ന് ഭൂരിപക്ഷം ബിഷപ്പുമാരും അഭിപ്രായപ്പെട്ടു. എന്നാല്‍ പോപ്പ് ലിയോയെ പിന്തുണയ്ക്കുന്ന സ്വന്തക്കാരായ കര്‍ദിനാളന്മാര്‍ മാത്രം ആ തീരുമാനത്തെ അനുകൂലിച്ചില്ല. പോപ്പ് ലിയോയുടെ പ്രമാണങ്ങളെ കാറ്റില്‍ പറത്തുന്ന ഒരുവനെ പ്രധാനശില്പിയായി എടുക്കാന്‍ സാദ്ധ്യമല്ലെന്ന് അവര്‍ ശക്തയായി വാദിച്ചു.
മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു:
എത്ര പെട്ടെന്നാണ് മെഡിസിയുടെ പുത്രന്‍, ജിയോവാനി എന്ന പോപ്പ് ലിയോ പത്താമന്‍ മാറിമറിഞ്ഞത്! അധികാരത്തിലും സുഖലോലുപതയിലും മത്തുപിടിച്ച പോപ്പിന്റെ നിലപാടുകള്‍, സ്വന്തക്കാരായ കര്‍ദിനാളന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി മാറിമറിയുന്നു. കത്തോലിക്കാസഭയേയും വിശ്വാസസത്യങ്ങളെയും പോപ്പ് ഭിന്നിപ്പിക്കുന്നതില്‍ മൈക്കിളിന് കുണ്ഠിതം തോന്നി. യൂറോപ്പിലെ ഐകൃംതന്നെ തകര്‍ന്നിരിക്കുന്നു. ഇനിയും എന്തൊക്കെ സംഭവിക്കാം! യൂറോപ്പാകെ ഉണര്‍ന്നിരിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഭിന്നിപ്പ് ദുഷ്ക്കരമാണ്. അത് വിശ്വാസത്തെ ക്ഷതമേല്‍പ്പിക്കും.
നൂറ്റാണ്ടുകളിലൂടെ ഒഴുകിയ വിശ്വാസം അറുപത്തേഴുമുതല്‍ വിശുദ്ധ പത്രോസു മുതല്‍ അഞ്ഞൂറിലേറെ വര്‍ഷം വിശുദ്ധന്മാരായ പോപ്പുമാര്‍ പരിപാലിച്ചു. അതിനുശേഷം ആയിരത്തിനാനൂറുവരെയും വലിയ ഉലച്ചില്‍ കൂടാതെ പോയെങ്കില്‍ത്തന്നെ പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകള്‍ ഇരുളിലായിരുന്നില്ലേ എന്ന് മൈക്കിള്‍ ചിന്തിച്ചു. സഭാനവീകരണം അതുണ്ടാകണം. ഉണ്ടാകുകതന്നെ ചെയ്യുമെന്ന് മൈക്കിള്‍ആന്‍ജലോയുടെ മനസ്സ് ഇടയ്ക്കിടെ ആശ്വാസം പകര്‍ന്നു.
