കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 30): ജോണ്‍ ഇളമത

അഞ്ചു വര്‍ഷത്തോളമെടുത്തു മൈക്കിള്‍ആന്‍ജലോയ്ക്ക്‌ അന്ത്യവിധി (ലാസ്റ്റ്‌ ജഡ്ജ്മെന്റ്‌ ) പൂര്‍ത്തിയാക്കാന്‍. ആ മഹാശില്പി എഴുപതിലെത്തി, വാര്‍ദ്ധക്യത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക്‌. എങ്കിലും പ്രസരിപ്പും ഉണര്‍വ്വും ഉത്തേജനവും ആ പ്രതിഭയെ കൈവെടിഞ്ഞില്ല. ഒരു രണ്ടാംജന്മം കാത്തുകിടക്കും പോലെ.

പോപ്പ്‌ പോള്‍ മൂന്നാമന്‍ പുതിയ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക ഉദ്ഘാടനം ചെയ്തു. മൈക്കിള്‍ആന്‍ജലോ തീര്‍ത്ത ചിത്രപത്മം മുകള്‍ത്തട്ടിലും അള്‍ത്താരയിലും ദര്‍ശിച്ച്‌, ചിത്രകാരന്മാരും ശില്പികളും സാധാരണക്കാരും അത്ഭുതസ്തംബ്ധരായി. പോള്‍ മൂന്നാമന്‍ അന്ത്യവിധിയുടെ ചിത്രരചനയില്‍ അത്യന്തം സംതൃപ്തനായി. എന്നാല്‍ ചിത്രകാരന്മാരിലും സഭാനേതൃത്വത്തി
ലുള്ളവരിലും ഒരു ചെറിയപക്ഷം അസംതൃപ്തരായി. അവര്‍ പരസ്പരം പൊറുപൊറുത്തു, വിശുദ്ധ സ്ഥലത്ത്‌ നഗ്നചിത്രങ്ങള്‍ ദര്‍ശിച്ചതില്‍. ചില ചിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു;

ജോണ്‍ ഇളമത

ചിത്രരചന നന്നായിരിക്കുന്നു. പക്ഷേ, ഇത്‌ കുളിക്കടവല്ലല്ലോ. ദൈവം വസിക്കുന്ന ആലയമല്ലേ? എങ്കിലും മൈക്കിള്‍ആന്‍ജലോ കുലുങ്ങിയില്ല. അങ്ങനെയൊക്കെ അഭിപ്രയം തട്ടിമൂളിച്ചുകൊണ്ടു വന്നവരോട്‌ ആ മഹാശില്പി ചോദിച്ചു;

മനുഷ്യര്‍ നഗ്നരായല്ലേ ജനിക്കുന്നത്‌. അതാണ്‌ പൂര്‍ണ്ണത!

പ്രസിദ്ധ ചിത്രകാരനായ ടിറ്റിയന്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പൊരുള്‍ അസുയതന്നെ. സ്ത്രീകളുടെ നഗ്നത ഏറെ വരച്ചയാള്‍. ഡയാനാ ആന്റ്‌ അസിറ്റിയോണ്‍, വീനസ്‌ ഓഫ്‌ ഉര്‍ബിനോ തുടങ്ങിയ സ്ത്രീനഗ്നരൂപങ്ങള്‍ വരച്ച ചിര്രകാരന്‍. പക്ഷേ, അയാളുടെ ന്യായീകരണങ്ങള്‍ക്ക്‌ എന്തു വിശുദ്ധി. അത്‌ വിശുദ്ധസ്ഥലത്തല്ലെന്ന്‌, അതിലെന്ത്‌ ന്യായം! താനേറെ പുരുഷസന്ദര്യത്തെയാണ്‌ നഗ്നരായിക്കിയിട്ടുള്ളത്‌. പുരുഷമാലാഖമാരും പുരുഷമനുഷ്യരും ആകാരവടിവില്‍ പേശികളുടെ ദൃഢതയിലും ഞരമ്പുകളുടെ തിളക്കത്തിലും അത്തരത്തിലുള്ള ചിത്രങ്ങള്‍ ആദ്യമായി വരച്ചത്‌ താനല്ല? അതു കണ്ടിട്ട്‌ ദഹിക്കാത്ത കുറേ കൂട്ടര്‍. ഇതൊക്കെ ചിത്രീകരിക്കാന്‍ കഴിവില്ലാത്തവര്‍. അവര്‍ ചെന്നായ്ക്കളെപ്പോലെ ഓരിയാന്‍ ഇടുന്നു.

