തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക്, പ്രത്യേകിച്ച് വടക്കൻ മേഖലയിലുള്ളവർക്ക് തലസ്ഥാനത്തേക്ക് എത്താൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചത്
സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ സ്വകാര്യ ബില്ല് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ പിന്നീട് പാർട്ടിയ്ക്കകത്ത് നിന്ന് തന്നെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്.
ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം തള്ളണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഇതിന് പിന്നാലെ തലസ്ഥാനം മാറ്റണമെന്ന ബില്ലുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടായതെന്ന് ഹൈബി ഈഡൻ മാധ്യമങ്ങളോട് വിശദീകരിച്ചു.