എന്നാല്‍ മാര്‍ട്ടിന്‍ ലൂതറും കൂട്ടുകാരും ചിന്തിച്ചത് തെറ്റല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം പോപ്പ് ലിയോയ്ക്ക് ഇല്ലാതെ പോകുന്നതാണ് അവിവേകം. ഒരുപക്ഷേ, മാര്‍ട്ടിന്‍ ലൂതറെ മഹറോന്‍ ചൊല്ലി പുറത്താക്കാതിരുന്നെങ്കില്‍ത്തന്നെ ഇത്ര എതിര്‍പ്പുകള്‍ സഭ നേരിടേണ്ടിവരികയില്ലായിരുന്നു. ഇതിപ്പോള്‍ ഭിന്നിപ്പ് യൂറോപ്പിലാകെ കൊടുങ്കാറ്റായി ചൂറ്റിയടിക്കുന്നു. പ്രോട്ടസ്റ്റനിസം എന്ന ആശയത്തിലാണ് ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍. ഒരു ആംഗ്ലിക്കന്‍ സഭയുടെ ഉദയംപോലും ഇംഗ്ലണ്ടില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെന്നാണ് ജനസംസാരം. ഇതിങ്ങനെ പോയാല്‍ ഒന്നു രണ്ടാകും. രണ്ടു മൂന്നാകാനും വഴിയുണ്ടാവില്ലേ? ശിഥിലമായ ഒരു യൂറോപ്പ്, നവീകരണകാലത്ത് പ്രയത്നിച്ച ചിത്രകാരന്മാര്‍ക്കും ശില്പികള്‍ക്കും ഇതെങ്ങനെ ഉള്‍ക്കൊള്ളാനാകും? അപ്പോഴൊക്കെ മൈക്കിളിന്റെ മനസ്സില്‍ പ്രത്യാശ അങ്കുരിച്ചു. അടുത്ത ഒരു പോപ്പ് സമചിത്തനായി ഭരണമേല്‍ക്കുമ്പോള്‍ ഈ വ്യവസ്ഥിതികള്‍ക്കൊക്കെ മാറ്റമുണ്ടാകുമെന്ന്.
പൊടുന്നനവേ മറ്റൊരു ദുഃഖ വാര്‍ത്ത കേട്ടു. വത്തിക്കാനില്‍ കൂട്ടമണികള്‍ മുഴങ്ങി. വലിയ മണികള്‍ മുതല്‍ ചെറു മണികള്‍വരെ ദീര്‍ഘനേരം മുഴങ്ങി ആ ശോകവാര്‍ത്ത വിളംബരംചെയ്തു. പോപ്പ് ലിയോ പത്താമന്‍ പാപ്പ കാലം ചെയ്തു. മൂന്നു ദിവസം തുള്ളല്‍പ്പനി ബാധിച്ചു കിടന്നു. മൂന്നാം ദിവസം പോപ്പ് ലിയോ പത്താമന്‍ പെട്ടെന്ന് മരിച്ചു. മലേറിയാ എന്ന അജ്ഞാത രോഗം. ഒരു ചികിത്സയും പിതാവിന് ഫലിച്ചില്ല. വത്തിക്കാനിലെ ഭിഷഗ്വരന്മാര്‍ക്ക് ആ രോഗം അജ്ഞാതമായിരുന്നു. മരണം കള്ളനെപ്പോലെ വരുന്നു. ആ നാഴികയോ വിനാഴികയോ ആരുമറിയുന്നില്ല. മൂന്നു ദിവസം മുമ്പുവരെ തിരക്കിട്ടു നടന്ന പിതാവ്. പാര്‍ട്ടിയിലും മീറ്റിങ്ങുകളിലും പങ്കെടുത്ത പിതാവ്. ഇന്നത്തെ പ്രഭാതത്തില്‍ ആ വലിയ ശബ്ദം നിലച്ചിരിക്കുന്നു.