പിന്നെ ചെറുപ്പക്കാരായ ചിത്രകാരന്മാര്‍. പൌളോ, വേറോണീസ്‌, ടിന്റേ റെറ്റോ. അവരൊക്കെ വരച്ചു പഠിക്കാന്‍ തുടങ്ങുന്നവര്‍. അവരും പൊതുജനസമമക്ഷത്തു വന്ന്‌ അഭിപ്രായം തട്ടിമൂളിക്കുന്നതാണ്‌ പരിതാപകരം. അല്ല, ഇതൊന്നും അവരുടെ അഭിപ്രായങ്ങള്‍ ആയിരിക്കണമെന്ന്‌ നിര്‍ബ്ബന്ധമില്ല. അവരെ പ്രേരിപ്പിച്ചുവിട്ട്‌ മാന്യമായി നിലകൊള്ളുന്ന ഇപ്പോള്‍ പ്രശസ്തിയി
ലേക്കുയരുന്ന എല്‍ഗ്രീക്കോ, പോണ്ടോറോമാ തുടങ്ങിയവരൊക്കെ ആയിരിക്കില്ലേ എന്നാരു കണ്ടു. അവര്‍ക്കുമൊക്കെ അസൂയ കണ്ടേക്കാം. പകല്‍ മാന്യന്മാര്‍!

ആയിടെയാണ്‌ മറ്റൊരു പൊട്ടിത്തെറിക്കല്‍ ഉണ്ടായത്‌. പോപ്പ്‌ പോള്‍ മൂന്നാമന്‍ ഇംഗ്ലണ്ടിലെ രാജാവായ ഹെന്‍റി എട്ടാമനുമായി ഉണ്ടായ തെറ്റല്‍. ഇടയ്ക്കൊക്കെ അങ്ങനെ വിള്ളല്‍ സംഭവിക്കാറുണ്ടെങ്കില്‍ത്തന്നെ അതത്ര ഗുരുതരമാകാറഠില്ലായിരുന്നു. എന്നാലിതിപ്പോള്‍ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്നു. അത്‌ വേണ്ടായിരുന്നു എന്നുതന്നെ മൈക്കിള്‍ആന്‍ജലോയ്ക്കു തോന്നി. ബുദ്ധിമാനും നയത്ന്ത്രജ്ഞനുമെന്നു കരുതിയിരുന്ന പോപ്പ്‌ പോളിന്‌ വന്ന ഒരു വലിയ വീഴ്ച!

യുവാവായ തോമാസോതന്നെയാണ്‌ ആ വാര്‍ത്തയുമെത്തിച്ചത്‌. ഗുരോ, പോള്‍ പാപ്പയും ഇംഗ്ലണ്ടിലെ ഹെന്‍റി എട്ടാമന്‍ രാജാവും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. ഇംഗ്ലണ്ട്‌ ആംഗ്ലിക്കന്‍ ചര്‍ച്ച്‌ എന്ന പേരില്‍ സ്വതന്ത്രമായി.

അപ്പോള്‍ പോപ്പിന്റെ അധികാരപരിധി വിട്ടെന്നോ?

അതേ, ഇനിമുതല്‍ ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ പരമാധികാരിയും മേലദ്ധ്യക്ഷനും ഹെന്‍റി എട്ടാമന്‍ രാജാവുതന്നെ എന്ന്‌ അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. രാജാവ്‌ തിരുമനസ്സുകൊണ്ട്‌ ആര്‍ച്ചുബിഷപ്പിനെ നിയമിച്ചിട്ടുണ്ട്‌, സഭാകാര്യങ്ങള്‍ നോക്കി നടത്താന്‍. അവിടെയുള്ള സന്യാസ സന്യാസിനീമന്ദിരങ്ങളും സഭയുടെ അധീനതയില്‍പ്പെട്ട എല്ലാ സ്ഥാപനങ്ങളുമിപ്പോള്‍ രാജാവിന്റെ
നിയന്ത്രണത്തില്‍ തന്നെ.

എന്താ കാരണം?

ഗുരോ, താങ്കള്‍ക്ക്‌ ഹെന്‍റി രാജാവിനെപ്പറ്റി കുറയൊക്കെ ധാരണ ഉണ്ടല്ലോ.

