അപ്രതീക്ഷിത യാത്രകൾ തരുന്ന മാധുര്യം ഒട്ടും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കൂടെ പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത മനസടുത്തു നിൽക്കുന്ന കൂട്ടുകാർ കൂടിയുണ്ടെങ്കിൽ യാത്ര അതീവ ഹൃദ്യവുമായിരിക്കും.
മഴക്കാലമെങ്കിലും ഇടയ്ക്ക് തെളിഞ്ഞും ചാറിയും വെയിലും മഴയും പന്തയം വച്ച് കളിക്കുന്ന ഒരു ഞായർ പകലിൽ, അതിസുന്ദരമായ നെല്ലറയുടെ നാട്ടിലെ ഗ്രാമീണ തനിമ ഒട്ടും ചോർന്നു പോകാത്ത, തമിഴ് മലയാളം സങ്കരസംസ്കാരം നില നിൽക്കുന്ന, ചിറ്റൂർ താലൂക്കിലെ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലുള്ള അഞ്ചാം മൈൽ ഗ്രാമത്തിലെ കുന്നുംപിടാരി മല കാണാൻ ആയിരുന്നു ഞങ്ങൾ യാത്ര പുറപ്പെട്ടത്.
ചിറ്റൂർ കൊഴിഞ്ഞമ്പാറ റോഡിൽ വണ്ണമട റോഡിൽ നിന്നും ഏകദേശം നൂറു മീറ്റർ ഉള്ളിലേക്ക് കയറിയാണ് കുന്നുംപിടാരി മല സ്ഥിതി ചെയ്യുന്നത്. ഭൂസ്ഥിതി ഒറ്റനോട്ടത്തിൽ തമിഴ്നാടാണെന്ന് തോന്നിപോകുന്ന ഇവിടെ കൃഷിസ്ഥലങ്ങളും ഫാമുകളും ധാരാളമുണ്ട്. കാഴ്ച്ചയിൽ കൃഷി കൂടുതലും തെങ്ങുകൾ ആയിരുന്നു.
റോഡിൽ നിന്നും മുകളിലേക്ക് കയറുന്നിടത്തുള്ള ചെറിയൊരു ക്ഷേത്രമുണ്ട്. അവിടെ തൊഴുതു കൊണ്ട് ഞങ്ങള് മുകളിലേക്ക് നടന്നു കയറി. മുകളിൽ ഒരു ക്ഷേത്രമുണ്ട് കുന്നുംപിടാരി അമ്മൻ. പടവുകൾ കയറുന്നിടത്തു തന്നെ വണ്ടുകളുടെ മുരളൽ ആണ് ആദ്യമെന്റെ ശ്രദ്ധയിൽ വന്നത് പൂത്തു നിൽക്കുന്ന നാഗലിംഗമരത്തിൽ നിന്നായിരുന്നു അത്. ഏറെ എങ്ങും കാണപ്പെടാത്ത നാഗലിംഗപൂമരം ആ പ്രദേശത്തിന്റെ ഭംഗി എടുത്തുപറയുന്നുണ്ടായിരുന്നു.
ഒന്നിനൊന്ന് മെച്ചം എന്ന് പറഞ്ഞാൽ മാത്രം പോരാ അതിസുന്ദരമെന്നു പറഞ്ഞു കൊണ്ട് പടികൾ കയറുമ്പോൾ അവിടെ പടിക്കെട്ടുകളിൽ പ്രണയ ജോഡികൾക്കു പ്രവേശനം ഇല്ലെന്നൊരു വിചിത്രമായൊരു ബോർഡും കണ്ടു.!
തെളിഞ്ഞ മാനത്ത് പൊടുന്നനെയാണ് മേഘകീറുകളെ കീറിമുറിച്ചുകൊണ്ട് മഴ പെയ്യാൻ തുടങ്ങിയത്. പെട്ടെന്നുണ്ടായ ഇടിയും കാറ്റും മഴയും തെല്ലൊന്ന് പരിഭ്രമിപ്പിച്ചു എങ്കിലും ആ മഴയിൽ തന്നെ ഞങ്ങൾ മുകളിലേയ്ക്കു നടന്നു കയറി. പാറകെട്ടുകളിൽ കൊത്തിയെടുത്ത പടികളിൽ കുമ്മായം പൂശിയിരുന്നതിനാൽ കരിങ്കൽ പടികൾ കാണാൻ പറ്റി.
അലറി വിളിക്കുന്ന പാലക്കാടൻ കാറ്റ് കുടയെ മടക്കിയെടുത്തു കൊണ്ട് പറക്കാൻ നോക്കിയപ്പോൾ കുട മടക്കി നടന്നു. ഓരോ അടി മുകളിലേയ്ക്കു പോകും തോറും താഴ്വരയുടെ ഭംഗി ഏറിയേറി വരുന്നുണ്ടായിരുന്നു. ഇന്ന് വരെ കണ്ടറിഞ്ഞ മഴയിൽ എനിക്കേറ്റവും ഇഷ്ടമായത് കുന്നിൽ മുകളിലെ തണുത്തു വിറയ്ക്കുന്ന കാറ്റും മഴയും തന്നെയായിരുന്നു. മഴയിൽ താഴ്വാരം കോട മൂടിയതുപോലെ. മഴ തോർന്നു വെയിൽ തെളിഞ്ഞപ്പോൾ കണ്ട കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു.