എന്തുകൊണ്ടും ലിയോ പിതാവിന്റെ വേര്‍പാട് ആദ്യം ദുഃഖമുണ്ടാക്കിയെങ്കിലും ആശ്വാസമായി മൈക്കിള്‍ആന്‍ജലോയ്ക്ക് തോന്നി. ആകാശം കറുത്തിരുണ്ട് ഇടിവെട്ടിപെയ്ത പേമാരിക്കുശേഷമുണ്ടായ കടുത്ത നിശ്ശൂബ്ദത പോലെ. യൂറോപ്പിലെ കോളിളക്കങ്ങള്‍ക്ക് ലിയോ പിതാവിന്റെ പെട്ടെന്നുള്ള വേര്‍പാട് ഒരു തട ഇടുമെന്ന ആശ്വാസം മൈക്കിളിനെ പ്രതീക്ഷാനിര്‍ഭരനാക്കി. പുതിയൊരു പോപ്പ് ആരായിരിക്കാം, ആരുമായിരിക്കാം. എങ്കിലും ദീര്‍ഘവീക്ഷണമുള്ള ഒരു പോപ്പിന്റെ സാന്നിദ്ധ്യം ഈയിടെ അടിഞ്ഞുകൂടിയ കാര്‍മേഘങ്ങളെ മായ്ച്ചുകളയാന്‍ പ്രാപ്തമാക്കട്ടെ എന്ന് മൈക്കിള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
എല്ലാവരും കണക്കുകൂട്ടിയത് മെഡിസി കുടുംബത്തില്‍നിന്ന് പോപ്പ് ലിയോ ആര്‍ച്ചുബിഷപ്പാക്കുകയും അതുകഴിഞ്ഞ് കര്‍ദിനാലാക്കി ഉയര്‍ത്തുകയും ചെയ്ത ജൂലിയാനോ അടുത്ത പോപ്പായി അവരോധിക്കപ്പെടുമെന്നാണ്. എന്നാല്‍ കാറ്റൊന്ന് മാറി വീശി. കോണ്‍ക്ലേവിലൂടെ (പോപ്പുമാരെ തിരഞ്ഞെടുക്കുന്ന രീതി) വെളുത്ത പുക വത്തിക്കാന്റെ കറുത്തു മൂടിക്കിടന്ന കാര്‍മേഘങ്ങളിലേക്കൊഴുകി. അരിപ്രാവുകള്‍ ആകാശത്തില്‍ കുറുകി പറന്നു. ഡച്ച് കര്‍ദിനാള്‍ ഏ്രിയാന്‍ ഫ്ളോറന്‍സ് ഡെഡാല്‍, പോപ്പ് ഏരിയാന്‍ ആറാമന്‍ എന്ന നാമധേയത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതായി വിളംബരമൊഴുകി. പോപ്പിന്റെ ആഗമനം, വിശുദ്ധ റോമാസാ്രമാജ്യത്തിന്റെ ച്രകവര്‍ത്തി ചാള്‍സ് അഞ്ചാമന്റെ വൈസ്രോയി എന്ന നിലയിലായിരുന്നു. ഇടഞ്ഞുനിന്നഫ്രാന്‍സിലെ രാജാവ് ഫ്രാന്‍സിസ് ഒന്നാമന്‍, യൂറോപ്പില്‍ ഉദയംചെയ്ത “ലൂതറിനിസം” എന്നിവയെ വെല്ലുവിളിച്ചുകൊണ്ട്.
ഏറെ പരിതാപകരമായിരുന്നു അത്. ഒഴിഞ്ഞ ഒരു പേപ്പല്‍ ഖജനാവ് ബാക്കിവെച്ചാണ് പോപ്പ് ലിയോ പത്താമന്‍ ദിവംഗതനായത്. പോപ്പ് ലിയോ ആഡംബര ജീവിതത്തിലൂടെ പേപ്പല്‍ ഖജനാവ് ധൂര്‍ത്തടിക്കുകയും ആത്മാവിനെ വിറ്റ് ധനാഗമമാര്‍ഗ്ഗം കണ്ടെത്തിയതോടുകൂടി സഭയില്‍ വിള്ളലാരംഭിച്ചു. മാര്‍ട്ടിന്‍ ലൂതര്‍ സഭയ്ക്കു പുറത്തായിരുന്നിട്ടുകൂടി പ്രോസ്റ്റാനിസം നാള്‍ക്കുനാള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. അറുപതു കഴിഞ്ഞ പുതിയ പോപ്പിന് അധികം പിടിച്ചു നില്‍ക്കാനായില്ല. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ഏഡ്രിയാന്‍ പിതാവും കാലം ചെയ്തു.