അതേ, അതേ. അതുകൊണ്ടുതന്നെയാണ്‌ ഇത്രയേറെ അത്ഭുതമായി തോന്നുന്നത്‌. ലിയോ പത്താമന്‍ പോപ്പിന്റെ കാലത്ത്‌ മാര്‍ട്ടിന്‍ ലൂതറെ ശക്തമായി എതിര്‍ത്ത്‌, ഡിഫന്‍സ്‌ ഓഫ്‌ സെവന്‍ സാക്രമന്റ്‌ എന്ന പുസ്തകം രചിച്ച്‌ പോപ്പ്‌ ലിയോ പത്താമനില്‍നിന്ന്‌ ഡിഫന്‍ഡര്‍ ഓഫ്‌ ഹെയിത്ത്‌ എന്ന ആദരവ്‌ വാങ്ങിയ ശക്തനായ രാജാവ്‌! അതുകഴിഞ്ഞ്‌ രണ്ടാമത്തെ പോപ്പ്‌ പോള്‍ മൂന്നാമനെന്ന ശക്തനായ പോപ്പുമായി ഇടഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‌ തക്കതായ കാരണമുണ്ടാകാം.

അതേ, ആ പഴയ കഥകളൊക്കെ താങ്കളും കേട്ടിട്ടുള്ളതല്ലേ?

പതിനെട്ടു വയസ്സായ ഹെന്‍റി രാജകുമാരന്‍, രാജാവായി അഭിഷിക്തനായപ്പോള്‍ അകാലത്തില്‍ മരണപ്പെട്ട സഹോദരന്റെ വിധവ കാതറിനെ അല്ലേ രാജ്ഞിയായി സ്വീകരിച്ചിരുന്നത്‌? അതില്‍ കുറെ സന്താനങ്ങള്‍ പിറന്നു, ചത്തും ചാപിള്ളയായുമൊക്കെ. ഒടുവില്‍ രാജകുമാരി മേരി മാത്രമല്ല അവശേഷിച്ചിരുന്നത്‌. അപ്പോള്‍ പുരുഷപ്രജ പിന്‍തുടര്‍ച്ച ഉണ്ടാകില്ലല്ലോ! അതുകൊണ്ട്‌ അന്ന്‌ പോപ്പായിരുന്ന ക്ലമന്റ്‌ ഏഴാമനെ രാജാവ്‌ ഒരു ഡിവോസിന്‌ സ്വാധീനിച്ചു. എന്നാല്‍ കാതറിന്റെ സഹായിയായി റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയും സ്പെയിന്‍ രാജാവുമായ ചാള്‍സ്‌ രാജാവിന്റെ ഇടപെടല്‍ അതിനു തടയിട്ടു. സ്വന്തം അമ്മായിയുടെ മാനം രക്ഷിക്കാന്‍.

അല്ലെങ്കിലും സഹോദരന്റെ വിധവയെ അന്നെടുത്ത്‌ രാജ്ഞിയാക്കിയതും അത്ര ശരിയായില്ലാ എന്നാണെനിക്ക്‌ മുമ്പും തോന്നിയത്‌.

ഗുരോ, അതിനും കാരണമില്ല, ഇംഗ്ലണ്ടും സ്പെയിനും തമ്മിലൊരാത്മബന്ധം. അത്‌ ഇപ്പോള്‍ തകര്‍ന്നൂന്നു പറഞ്ഞാ മതി. എന്നിട്ടിപ്പം എന്തുണ്ടായി പോപ്പ്‌ ക്ലെമന്റ്‌ പെട്ടെന്ന്‌ മരിക്കുക പിന്നീട്‌ അഭിഷിക്തനായ പോപ്പ്‌ പോളിന്റെ തീരുമാനവും അതുതന്നെയായിരുന്നു. കാതറിന്‍ രാജ്ഞി ജീവിച്ചിരിക്കെ മറ്റൊരു രാജ്ഞി പാടില്ല. പ്രശ്നം എന്തുതന്നെയായാലുമെന്ന്‌.

അതൊരു കലാപത്തിന്റെ കലാശക്കോട്ട കത്തലാണല്ലോ. മൈക്കിള്‍ആന്‍ജലോ കൂട്ടിച്ചേര്‍ത്തു.