നോക്കെത്താ ദൂരത്തോളം തെങ്ങിൻതോപ്പ്. അങ്ങ് ദൂരേയ്ക്കു കാണുന്ന നീല മലകൾ തമിഴ്നാട് അതിർത്തി വാളയാർ മലകളും നെല്ലിയമ്പതി മലകളും പറമ്പിക്കുളം വാൽപാറയുടെ വിദൂര ദൃശ്യങ്ങളും എല്ലാം കാണുന്നുണ്ടായിരുന്നു. ഒരു വശത്തു വാളയാർ അഹല്യ ഹോസ്പിറ്റലും കഞ്ചിക്കോട് കിൻഫ്രായുടെ കാറ്റാടികളും എല്ലാം ഭാവനയിൽ കാണുന്നത് പോലെ തോന്നി.
ചെങ്കുത്തായ പാറകളും വലിയ ഉരുളൻ പാറകളും പല ഭാഗത്തായിട്ടുണ്ട്. കേറിചെല്ലുമ്പോൾ ആദ്യം നോട്ടമെത്തുന്നത് പാറയിടുക്കിൽ കാണുന്ന ഒരു ആമ്പൽ കുളമാണ്. പൂക്കൾ ഇല്ലെങ്കിലും മനോഹരമായ ഒരു ദൃശ്യഭംഗി. അങ്ങിങ്ങായി ചെറിയ ആമ്പൽ കുളങ്ങൾ പാറക്കെട്ടിൽ കാണാനുണ്ടായിരുന്നു. ഇടതു ഭാഗത്തായി കാണുന്ന ഒറ്റമരം, മുകളിൽ ക്ഷേത്രത്തിന്റെ പണികൾ നടന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
കുന്നുംപിടരി കുന്നിൽ നിന്നും നോക്കിയാൽ കാണുന്ന ചെറിയൊരു ഏരി (കൃഷി ആവശ്യങ്ങൾക്കായി നിർമിച്ച വലിയൊരു ജലാശയം) വരമ്പ് ഡാം എന്നാണ് എനിക്ക് തോന്നിയത് ഡാമിൽ നിറയെ കരിമ്പനകൾ ഉണ്ടായിരുന്നു വെള്ളത്തിൽ തലയുയർത്തി നിൽക്കുന്ന പനകൾ കാണാൻ ഒരു പ്രത്യേകഭംഗി. പല പല മലയാള സിനിമകളുടെയും ഇഷ്ടലൊക്കേഷൻ കൂടിയാണ് ഈ സ്ഥലങ്ങൾ.
കുന്നുംപിടാരി കുന്നിന് ചിറ്റൂർ കൊങ്ങാൻപടയുമായി ചരിത്രബന്ധം ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്. മുൻപ് കൊങ്ങൻ പടയിൽ കൊങ്ങൻ രാജാവിന്റെ നീക്കങ്ങൾ അറിയാൻ ചിറ്റൂർ പട നിരീക്ഷണത്തിന് കയറി ഇരുന്നത് കുന്നുംപിടാരി മലയിൽ ആണെന്നാണ് പറയപ്പെടുന്നത്. പിടാരി എന്നാൽ തമിഴിൽ അനുസരിക്കാത്തവൾ എന്നാണ് അർത്ഥം വരുന്നത്. തച്ചുശാസ്ത്ര വിദ്യയിൽ ഏറെ പേര് കേട്ട തിരുവാലത്തൂർ ക്ഷേത്രത്തിലെ കരിങ്കൽ ശില്പങ്ങൾ തീർപ്പിച്ചത് കുന്നുംപിടാരിയിലെ കല്ല് കൊണ്ടാണെന്നു ഐതിഹ്യമുണ്ട്.
ഒരു നല്ല സായാഹ്നം ചെലവഴിക്കാൻ ഏറെ പേർ കുന്നിൽ മുകളിലേക്ക് വരുന്നുണ്ടായിരുന്നു. ഓർമ്മകളിൽ ഒരു നല്ല സായാഹ്നം സമ്മാനിച്ച കുന്നുംപിടാരിമല പിന്നെയും തിരിച്ചു വിളിക്കുന്നതായി മനസ് പറയുന്നുണ്ട്. ചില സ്ഥലങ്ങൾ അങ്ങനെ ആണ്. ഓരൊരോ യാത്രകളും നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല. പിന്നെയും പ്രകൃതിയുടെ മനോഹാരിത മാടി വിളിക്കുന്ന സ്ഥലങ്ങൾ തേടി യാത്രകൾ തുടർന്ന് കൊണ്ടിരിക്കുന്നു.