അപ്പോഴായിരുന്നു ഈഴം കാത്തുനിന്ന പ്രഗത്ഭനായ മറ്റൊരു പോപ്പിന്റെ ഉദയം വീണ്ടും ഫ്ളോറന്‍സിലെ മെഡിസി പ്രഭുക്കളുടെ കൂട്ടത്തില്‍നിന്ന്. പോപ്പ് ക്ലമന്റ് ഏഴാമന്‍! കാലങ്ങളെയും ചരിത്രസംഭവങ്ങളെയും വെല്ലുവിച്ചുകൊണ്ട് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്. ജൂലിയോ ഡി മെഡിസിയുടെ അവിഹിത ബന്ധത്തിലുണ്ടായ പുത്രന്‍! എന്തുകൊണ്ടും അങ്കിള്‍ ലോറന്‍സോ മാഗ്നിഫിസിന്റെ പരിലാളനയില്‍ വളര്‍ന്നു. ചെറുപ്പത്തില്‍ത്തന്നെ ഫ്ളോറന്‍സിലെ ആര്‍ച്ചുബിഷപ്പായി. തുടര്‍ന്ന് അര്‍ദ്ധസഹോദരന്‍ പോപ്പ് ലിയോ പത്താമന്‍ കര്‍ദിനാളായി ഉയര്‍ത്തി.
ജൂലിയോ ഡി മെഡിസിയെ കര്‍ദിനലായി ലിയോ പത്താമന്‍ പോപ്പ് ഉയര്‍ത്തിയ വിപുലമായ ആഘോഷത്തില്‍ പങ്കെടുത്ത ഓര്‍മ്മ മൈക്കിള്‍ ആന്‍ജലോയുടെ മനസ്സിലൂടെ കടന്നുപോയി. പോപ്പ് നടത്തിയ ഏറ്റവും വലിയൊരാഘോഷം. അർദ്ധസഹോദരനെ പോപ്പാക്കുന്നതിലൂപരി തന്റെ അനന്തരഗാമി എന്നൊരു പ്രഖ്യാപനം കൂടിയായിരുന്നില്ലേ ആ വലിയ ആഘോഷം!
മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു:
വീണ്ടും മെഡിസി കുടുംബത്തില്‍നിന്നൊരു തലതിരിഞ്ഞ പിതാവ്! എന്തൊക്കെ ഇനി സംഭവിക്കാം! ക്ലമന്റ് ഏഴാമനും സ്പെയിന്‍ രാജാവും വിശുദ്ധ റോമാസാമ്മാജ്യത്തിന്റെ ച്രകവര്‍ത്തിയായിരുന്ന ചാള്‍സ് അഞ്ചാമനും കൂടിച്ചേര്‍ന്ന് ഫ്രാന്‍സിലെ ഫ്രാന്‍സിസ് ഒന്നാമനോടുള്ള പോരാട്ടം ഫ്ദ്തുടര്‍ന്നുകൊണ്ടിരുന്നു. മുമ്പത്തെപ്പോലെതന്നെ പോപ്പ് ക്ലമന്റ്, ചാള്‍സ് അഞ്ചാമനെ അനുകൂലിച്ചു. ഇതിനിടെ ശക്തിയായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന പ്രോട്ടസ്റ്റാനിസത്തെ ഉന്മൂലനംചെയ്യാനുള്ള തീരവയത്നത്തിന്റെ ഭാഗമായിട്ടായിരിക്കണം പോപ്പ് ക്ലമന്റ് അവസാനത്തെ വിധി (ലാസ്റ്റ് ജഡ്ജ്മെന്റ് ) വരയ്ക്കാനാലോചിച്ചത്.