അതു വേണ്ടായിരുന്നു. പ്രൊട്ടസ്റ്റാനിസം നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍. അതിനെ ചെറുക്കാനായിരുന്നല്ലോ പോള്‍ പോപ്പിന്റെ ശ്രമം. അതായിരുന്നല്ലോ, അന്ത്യവിധി സെസ്റ്റീന്‍ ചാപ്പലില്‍ വരപ്പിച്ചതിന്റെ ലക്ഷ്യവും. ബുദ്ധിമാനും നയത്രന്രജ്ഞനും എന്നു കരുതിയിരുന്ന പോപ്പിന്റെ വിവേകമില്ലായിമ!

തോമാസോ മറ്റൊന്നുകൂടി ഉറപ്പിച്ചു പറഞ്ഞു:

അല്ലങ്കിലും പോപ്പ്‌ എന്തു നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നെങ്കിലും അതിന്‌ പ്രയോജനമുണ്ടാകുമായിരുന്നില്ല. നാല്പത്തിരണ്ടു വയസ്സുള്ള ഹെന്‍റി എട്ടാമന്‍ രാജാവ്‌, ഇതിനകം പത്തൊന്‍പതുകാരിയായ സുന്ദരി ആനിയെ പരിണയിച്ച്‌ രാജ്ഞിയാക്കിയിരുന്നു, ആരുടെയും അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ. രാജ്ഞി ആനി ഗര്‍ഭിണിയുമാണെന്നാണ്‌ കേള്‍ക്കുന്നത്‌.

കാലച്രക്രം കറങ്ങി. യൂറോപ്പില്‍ മതമത്സരത്തിന്റെ വിഷവായു ഊതി പ്രൊട്ടസ്റ്റാനിസവും ആംഗ്ലിക്കന്‍സഭയും അനുദിനം വളര്‍ന്നു. പഴയ മാമൂലുകള്‍ക്കേറെ വൃതിയാനം ഉണ്ടായി. രാജാക്കന്മാരും പോപ്പുമാരും തമ്മില്‍ മത്സരിച്ചപ്പോള്‍ വിവാഹവും വിവാഹമോചനത്തിനും മാറ്റങ്ങള്‍വന്നു. വിവാഹ ബന്ധങ്ങള്‍ക്ക്‌ പുതിയ അര്‍ത്ഥതലങ്ങള്‍ കൈവന്നു. ചേരാത്തതു വിട്ടുപിരിഞ്ഞു. വീണ്ടും സ്വതന്ത്രമായ കൂട്ടിച്ചേരലുകള്‍ ഉണ്ടായി. ഒരു സാംസ്‌കാരിക മാറ്റം സമൂഹത്തെ മാറ്റിമറിച്ചു. മനുഷ്യര്‍ ഏറെ സ്വതന്ത്രരായി. ആദ്ധ്യാത്മികത കടംകഥപോലെ മറ്റൊരു പുനരുത്ഥാനത്തിന്‌ കാത്തുകിടന്നു. നവീകരണം എന്ന ആശയത്തിലേക്ക്‌ സഭ തിരിഞ്ഞുനോട്ടം നടത്തി. പുതിയ ആശയങ്ങളെ ഉള്‍ക്കൊള്ളാനാകാതെ വൃദ്ധനായ പോപ്പ്‌ പോള്‍ മൂന്നാമന്‍ അക്കാലത്ത്‌ അന്തരിച്ചു. വാര്‍ദ്ധക്യവും ആത്മവ്യഥയുംകൊണ്ട്‌.

വീണ്ടുമൊരു പുതിയ പോപ്പ്‌, പുനഃരുദ്ധാരണത്തിന്റെ പ്രതിനിധിയായി അവരോധിക്കപ്പെട്ടു. കര്‍ദിനാള്‍ ജിയോവാനി മാറിയ സിയോക്കി പോപ്പ്‌ ജൂലിയസ്‌ മുന്നാമനെന്ന നാമധേയത്തില്‍. നയതന്ത്രജ്ഞനും ശാന്തനുമായ പോപ്പ്‌. വൃദ്ധനെങ്കിലും ഈര്‍ജ്ജസ്വലനായ പോപ്പ്‌. കലയിലും സംഗീതത്തിലുമൊക്കെ തല്‍പ്പരനായ പോപ്പ്‌ സഭയെ സംഘര്‍ഷങ്ങളില്‍നിന്ന്‌ കരകയറ്റാന്‍ ഏറെ ശ്രമിച്ചു. ഇടഞ്ഞുനിന്ന സ്പെയിനേയും ഫ്രാന്‍സിനെയും തന്ത്രപരമായി അനുനയിപ്പിച്ച്‌ അരക്ഷിതാവസ്ഥ ഒഴിവാക്കാന്‍ ശ്രമിച്ചു. ഏറെ പ്രധാനമായ നയതന്ത്രം. ഇംഗ്ലണ്ടിലെ രാജ്ഞി മേരിയെ വീണ്ടും കത്തോലിക്കാ സഭയിലേക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള സമാധാന ശ്രമം മൈക്കിള്‍ആന്‍ജലോയെ ഏറെ സന്തോഷിപ്പിച്ചു. അത്‌ പ്രൊട്ടസ്റ്റാനിസത്തോടുതന്നെയുള്ള ഒരു സമാധാന അനുരഞ്ജനംപോലെ മഹാശില്പി മൈക്കിള്‍ആന്‍ജലോ കരുതി.

