ഡാൾട്ടൺ (പെൻസിൽവേനിയ): ആത്മീയ ധന്യതയിലേക്ക് കുടുംബങ്ങളെ കൈപിടിച്ചുയർത്തുന്ന ധ്യാനാനുഭവത്തിന് ഇവിടെ തുടക്കമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന് തിരി തെളിഞ്ഞതോടെ, ആത്മീയ ദിനരാത്രങ്ങളുടെ സൗമ്യ ദീപ്തിക്കാണ് തുടക്കമായത്. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കളാവോസിന്റെ നേതൃത്വത്തിലും ഭദ്രാസന കൗൺസിലിന്റെയും കോൺഫറൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വിവിധ കമ്മിറ്റികൾ പ്രവർത്തങ്ങൾ ഏകോപിപ്പിച്ച് കോൺഫറൻസ് ഏറ്റവും സജീവമാക്കിയിട്ടുണ്ട്.
അത്താഴത്തിനു ശേഷം ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിന്റെ കവാടത്തിൽ നിന്ന് തുടങ്ങിയ ഘോഷയാത്രയിൽ കാനഡ മുതൽ നോർത്ത് കരോളിന വരെയുള്ള ഇടവക ജനങ്ങൾ അണിനിരന്നു. ഏറ്റം മുന്നിൽ കോൺഫറൻസ് ബാനറിനു പിന്നിൽ അമേരിക്കയുടെയും ഇൻഡ്യയുടെയും കാതോലിക്കേറ്റിന്റെയും പതാകകൾ അണിനിരന്നു. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ, ന്യൂയോർക്ക് ലോംഗ് ഐലന്റ് ബീറ്റ്സിന്റെ ചെണ്ടമേളം ടീം, ഇടവക ജനങ്ങൾ, ഭദ്രാസന വൈദികർ, ഭദ്രാസന മെത്രാപ്പോലീത്ത, യൂറോപ്പ് /ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേപ്പാനോസ് തുടങ്ങിയവരും അണിനിരന്നു. ഘോഷയാത്ര മാർ ബർണബാസ് നഗറിൽ എത്തിയതോടെ ഫിലഡൽഫിയ ഏരിയ ഇടവകകളുടെ ഗായക സംഘം ഭക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിച്ചു. സന്ധ്യാനമസ്കാരത്തിനു ശേഷം അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ട്രീന ജോസിയും ടാനിയ ജോസിയും ചേർന്നാലപിച്ചു.
തുടർന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. റിട്രീറ്റ് സെന്ററിൽ കോൺഫറൻസ് സംഘടിപ്പിക്കാനായതിലുള്ള ചാരിതാർഥ്യം അദ്ദേഹം സൂചിപ്പിച്ചു. 316 പേജുള്ള സുവനീർ ഒരു റെക്കോർഡ് ആണ്. സ്പോണ്സർഷിപ്പിലൂടെ ഒരു നിർണായക തുക സമാഹരിക്കാനായതും അഭിമാനിക്കാവുന്ന നേട്ടമായി. കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ കോൺഫറൻസ് എന്ന് അനുസ്മരിച്ചു.
ഭദ്രാസന മെത്രാപ്പോലീത്തയുടെ വിഖ്യാതമായ 5 മിനിറ്റ് പ്രസംഗത്തിൽ ഇത്രയും ചുരുങ്ങിയ കാലയളവിൽ കോൺഫറൻസ് സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം എടുത്തുപറഞ്ഞു. ഇതൊരു ഹെർക്യൂലിയൻ ടാസ്ക് ആയിരുന്നു. കോൺഫറൻസ് ഭാരവാഹികൾക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
എബ്രഹാം മാർ സ്തേപ്പാനോസ് മെത്രാപ്പോലീത്ത തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ വിശ്വാസികളെ ആത്മീയതയുടെ ഒരു പുതിയ തലത്തിലേക്ക് നയിക്കുവാൻ ഈ കോൺഫറൻസ് സഹായിക്കട്ടെ എന്നാശംസിച്ചു. മീറ്റിങ്ങിനു ശേഷം നടന്ന കരിമരുന്നു പ്രയോഗം ഏവർക്കും ആസ്വാദ്യമായി.