ക്ലെമന്റ് ഏഴാമന്‍ പിതാവ്, മൈക്കിള്‍ആന്‍ജലോയെ പേപ്പല്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചപ്പോള്‍ വാസ്തവത്തില്‍ പോപ്പിന്റെ ഉദ്ദേശത്തെപ്പറ്റി മൈക്കിള്‍ ആകുലനായി. എന്ത് ഉദ്ദേശത്തിലാകാം ഈ ക്ഷണം. മെഡിസി കുടുബത്തിലെ ഇതുവരെ തന്നെ എതിര്‍ത്തുകൊണ്ടിരുന്ന ലിയോ പത്താമന്‍ പിതാവിന്റെ സന്തതസഹചാരിയായിരുന്ന കസിന്റെ ഉദ്ദേശം എന്താണ്? ക്ലെമന്റ് ഏഴാമന്‍ പിതാവിനെ ദര്‍ശിച്ച് മുഖംകാണിക്കുമ്പോള്‍ മൈക്കിള്‍ആന്‍ജലോ അത്ഭുതംകുറി. ക്ലെമന്റ് ഏഴാമന്‍ പിതാവിന്റെ മാറ്റം. തന്നോടിടഞ്ഞു നിന്ന പിതാവിന്റെ മാറ്റം! പോപ്പ് ക്ലെമന്റിന്റെ കൈ മുത്തി എതിരെ ഇരുന്ന കസേരയില്‍ മൈക്കിള്‍ ആന്‍ജലോ ആകാംക്ഷാഭരിതനായിരിക്കവേ പോപ്പ് പറഞ്ഞുതുടങ്ങി:
നമുക്ക് മുമ്പേ തുടങ്ങി ഉണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു. മൈക്കിളിനെക്കൊണ്ട് കുറേക്കൂടി സെസ്റ്റീന്‍ ചാപ്പലില്‍ വരപ്പിക്കണമെന്ന്. അല്ലെങ്കില്‍ ത്തന്നെ ഇത്ര ജീവനുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ കെല്‍പുള്ളവരാരാണ്! ഒരുപക്ഷേ, റാഫേല്‍ വരച്ചിരുന്നെങ്കില്‍പ്പോലും ഇത്ര മനോഹരമായി മാറണമെന്നില്ല. അതിന്റെ പൂര്‍ണ്ണത ആകാരവടിവും ഭാവങ്ങളുമാണ്. മരണപ്പെട്ടുപോയ റാഫേല്‍ എനിക്കെന്നും പ്രിയങ്കരന്‍തന്നെ. മൈക്കിള്‍ ആ ചിത്രം കണ്ടിട്ടുള്ളതാണല്ലോ. നമ്മുടെ കര്‍ദിനാള്‍ ആരോഹഞണത്തിന് റാഫേല്‍ വരച്ച പ്രശസ്തമായ ചിത്രം, യേശുതമ്പുരാന്റെ രൂപാന്തരീകരണം, അല്ലെങ്കില്‍ ട്രാന്‍സ്ഫിഗറേഷന്‍!
സഭയുടെ ആണിക്കല്ലുതന്നെയാണ് റാഫേല്‍ വരച്ച ചിത്രം. മലമുകളില്‍ യേശുതമ്പുരാന്‍ പ്രധാനശിഷ്യന്മാരെ കൂട്ടിക്കൊണ്ടുപോയി. മുകളില്‍നിന്ന് പറന്നെത്തിയ വെണ്‍മേഘം യേശുതമ്പുരാനെ അനാവരണംചെയ്തപ്പോഴുണ്ടായ ദിവ്യാത്ഭുതം. യേശുവിന്റെ ഇടതും വലതുമായി പ്രവാചകന്മാരായ മോശയും ഏലിയായും! അപ്പോള്‍ സ്വര്‍ഗ്ഗകവാടം തുറന്നുണ്ടാകുന്ന അശരീരി! “ഇവനെന്റെ പ്രിയപുര്തന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു.” ഇതാണ് സഭയുടെ അടിസ്ഥാനം തന്നെ. ഇവിടെ യേശുതമ്പുരാനെ ദൈവപുത്രനായി, ദൈവമായി സാക്ഷ്യപ്പെടുത്തുന്നു.
