കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 31): ജോണ്‍ ഇളമത

പോപ്പ്‌ ജൂലിയസ്‌ മൂന്നാമന്‍ ഒരു മുഖവുരയോടെ പറഞ്ഞുതുടങ്ങി:

സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ കാര്യമാണ്‌ നാം പറഞ്ഞുവരുന്നത്‌. അതിന്റെ ഏറെക്കുറെ ചരിത്രം, സെഞ്ഞ്ചോര്‍ മൈക്കിള്‍ ആന്‍ജലോയ്ക്ക്‌ അറിയാമായിരിക്കണം. പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ കാലത്താണ്‌ അത്‌ ജാഗ്രതയില്‍ പൂതുക്കിപ്പണിയാന്‍ ആരംഭിച്ചത്‌. അന്ന്‌ അതിന്റെ ആശയം സമാധാനത്തിന്റെ ഒരു ക്ഷേത്രം, അത്യന്തം പുതുമയോടെ പണിതുയര്‍ത്തുക എന്നതായിരുന്നല്ലോ. പോപ്പ്‌ ജൂലിയസ്സിന്റെ പ്രധാനശില്പി, ഡോണാറ്റോ ബ്രാമന്റെ സ്‌കെച്ചിട്ട്‌ തുടക്കംകുറിച്ചത്‌ വൃത്താകാരമായ ഒരു കമാനത്തോടെ. എന്നാല്‍ അദ്ദേഹത്തിന്‌ അതു പൂര്‍ത്തിയാക്കാനായില്ല. പിന്നീട്‌ പല പ്രസിദ്ധരായ ശില്പികളും ആ ദൗത്യം ഏറ്റെടുത്തു. റാഫേല്‍, അന്റോണിയോ ഡസാങ്ലോ തുടങ്ങിയവര്‍. എന്നാല്‍ ഇന്നും അത്‌ പണിതീരാതെ കിടക്കുന്നു. മൈക്കിള്‍ ആന്‍ജലോ അതൊന്നേറ്റെടുക്കണം. താങ്കള്‍ക്കു മാത്രമേ അത്‌ രൂപകല്‍പന ചെയ്ത്‌ മനോഹരമാക്കാനാകു. വരും വരാഴികകള്‍ കണ്ട്‌ ആവശ്യമെങ്കില്‍ പുതിയ സ്‌കെച്ചിട്ട്‌ നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ മതിയാകും. നാം വേണ്‍ത്ര വേതനം നല്‍കാം.

മൈക്കിള്‍ ഞെട്ടി. വയസ്സ്‌ എഴുപത്തിരണ്ടാകുന്നു. ഈ പ്രായത്തില്‍ ദശവര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു മഹാദൗത്യം ഏറ്റെടുക്കാനോ? എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം. വേണ്ടത്ര വേതനം തരാമെന്ന പോപ്പിന്റെ വാഗ്ദാനം. വാസ്തവത്തില്‍ തിരുമനസ്സിന്റെ ആഗ്രഹവും അപേക്ഷയുമല്ലേ! അപ്പോള്‍ മൈക്കിളിന്റെ മനസ്സിലൂടെ മറ്റൊന്നാണ്‌ കടന്നുപോയത്‌. വിശുദ്ധ തോമസ്‌ അക്വൈനാസിന്റെ വാക്കുകള്‍, “ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ്‌ നശിച്ചാല്‍ എന്തു പ്രയോജനം”! ശേഷിച്ച ഈ ആയുസ്സില്‍ ദൈവമഹത്വത്തിനുവേണ്ടി നീ എന്തുചെയ്തു? അന്തരാത്മാവില്‍ ആരോ മുട്ടിവിളിച്ചു ചോദിക്കുന്നു എന്ന്‌ മൈക്കിളിന്‌ തോന്നി.

ചെവിയോര്‍ത്തു -അപ്പോഴും പോപ്പ്‌ ജൂലിയസ്സ്‌ മുന്നാമന്‍ തന്നോട്‌സംസാരിച്ചുകൊണ്ടിരിക്കുന്നു.

സെഞ്ഞ്വോര്‍ മൈക്കിള്‍ആന്‍ജലോ ഒന്നും മിണ്ടുന്നില്ലല്ലോ. താങ്കളെ ഈ ദൗത്യത്തിലേക്ക്‌ ക്ഷണിച്ചത്‌ ചിത്രരചനയിലും ശില്‍പകലയിലും വാസ്തു ശില്പകലയിലും താങ്കളെ ജയിക്കാന്‍ മറ്റൊരാള്‍ ഇല്ലാത്തതുകൊണ്ടുതന്നെ!