ആയിടെയാണ്‌ മൈക്കിള്‍ആന്‍ജലോയെ വീണ്ടും റോമിലേക്ക്‌ ജൂലിയസ്‌ മൂന്നാമന്‍ ക്ഷണിച്ചത്‌. മൈക്കിള്‍ആന്‍ജലോ ആരോഗ്യപരമായിത്തന്നെ ക്ഷീണിതനും പടുവൃദ്ധനുമായിക്കൊണ്ടിരുന്നു. എഴുപത്തിയൊന്നു കഴിഞ്ഞ ശില്പി, മൂത്രത്തിലെ കല്ലുകള്‍കൊണ്ട്‌ ക്ലേശമനുഭവിച്ചിരുന്ന സമയം. എങ്കിലും തിരുമനസ്സിനെ കാണാന്‍ റോമിലെത്തി. എന്തായിരിക്കാം? ഇനി
ഒരു ദൗത്യം കൂടിയോ? പിതാവ്‌ തന്നില്‍നിന്ന്‌ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌. ഇനിയുമൊരു വലിയ ദൗത്യത്തിനു കെല്പില്ല. അനുദിനം വര്‍ദ്ധിച്ചുവരുന്ന പ്രായാധിക്യം. എല്ലാറ്റിനുമൊരു കടമ്പയുണ്ട്‌. അവിടെ എത്തിയാല്‍ പിന്നെ സാവധാനം ജീവിതത്തില്‍നിന്ന്‌ വിട്ടുനിന്ന്‌ ശേഷം ജീവിതത്തെ ധന്യമായി ജീവിച്ചുതീര്‍ക്കേണ്ടതുതന്നെ നന്ന്‌.

മൈക്കിള്‍ആന്‍ജലോ, ജൂലിയസ്‌ മൂന്നാമന്റെ മുമ്പിലെത്തി ആശീര്‍വാദം വാങ്ങി. പിതാവ്‌ മൈക്കിള്‍ആന്‍ജലോയെ സ്നേഹപൂര്‍വ്വം സ്വീകരിച്ച്‌ ആസനസ്തനാക്കി. പോള്‍ മൂന്നാമനെപ്പോലെ നീണ്ട നരച്ച താടിയുള്ള പോപ്പ്‌. തീക്ഷ്ണമായ അദ്ദേഹത്തിന്റെ ചാരക്കണ്ണുകള്‍ പ്രകാശിച്ചു;

സെഞ്ഞ്ചോര്‍ മൈക്കിള്‍ആന്‍ജലോ! താങ്കള്‍ ചെറുപ്പമല്ലെന്ന്‌ നമുക്ക്‌ നന്നായി അറിയാം. താങ്കള്‍ കഠിനമായി ഒന്നും അദ്ധ്വാനിക്കേണ്ടതുതന്നെയില്ല. താങ്കളുടെ ബുദ്ധിയും ഉപദേശവും ഈ അവസരത്തില്‍ വളരെ വിലപ്പെട്ടതാണ്‌. അത്‌ മറ്റാര്‍ക്കും ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതുപോലെ. ഒരു ഉപേക്ഷയും വേണ്ട. താങ്കളുടെ അത്രതന്നെ അല്ലെങ്കിലും നമുക്കും പ്രായമായി. ഇത്‌ നമ്മുടെ ആഗ്രഹമാണ്‌.

മൈക്കിള്‍ ആകെ ആശയയ്ക്കുഴപ്പത്തിലായി. എന്താണാവോ ജൂലിയസ്‌ പിതാവിന്റെ മനസ്സില്‍? വളരെ ലഘുവായ എന്തെങ്കിലുമാകുമോ?

(തുടരും…….)

Print Friendly, PDF & Email

Leave a Comment

More News