അതേ, അതേ. മനോഹരമായ ചിത്രം. റാഫേലിന്റെ മാസ്റ്റര്‍പീസ് ചിത്രവും അതുതന്നെ. ചിത്രരചനയില്‍ ഒരുപക്ഷേ, എന്നേക്കാളേറെ പ്രഗല്ഭന്‍ എന്നു തന്നെ പറയാനില്ലെങ്കിലും എന്നോളംതന്നെ ഉയരത്തില്‍ റാഫേലും.
എങ്കില്‍ത്തന്നെ രണ്ടുതരത്തില്‍ മികച്ചതാകാനാണ് സാദ്ധ്യത. റാഫേലിന്റെ വരയില്‍ ചായങ്ങളുടെ തിളക്കമുണ്ടെങ്കില്‍ത്തന്നെ മനുഷ്യശരീരത്തിന്റെ പൂര്‍ണ്ണതയിലും ഭാവങ്ങളിലും മൈക്കിളിനെ വെല്ലാന്‍ ആരുമില്ലന്നു തന്നെയാണ് നമ്മുടെ നിഗമനം. വാസ്തവത്തില്‍ നമുക്ക് മുമ്പും മൈക്കിളിനോട് താല്പര്യംതന്നെയായിരുന്നു. എന്നാല്‍ പോപ്പ് ലിയോ പത്താമന്റെ കാലത്ത് മൈക്കിളിനോട് താല്പര്യംതന്നെയായിരുന്നു. എന്നാല്‍ പോപ്പ് ലിയോ പത്താമന്റെ കാലത്ത് മൈക്കിളിനെതിരായി നിന്ന നിലപാട് നമ്മുടെ സ്വന്തം ഇച്ഛയില്‍നിന്നായിരുന്നില്ല. അന്നത്തെ കര്‍ദിനാള്‍ തിരുസംഘത്തെ നമുക്ക് എതിര്‍ക്കാന്‍ കഴിയാതിരുന്നതുകൊണ്ടു മാത്രമുണ്ടായതുതന്നെ. എന്നാലിപ്പോള്‍ വിളിപ്പിച്ചത് മറ്റൊരു നല്ല കാര്യം പറയാനാണ്.
എന്ത്?
മൈക്കിള്‍ ഉദ്വേഗത്തോടെ പോപ്പ് ക്ലമന്റിനെ നോക്കി ചോദിച്ചു. പോപ്പ് ക്ലമന്റിന്റെ ചാരനിറമുള്ള ദൃഷ്ടികളില്‍ ഒരു കുങ്കുമച്ഛവി നിഴലിച്ചു…
പ്രോട്ടസ്റ്റാനിസം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുകയാണ്. ഇങ്ങനെ പോയാല്‍ നമ്മുടെ സഭയും വിശ്വാസങ്ങളും തകര്‍ക്കപ്പെടും. അതിന് ഒരു തട ഇടണം. ഒരു മാര്‍ഗ്ഗമുണ്ട്. വിശ്വാസികളെ ആഴത്തിലേക്ക് കൊണ്ടുവന്ന് പിടിച്ചു നിര്‍ത്താന്‍ ഉതകുംവിധം മൈക്കിളിന്റെ കരവിരുത് സെസ്റ്റീന്‍ ചാപ്പലില്‍ ഉണ്ടാകണം. അത് സമര്‍ത്ഥമായി കോറിയിടാന്‍ മൈക്കിളിനു മാത്രമേ കഴിയു.
എന്താണ് അങ്ങ് ഉദ്ദേശിക്കുന്നത്?
ഒരു അന്ത്യവിധിയുടെ (ലാസ്റ്റ് ജഡ്ജ്മെന്റ് ) ചിത്രം. അതാണ് എന്റെ മനസ്സില്‍. മൈക്കിള്‍ആന്‍ജലോ എന്തോ ചിന്തിച്ചുനിന്നു. പെട്ടെന്നൊരാവേശത്തോടെ പറഞ്ഞു നല്ലകാര്യംതന്നെ. കാലോചിതമായ മാറ്റം വിശ്വാസികളിലതുണ്ടാക്കാം. അങ്ങയുടെ ചിന്ത അവസരത്തിനൊത്തത്. വിശ്വാസികള്‍ക്ക് തീക്ഷ്ണത ഏറാന്‍ പറ്റിയ മാര്‍ഗ്ഗം അതുതന്നെ.