മൈക്കിള്‍ആന്‍ജലോ പെട്ടെന്നു പറഞ്ഞുപോയി;

പിതാവേ, ഞാനോ ഈ പ്രായത്തില്‍!

അതിനെന്താ, ഒരുപക്ഷേ, നാമും താങ്കളും ഈ ദൗത്യം തീരുംമുമ്പേ ഈ ലോകം വിട്ടുപോയേയ്ക്കാം. സെഞ്ഞ്ചോര്‍ മൈക്കിള്‍ആന്‍ജലോ നമ്മുടെ നിക്ഷേപങ്ങളെല്ലാം സ്വര്‍ഗ്ഗരാജ്യത്തിലായിരിക്കവേ, താങ്കള്‍ ഈ പണി ഏറ്റെടുത്താല്‍ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും.

മൈക്കിളിന്റെ മനസ്സില്‍നിന്ന്‌ ഒരു ഭൂതോദയം ഇറങ്ങിവന്നു.

ശരിയാ പിതാവേ, ഈ ദൗത്യം ഞാന്‍ ഏറ്റെടുക്കാം. മരണംവരെ, എനിക്കീ പുണ്യപ്രവൃത്തിക്ക് ഒരു വേതനവും വേണ്ട. ദൈവം കടാക്ഷിച്ച്‌ വേണ്ടത്ര സമ്പത്തുണ്ട്‌. ഇതെന്റെ ആത്മാവിന്റെ നിത്യരക്ഷയ്ക്കുവേണ്ടി ആകട്ടെ, സ്വര്‍ഗ്ഗത്തിലേക്കുള്ള നിക്ഷേപം! ഇപ്പോള്‍ത്തന്നെ വത്തിക്കാന്‍ ചാപ്പലില്‍ രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതേയുള്ളു. കാലം ചെയ്ത പോപ്പ്‌ പോളുമായുള്ള ഉടമ്പടിപ്രകാരം ഇതോടുകൂടി ഇനി വിശ്രമത്തിലേക്ക്‌ കടക്കാന്‍ ഉദ്ദേശിച്ചിരിക്കവെയാണ്‌ അവിടുന്ന്‌ എന്നെ വീണ്ടുമൊരു നീണ്ട
ദൗത്യത്തിലേക്ക്‌ ക്ഷണിക്കുന്നത്‌.

ആ ചിത്രങ്ങള്‍ നാം കണ്ടിരുന്നു. വിശുദ്ധ പൌലോസ്‌ സ്ലീഹായുടെ ക്രിസ്തുമത പരിവര്‍ത്തനവും വിശുദ്ധ പത്രോസ്‌ സ്ലീഹായുടെ ക്രൂരമായ ക്രുശുമരണവും ആ രണ്ടു ചിത്രങ്ങള്‍ സെഞ്ഞ്വോര്‍ മൈക്കിള്‍ആന്‍ജലോ അനശ്വരമാക്കി ചിത്രീകരിച്ചിരിക്കുന്നു. ബൈബിളില്‍ക്കൂടെ നാം കടന്നുപോകുന്ന വിശ്വാസസത്യങ്ങളുടെ നേര്‍ക്കാഴ്ച. ആരും കണ്ണിമയ്ക്കാതെ ആ ചിത്രങ്ങള്‍ നോക്കിനിന്നുപോകും. പ്രത്യേകിച്ച്‌ പത്രോസ്‌ സ്ലീഹായെ തലകീഴായി ക്രൂശില്‍ തറയ്ക്കുമ്പോള്‍ സ്ലീഹായുടെ തുറിച്ച്‌ പുറത്തേക്കു വരുന്ന കണ്ണുകള്‍ കാഴ്ച്ചക്കാരിലേക്ക്‌ ചൂഴന്നിറങ്ങുന്ന കാഴ്ച ആരെയാണ്‌ നൊമ്പരപ്പെടുത്താത്തത്‌? ആര്‍ക്ക്‌ ഇത്ര തന്മയത്വമായി തലകീഴായി ഈ കുരിശുമരണം അടയാളപ്പെടുത്താനാകും?

