പള്ളിക്കൽ: കുഞ്ഞുമനസ്സുകളിൽ വിരിഞ്ഞ കഥകളും കവിതകളും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും അനുഭവ സമ്പത്തിൽ രചിക്കപ്പെട്ട രചനകളും സമ്മേളിച്ചപ്പോൾ പള്ളിക്കൽ നടുവിലേമുറി എൽപിഎസ് ഒരുക്കിയത് വ്യത്യസ്തമായ കയ്യെഴുത്തു മാസിക. വായന പക്ഷാചരണക്കാലത്ത് കുട്ടികളുടെ ആഗ്രഹപ്രകാരമാണ് കയ്യെഴുത്തു മാസിക തയ്യാറാക്കാൻ അധ്യാപകർ മുൻകൈയെടുത്തത്. രക്ഷിതാക്കളും ഒപ്പം ചേർന്നപ്പോൾ 50 രചനകളുടെ സംഗമമായി കയ്യെഴുത്ത് മാസിക തയ്യാറായി. രക്ഷിതാവായ ശ്രീലക്ഷ്മി സരിത്ത് ആണ് മയിൽപീലി, വിവിധ ഇലകൾ എന്നിവ ഉപയോഗിച്ച് കവർപേജ് തയ്യാറാക്കിയത്. കവർ ചിത്രത്തിൽ നേർവരകളായി സ്കൂളിന്റെ സ്കെച്ചും ചേർന്നപ്പോൾ അതിന് ഏറെത്തിളക്കം. കുട്ടികളും രക്ഷിതാക്കളും നിർദ്ദേശിച്ച 34 പേരുകളിൽ നിന്നും നറുക്കിട്ടടുത്ത് കുരുന്നെഴുത്ത് എന്ന പേരും കയ്യെഴുത്ത് മാസികയ്ക്ക് നൽകി. പ്രതീക്ഷ രഞ്ജിത് എന്ന രക്ഷിതാവാണ് കുരുന്നെഴുത്ത് എന്ന പേര് നിർദ്ദേശിച്ചത്.
കയ്യെഴുത്തു മാഗസിന്‍റെ പ്രകാശന കർമ്മം മാവേലിക്കര എ.ആർ.രാജരാജവർമ്മ സ്മാരക ഭരണസമിതി അംഗം ബിനു തങ്കച്ചൻ നിർവഹിച്ചു. ഭരണിക്കാവ് പഞ്ചായത്തംഗം എൽ. അമ്പിളി പുസ്തകം ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ഷേരളി പി. മാമൻ, സ്കൂൾ മാനേജർ എൻ മുരളീധരൻ പിള്ള, അധ്യാപിക എം. പ്രിയ, മുൻ പ്രഥമധ്യാപിക കെ.എൽ. വത്സലാദേവി തുടങ്ങിയവർ പ്രസംഗിച്ചു.