അതേ, അതെ. നാമും അതുതന്നെ കരുതുന്നു. പ്രൊട്ടസ്റ്റനിസത്തെ ശക്തമായി തടുത്തുനിര്‍ത്താന്‍ ഈ ചിത്രരചന സഹായകമാവും. പ്രത്യേകിച്ചും മൈക്കിളിന്റെ കരവിരുതിലൂടെ.
മൈക്കിള്‍ആന്‍ജലോയുടെ മനസ്സ് പുരാതന ഗ്രീക്കു പുരാണങ്ങളിലേക്ക് ചേക്കേറി. സ്വര്‍ഗ്ഗവും അതിനു താഴെ അഗാധത്തില്‍ നരകവും. റോമിലേക്ക് ചേക്കേറിയ ഗ്രീക്കുപുരാണങ്ങളുടെ സ്വാധീനംതന്നെ ഇത്തരം വിശ്വാസങ്ങളെ ഉറപ്പിക്കുന്നു. എന്താണ് സഭയുടെ വിശ്വാസം! പുണ്യാത്മാക്കള്‍ക്ക് നിത്യസ്വര്‍ഗ്ഗവും കഠിനപാപികള്‍ക്ക് നിത്യനരകവും. ഇതിനിടയില്‍ ശുദ്ധീകരണ
സ്ഥലവും.
അതേ, അതെ. വിശ്വാസത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നരകാധിപനായ മിനോസിനെ ചിത്രീകരിക്കേണ്ടത് എങ്ങനെയാകാം? ഗ്രീക്കു പുരാണത്തിലെ ചെകുത്താന്മാരുടെ രാജാവായ ഫേഡസിനെപ്പോലെ. ഹേഡസ് അധോലോകത്ത് ദുരാത്മാക്കളുടെ ദേവനായി എല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച സിംഹാസനത്തില്‍ വാണരുളുന്നു. മരിച്ചുപോയവരുടെ ആത്മാവുകള്‍ അധോലോകത്തിലൂടെ സഞ്ചരിച്ചു വരുമ്പോള്‍ “ചിറോണ്‍’ എന്ന ചെകുത്താന്‍, സ്റ്റിക്സ് നദിയില്‍ കടത്തു കടത്തി എത്തിക്കുന്നത് മിനോസ് എന്ന ഫേഡസിന്റെ മുമ്പിലേക്കാണ്.
ഇവിടെയാണ് അന്ത്യവിധിയുടെ തീര്‍പ്പ്! വിസ്തരിപ്പിനുശേഷം പുണ്യാത്മാക്കളെ ഇലിസിയും എന്ന നിത്യസൗഭാഗ്യത്തിലേക്കും ഇടത്തരം പാപികളെ ശുദ്ധീകരണത്തിനായി അസ്‌ഫോഡലിലേക്കും, കഠിനപാപികളെ ടാര്‍ടാറൂസ് എന്ന നിത്യനരകത്തിലേക്കും അയയ്ക്കുന്നു. ഏതാണ്ടിതുതന്നെയല്ലേ സഭാവിശ്വാസവും! അപ്പോള്‍ മിനോസ് എന്ന ഹേഡസിനെ എത്ര ബീഭത്സമായി ചിത്രീകരിക്കുന്നതിലാവും വിശ്വാസികളുടെ മനസ്സിനെ ഇളക്കിമറിച്ച് പ്രോട്ടസ്റ്റനിസത്തിന് ഒരു തട ഒരുക്കേണ്ടത്.
(തുടരും…..)