മൈക്കിള്‍ആന്‍ജലോയുടെ മനസ്സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ ഒരു നൂറ്റാണ്ടു നീണ്ട വാസ്തുശില്പകലയുടെ ചുരുളിലൂടെ പരതിനടന്നു. എവിടെ ഇതാരംഭിച്ചു? ആര്‍, എങ്ങനെ ഏറെക്കുറെ ഈ ചരിത്രങ്ങള്‍ ചിത്ര രചനയിലും ശില്പകലയിലും ഏര്‍പ്പെട്ട കാലങ്ങള്‍ മുതലേ കേള്‍ക്കുന്നതാണ്‌. അന്നൊക്കെ ഓര്‍ത്തുപോയിട്ട്‌ ഒരിക്കല്‍ മഹാത്തായ ഒരു വാസ്തുനിര്‍മ്മാണത്തില്‍ പങ്കുചേരണമെന്ന്‌. ശില്പനിര്‍മ്മാണത്തിരക്കില്‍ അവിടേക്ക്‌ ഇതുവരെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഇതാ നല്ല ഒരു അവസരം! വളരെ വൈകിയവേളയില്‍, എങ്കിലും എത്തുന്നിടത്തെത്തട്ടെ.

പണ്ട്‌ നീറോ ച്രകവര്‍ത്തിയുടെ കാലത്ത്‌ ക്രൂശിക്കപ്പെട്ട അപ്പസ്തലനായ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനു മുകളിലാണ്‌ ബസിലിക്ക എന്നതാണ്‌ വിശ്വാസം. പത്തമ്പതു വര്‍ഷത്തിനുശേഷം ക്രിസ്തുമതം സ്വീകരിച്ച കോണ്‍സ്റ്റൈന്‍ ചക്രവര്‍ത്തിയാണ്‌ വിശുദ്ധ പത്രോസിന്റെ നാമത്തില്‍ അവിടെ ഒരു ആരാധനാലയം പണിയിച്ചത്‌. പിന്നീടൊരു നീണ്ട ഇടവേളയ്ക്കുശേഷം
പതിനാലാം നൂറ്റാണ്ടില്‍ പോപ്പ്‌ നിക്കോളവോസ്‌ അഞ്ചാമനാണ്‌ നവോത്ഥാനത്തിന്റെ ആരംഭകാലത്ത്‌ ഇത്തരമൊരു ദീര്‍ഘകാലപദ്ധതിക്കു തുടക്കമിട്ടത്‌. പഴയ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിച്ച്‌ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്ക പണിയുക! വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികളായ റോമിലെ പാപ്പമാരുടെ പ്രത്യേക കത്തീഡ്രലായി. പിന്നീട്‌ ഏ്ഡിയന്‍ ആറ്‌ ക്ലമന്റ്‌ ഏഴ്‌, പോള്‍ മുന്ന്‌, ഇപ്പോഴിതാ ജൂലിയസ്‌ മൂന്നാമന്‍ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ തത്രപ്പെടുന്നു.

ഇതിനിടെ എത്രയെത്ര ശില്പികള്‍ പണികള്‍ ഏറ്റെടുത്തു. ഡോണാറ്റോ ബ്രാംന്റെ, ജൂലിയാനോ ഡ സാങ്ലോ, ഫ്രാ ജിയോകോണ്ടോ, റാഫേലോ സാന്‍സിയോ (റാഫേല്‍), ബാല്‍ഡസ്സാറെ പേറുസ്സി, അന്റോണിയാ ഡസാങ്ലോ തുടങ്ങിയവര്‍. ബ്രാംന്റെ പണിയാല്‍ സ്കെച്ചിട്ടത്‌ ഗ്രീക്കു കുരിശാകൃതിയിലുള്ള ഒരു കത്തീഡ്രലാണ്‌. എന്നാല്‍ ഒടുവില്‍ അതിന്റെ സ്‌കെച്ച്‌ ലത്തീന്‍ രൂപത്തില്‍ സമഭൂജങ്ങള്‍ക്കു പകരം, ഇന്നത്തെ കുരിശാകൃതിയാക്കിയത്‌ അന്റോണിയോ ഡ സാങ്ലോയാണ്‌.

വാര്‍ദ്ധകൃത്തിലും അകാലത്തിലും ഓരോരുത്തരായി ശില്പികളും പോപ്പുമാരും ലോകത്തോട്‌ വിടപറഞ്ഞപ്പോള്‍ പണിതീരാത്ത ബസിലിക്ക കാലങ്ങളോളം തനിക്കുവേണ്ടി കാത്തുകിടന്നത്‌ ഒരു ദൈവനിയോഗമെന്ന്‌ മൈക്കിള്‍ആന്‍ജലോ കരുതി. തന്നെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു. ഒരു നിമിത്തംപോലെ. അല്ലെങ്കിലും ദൈവത്തിന്റെ അദൃശ്യമായ കൈകള്‍ ഭൂമിയില്‍ ഓരോരുത്തരുടെയും മേല്‍ വന്നുഭവിക്കുന്നു. അത്‌ യാദ്യച്ഛികമാണോ? അതിലപ്പുറം അത്‌ എഴുതപ്പെട്ടിരിക്കുന്നു എന്നല്ലേ കരുതേണ്ടത്‌.

