മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന സത്യം വിളിച്ചു പറഞ്ഞതിന് സി പി ഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മണിപ്പൂർ പൊലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
സംഘ്പരിവാർ വേട്ടയാടുന്ന ആനി രാജക്കും നിഷ സിദ്ധുവിനും ദീക്ഷ ദ്വിവേദിക്കും വേണ്ടി ജനാധിപത്യ സമൂഹം ഐക്യദാർഢ്യപ്പെടേണ്ടതാണ്. മണിപ്പൂരിൽ നടക്കുന്ന വംശഹത്യയുടെ പിറകിലെ യാഥാർഥ്യങ്ങൾ മറച്ചു പിടിക്കേണ്ടത് ബി ജെ പി യുടെ ആവശ്യമാണ്. മാധ്യമങ്ങളിലൂടെ പുറത്തറിയുന്നതിലും ഭീകരമായ അവസ്ഥകളാണ് അവിടെയുള്ളതെന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ മണിപ്പൂർ സന്ദർശിച്ച വിവിധ സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വസ്തുതകളെയും അതിന്റെ പിറകിലുള്ള ഭരണകൂട ആസൂത്രണങ്ങളെയും മറച്ചു വെക്കാനാണ് ബി ജെ പി ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഗുജറാത്ത് വംശഹത്യയെ കുറിച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങി നിരവധി പേരെ ഫാഷിസ്റ്റ് ഭരണകൂടം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 2021 ൽ ത്രിപുരയിൽ നടന്ന മുസ്‌ലിം വിരുദ്ധ ഭരണകൂട അതിക്രമത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സത്യം വിളിച്ചു പറഞ്ഞ 102 സാമൂഹ്യ പ്രവർത്തകർക്കെതിരെ സമാനമായ രീതിയിൽ ത്രിപുര പോലീസ് യു എ പി എ ചുമത്തിയിരുന്നു. വസ്തുതകൾ വിളിച്ചു പറയുന്ന പൊതുപ്രവർത്തകരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും വേട്ടയാടുന്ന സംഘ്പരിവാറിന്റെ നടപടിക്കെതിരെ യോജിച്ച ശബ്ദം ഉയർന്നു വരണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.