ചെറുധാന്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലത്ത് തലസ്ഥാന നഗരിയിൽ ഇത്തരൊരു സംരംഭം തുടങ്ങുന്നത് ഏറെ ആശാവഹമാണ്. ദേശീയ, അന്തർദേശീയ തലത്തിൽ ചെറു ധാന്യ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗവും ബ്രാൻഡിംഗും വർധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഇന്ന് കേന്ദ്രസർക്കാർ നടത്തിവരുന്നു. ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെയും ഉപയോഗത്തെയും കുറിച്ചുള്ള അവബോധം ഉത്പാദകരിലും ഉപഭോക്താക്കളിലും സൃഷ്ടിക്കുന്നതായും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. ആരോഗ്യകാര്യത്തിൽ ഇന്ന് ആളുകൾ പൊതുവെ വലിയ ശ്രദ്ധ പതിപ്പിക്കുന്നു എന്നത് മില്ലറ്റുകൾക്ക് കൂടുതൽ വിപണി നൽകും. ഇപ്പോൾ കടകളിൽ ചെറു ധാന്യങ്ങൾ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട് എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത ഗുണമേന്മയുള്ള വിവിധ തരം ധാന്യങ്ങൾ,ധാന്യ പൊടികൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, ധാന്യ പലഹാരങ്ങൾ, പാനീയങ്ങൾ മുതലായവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിസ്സ അന്നം ദി മില്ലറ്റ് ഷോപ്പ് തിരുവനന്തപുരത്ത് കുറവൻകോണത്ത് ആരംഭിച്ചത്. ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും സമീകൃതമായ ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന മണി ചോളം, ബജ്ര, കൂവരക്, തിന, വരക്, ചാമ, കവട പുല്ല് തുടങ്ങിയ പോഷക സമൃദ്ധമായ ധാന്യങ്ങൾ അന്നം ദി മില്ലറ്റ് ഷോപ്പിൽ ലഭ്യമാണ്.