മാവൂർ: ഇ എം സിന്റെ കാലത്ത് ബിർളക്ക് കൊടുത്ത മാവൂരിലെ ഭൂമി സംസ്ഥാന സർക്കാർ തിരിച്ചു പിടിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘ഒന്നിപ്പ്’ കേരള പര്യടനത്തിൻ്റെ ഭാഗമായി മാവൂർ ഗ്വാളിയോർ റയോൺസ് സമരഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവൂർ ഗ്വാളിയോർ റയോൺസ് ചരിത്രത്തിന്റെ ഭാഗമായിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. 1959 ൽ ഇ എം എസ് സർക്കാരാണ് വ്യവസായം നടത്താൻ ബിർളക്ക് വേണ്ടി 250 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുത്തു നൽകിയത്. കഴിഞ്ഞ 22 വർഷത്തിനിടെ ഈ പ്രദേശം വനഭൂമിക്ക് സമാനമായി മാറിക്കഴിഞ്ഞു.
കേരളത്തിൽ ഏതൊരു പദ്ധതി നടപ്പാക്കുന്നതിനും പ്രധാന വെല്ലുവിളി ഭൂമി ഏറ്റെടുക്കലാണെന്നിരിക്കെയാണ് ഏക്കർ കണക്കിന് ഭൂമി ആർക്കും ഉപകാരപ്പെടാതെ കാട് കയറിക്കിടക്കുന്നത്. നാടിനനുയോജ്യമായതും പരിസ്ഥിതി സൗഹൃദപരവുമായ സംരംഭങ്ങൾക്ക് വേണ്ടി ഈ ഭൂമി പ്രയോജനപ്പെടുത്തണം. സർക്കാർ അതിന് മുൻകൈ എടുക്കേണ്ടതുണ്ട്.
ബിർള കമ്പനിക്ക് കൊടുത്ത ഭൂമി അവർ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെങ്കിൽ അത് തിരിച്ചെടുക്കാൻ ഇവിടെ വ്യവസ്ഥയുണ്ട്. കമ്പനി ഭൂമി വിട്ടു തരുന്നില്ലെങ്കിൽ
സംസ്ഥാന സർക്കാർ അത് നിയമപരമായി ഏറ്റെടുക്കണം. എന്നാൽ സംസ്ഥാന സർക്കാരും ബിർള കമ്പനിയും ഈ വിഷയത്തിൽ ഒത്തു കളിക്കുകയാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കേസിൽ 23 തവണയാണ് സർക്കാർ വക്കീൽ ഹാജരാകാതിരുന്നത്.
ഒരു ജനതയെ ആകെ വഞ്ചിച്ച ഗ്രാസിം മാവൂർ വിടണം. അതിന് സർക്കാർ തലത്തിലുള്ള നടപടികൾക്കൊപ്പം ബഹുജന സമ്മർദ്ദവും ഉയർന്നു വരേണ്ടതുണ്ട്. വിഷയം മാവൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ചർച്ച ചെയ്യുകയും തുടർ നിയമ – പ്രക്ഷോഭ നടപടികൾ സ്വീകരിക്കുന്നതിന് ഐക്യകണ്ഠേന തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. സമരത്തിന് വെൽഫെയർ പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടാകും. കമ്പനിയിൽ നിന്ന് ഭൂമി പൂർണ്ണമായും തിരികെ വാങ്ങി കൂടുതൽ ഗുണപ്രദമായ രീതിയിൽ വിനിയോഗിക്കാൻ സർക്കാർതലത്തിൽ നടപടി എടുക്കുന്നത് വരെ സമരത്തെ എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോഴിക്കോട് ജില്ലയിലെ പര്യടനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, ചരിത്രകാരൻ എം ജി എസ് നാരായണൻ, താമരശ്ശേരി ആർച്ച് ബിഷപ്പ് ഇഞ്ചനാനിയേൽ, മലബാർ ചേംബർ ഓഫ് കൊമേഴ്സ് എം എ മെഹബൂബ്, വൈക്കം മുഹമ്മദ് ബഷീർ വീട്, വിവേകാനന്ദ മിഷൻ ആശ്രമം സ്വാമി ഭാവ പ്രിയാനന്ദ, ആക്ടിവിസ്റ്റ് ഗ്രോ വാസു എന്നിവരെ സന്ദർശിച്ചു.
സമരസമിതി ചെയർമാനും മാവൂർ പഞ്ചായത്ത് പ്രസിഡണ്ടും കൂടിയായ ടി രഞ്ജിത്, സമര സമിതി കോഡിനേറ്റർ കെ പി രാജശേഖരൻ, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ സി ആയിഷ, ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുൽ ഹക്കീം , സംസ്ഥാന സെക്രട്ടറിമാരായ ഉഷാകുമാരി, അൻസാർ അബൂബക്കർ, ജില്ലാ പ്രസിഡൻ്റ് ടി കെ മാധവൻ, സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രിക കൊയിലാണ്ടി, ഷമീർ മാവൂർ തുടങ്ങിയവർ സംസാരിച്ചു.