കോഴിക്കോട്: ബി ജെ പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള അവരുടെ നീക്കമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കോഴിക്കോട് പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെയും വിവിധ മത – സമുദായ – ഗോത്ര വിഭാഗങ്ങളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്കാസനം ചെയ്യൽ സവർണ്ണ വംശീയ അജണ്ടകളിൽ പെട്ടതാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് ഇപ്പോൾ വീണ്ടും ബി ജെ പി ഏകീകൃത കോഡിനെ ചർച്ചകളിലേക്ക് കൊണ്ട് വരുന്നത്. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ മറുവശത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ് ബി ജെ പി ഇക്കാലമത്രയും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഏകീകൃത സിവിൽ കോഡിനെ മുസ്‌ലിം സമൂഹവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമാക്കി പരിമിതപ്പെടുത്തുക എന്നത് സംഘ്പരിവാറിൻ്റെ രാഷ്ട്രീയാവശ്യമാണ്.
“യഥാർത്ഥത്തിൽ എല്ലാ മത – സമുദായ – ഗോത്ര വിഭാഗങ്ങളുടെയും സ്വതന്ത്ര അസ്തിത്വത്തെയും രാജ്യത്തിൻ്റെ മുഴുവൻ സാംസ്കാരിക വൈവിധ്യങ്ങളെയും ബാധിക്കുന്ന ആശയമാണത്. അതിനെ മറച്ചു പിടിച്ച് ധ്രുവീകരണത്തിലൂടെയും ദ്വന്ദ്വ നിർമിതിയിലൂടെയും തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നാണ് ബി ജെ പി ഇപ്പോൾ കണക്ക് കൂട്ടുന്നത്. ധ്രുവീകരണ അജണ്ടകളെ തിരിച്ചറിഞ്ഞ് അതിനെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും സംഘ്വിരുദ്ധ രാഷ്ട്രീയം ഉന്നയിക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകളും ഒന്നിച്ചണി നിരക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളും സമാന സ്വഭാവത്തിൽ ഉള്ളതാണ്. ഏകീകൃത സിവിൽ കോഡിനെതിരെ വിശാല പ്രതിരോധത്തെ കുറിച്ച് പറയുന്ന സി പി എമ്മും വിഷയത്തെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ്. യഥാർത്ഥത്തിൽ ഏകീകൃത സിവിൽ കോഡിനുവേണ്ടി നിലകൊണ്ട ചരിത്രമുള്ള പാർട്ടിയാണ് സി പി എം. ഷാബാനു കേസിന്റെ സന്ദർഭത്തിൽ കേരളത്തിൽ സി പി എം കൈക്കൊണ്ട നിലപാടുകളും അവർ നടത്തിയ പ്രചരണങ്ങളുമാണ് കേരളീയ ചരിത്രത്തിൽ ആദ്യമായി ആർ എസ് എസ് രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പിൽ നേരിയ തോതിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കിയത്.
എങ്കിലും ഇപ്പോൾ സി പി എം ഏകീകൃത സിവിൽ കോഡിനെതിരെ ശബ്ദമുയർത്തുന്നത് സ്വാഗതാർഹമാണ്. എന്നാൽ, അപ്പോഴും ബി ജെ പി ഉയർത്തുന്ന അതേ ധ്രുവീകരണ ഭാഷയാണ് പ്രതിരോധിക്കാനാണെന്ന ഭാവത്തിൽ സി പി എമ്മും ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഏകീകൃത സിവിൽ കോഡ് മുസ്‌ലിം വിഷയമായി മാത്രം പരിമിതപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതിൽ തന്നെ ചില മുസ്‌ലിം സംഘടനകളെയും രാഷ്ട്രീയ സംഘടനകളെയും ഒഴിവാക്കിക്കൊണ്ടുള്ള പ്രതിരോധം കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമുള്ള നാടകമാണ്. ബി ജെ പി മനസ്സിൽ കണ്ടത് മാനത്ത് കാണിച്ചു കൊടുക്കുന്ന നീക്കമാണ് സി പി എം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
സംഘ്പരിവാറിന്റെ ഇത്തരം വംശീയ നീക്കങ്ങൾക്കെതിരിൽ വിശാലമായ പ്രതിരോധങ്ങളാണ് ഇപ്പോൾ നമുക്കാവശ്യം. പൊതുസമൂഹം ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്പിക്കണം. സംഘ്പരിവാർ രാഷ്ട്രീയം ഒരുക്കുന്ന കെണികളെ തിരിച്ചറിഞ്ഞുകൊണ്ട് കൂടുതൽ ജാഗ്രത്തായ നീക്കങ്ങൾ വിവിധ കോണുകളിൽ നിന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ താത്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി സംഘ്പരിവാറിന് ചൂട്ട് പിടിച്ചു കൊടുക്കുന്ന നീക്കങ്ങളിൽ നിന്ന് സി പി എം പിന്മാറണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ സി ആയിഷ, സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അബ്ദുൽ ഹകീം, സെക്രട്ടറി ഉഷാ കുമാരി, സംസ്ഥാന പ്രവർത്തക സമിതിയംഗം ഷംസീർ ഇബ്രാഹിം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി കെ മാധവൻ, ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.