പണി തീരാത്ത ബസിലിക്കയുടെ മുമ്പില്‍ അവിടവിടെ പച്ചയും കറുപ്പും കറവീണ പത്രോസ്‌ സ്ലീഹായുടെ ഒട്ടുപ്രതിമ! റോമിലെ ആദ്യത്തെ പോപ്പ്‌, വിശുദ്ധ പത്രോസ്‌ അപ്പസ്തോലന്‍, സിംഹാസനത്തില്‍ ഇരിക്കുന്നു. വിശുദ്ധിയുടെ വിളംബരം അറിയിക്കുന്ന
ചക്ര കീരിടം, തലയില്‍ പേറി വലതു കൈയില്‍ യേശുതമ്പുരാന്‍ കല്പിച്ചു കൊടുത്ത സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ഉയര്‍ത്തിയ ഇടതുകരത്തിലെ രണ്ടംഗുലികളുയര്‍ത്തി മനുഷ്യരാശിക്ക്‌ സമാധാനം അര്‍പ്പിക്കുന്ന വിശുദ്ധ പത്രോസ്ശ്ലീഹാ! അപ്പോള്‍
മൈക്കിള്‍ആന്‍ജലോ അദൃശ്യമായ ഒരു ശബ്ദം കേട്ടു;

“കേഫാ എന്നു വിളിക്കപ്പെടുന്ന ശമയോന്‍ പത്രോസേ, നീ പാറയാകുന്നു. നീയാകുന്ന പാറമേല്‍ ഞാനെന്റെ സഭയെ പണിയും.”

രണ്ടായിരത്തിലേറെ സംവത്സരങ്ങള്‍ക്കുമുമ്പ്‌ യേശുതമ്പുരാന്‍ അരുളിയവാക്കുകള്‍!

മൈക്കിള്‍ആന്‍ജലോയുടെ അന്തരാത്മാവ്‌ മന്ത്രിച്ചു:

അതേ കേഫാ, അപ്പോസ്തലന്മാരുടെ പ്രമാണീ, നിനക്കുവേണ്ടി ഞാന്‍ ഒരു മനോഹരമായ ഒരു കത്തീഡ്രല്‍ നിര്‍മ്മിക്കും. ആരും ഇതുവരെ ദര്‍ശിക്കാത്ത വാസ്തുശില്പചാതുര്യത്തില്‍, അത്‌ എന്റെ എക്കാലത്തെയും ഒരു അഭിവാഞ്ഛയാണ്‌!

പെട്ടെന്ന്‌ മൈക്കിള്‍ആന്‍ജലോ ഉണര്‍ന്നു. ഒരു ഭൂതകാലത്തിന്റെ സ്മരണകളില്‍നിന്ന്‌ ഒരു മഹാശില്പി ഉയര്‍ത്തെണീറ്റുവന്നു. ആരാണീ ശില്പി? സ്വന്തം ഛായയില്‍ പത്രോസ്‌ സ്ലീഹായെ ചെമ്പില്‍ കൊത്തിയ ഫ്ളോറന്‍സിലെതന്നെ മഹാശില്പി, ആല്‍ഫര്‍നോ ഡി കാംപിയോ! പതിമുന്നാം നൂറ്റാണ്ടിലെ ആദ്യകാല ശില്പിയും വാസ്തുശില്പ ആചാര്യനും ഗോഥിക്‌ വാസ്തു ശില്പകലയുടെ ഉപജ്ഞാതാവും. ഫ്ളോറന്‍സിലെ ആര്‍നോ നദിയുടെ തീരങ്ങളിലെ കപ്പേളകളിലും പള്ളികളിലും കത്തീഡ്രലുകളിലും ഗോഥിക്‌ രൂപകല്പന ചെയ്ത ആദ്യകാല പ്രശസ്ത ശില്പിയുടെ കരസ്പര്‍ശങ്ങള്‍ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അവയുടെ മുകളിലിന്നും വിശുദ്ധ പത്രോസിനെപ്പോലെ ചുരുണ്ട മുടിയും തടിയുമുള്ള ആല്‍ഫോര്‍നോ ഡി കാംപിയോ എന്ന മഹാശില്പിയുടെ മായാത്ത മുഖമുദ്രകള്‍ ദര്‍ശിക്കാം. അവരൊക്കെയല്ലേ തന്നെ മാര്‍ബിള്‍ക്കല്ലുകളില്‍ അനശ്വരമായ ജീവനുള്ള
ശില്പങ്ങള്‍ കൊത്താന്‍ പഠിപ്പിച്ചത്‌?

(തുടരും……)

Print Friendly, PDF & Email

Leave a Comment

More News