ഡാൽട്ടൺ (പെൻസിൽവേനിയ): യോവേൽ പ്രവാചകൻറെ പുസ്തകം കേവലം ഒരു പുസ്തകം മാത്രമല്ല, അതൊരു ഒന്നാന്തരം കവിതാ സമാഹാരം ആയാണ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ മുഖ്യ പ്രസംഗകനായ യൂറോപ്പ് /ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്‌തേപ്പാനോസ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചത്. “ഞാൻ സകല ജഡത്തിന്മേലും എൻറെ ആത്മാവിനെ പകരും” എന്ന (യോവേൽ 2:28) ആയിരുന്നു ചിന്താവിഷയം. നമ്മുടെ ജീവിതത്തിലെ നമ്മൾ കാണാതെ പോകുന്ന ചില സംഗതികൾ സഭയായി, വ്യക്തികളായി നമ്മെ നയിക്കുവാനുള്ള ഒരു ശക്തി – ഒരു കരുത്ത് യോവേൽ പ്രവചനത്തിലുണ്ട്. യോവേൽ പ്രവാചകൻ സഭാമക്കളോടു ചോദിക്കുകയാണ്:
നമ്മൾ ഇപ്പോൾ എവിടെ നിൽക്കുന്നു ?
ഇതിനുള്ള മറുമരുന്നുകൾ എവിടെയാണ് ?
ഇതിനുള്ള പ്രതീക്ഷികുന്ന ഫലം എവിടെയാണ്?
യോവേൽ പ്രവാചകന്റെ പുസ്തകം ഒരു വിനോദ പുസ്തകമല്ല. ഇത് നമ്മുടെ കർത്താവിന്റെ പരസ്യ ശുശ്രൂഷയിൽ അധിഷ്ഠിതമാണ്. യോവേൽ പറയുന്നു, “തുള്ളൽ ശേഷിപ്പിച്ചത് വെട്ടുക്കിളി തിന്നു, വെട്ടുക്കിളി ശേഷിപ്പിച്ചത് വിട്ടിൽ തിന്നു, വിട്ടിൽ ശേഷിപ്പിച്ചത് പച്ചപ്പുഴു തിന്നു” ഇതിൽ ഒരായിരം, ചിലപ്പോൾ അതിൽ കൂടുതൽ അർത്ഥങ്ങൾ കണ്ടെന്നു വരാം. നെഗറ്റീവ് ആയ ചിന്താഗതികളെ വിട്ടുകളയുക. വിനാശകരമായ വിമർശനം നാശകരമായ പാപം ആണ്. നമുക്കു സഭാ കേസ് ഇല്ല, സമുദായ കേസ് ഉണ്ട്. ഇതിലെ വീക്ഷണം- നമ്മൾ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നതാണ് പ്രധാനം. ഉദാഹരണ സഹിതം മാർ സ്‌തേപ്പാനോസ് ചൂണ്ടിക്കാട്ടി.
ഫാ. മാറ്റ് അലക്‌സാണ്ടർ, MGOCSM വിദ്യാർത്ഥികളോടുള്ള തന്റെ മുഖ്യപ്രഭാഷണത്തിൽ തിമോത്തിയുടെ അമ്മ (യൂനിസ്), മുത്തശ്ശി (ലോയിസ്) എന്നിവരുടെ മാതൃക കൊണ്ടുവന്നു, കുട്ടിക്കാലം മുതൽ തന്നെ യുവ തിമോത്തിയിൽ പകർന്നുനൽകിയ വിശ്വാസത്തിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നു. , അവൻ ഒരു തീനാളം ഇളക്കിവിടാൻ നോക്കി, അങ്ങനെ അത് തിളങ്ങി. അതുപോലെ, നമ്മുടെ പൂർവ്വികർ നമ്മിൽ പകർന്നുനൽകിയ ഈ വിശ്വാസത്തിന്റെ ദാനം നമുക്കുണ്ട്, അത് ദൈവാത്മാവിനാൽ
നിറഞ്ഞിരിക്കുന്ന പുരുഷന്മാരും സ്ത്രീകളും ആയിത്തീരുന്നതിന് നാം ജ്വലിപ്പിക്കണം, ഫാ. മാറ്റ് അലക്‌സാണ്ടർ ഓർമ്മിപ്പിച്ചു.
പ്രഭാത പ്രാർത്ഥനയ്ക്കു ശേഷമുള്ള യുവാക്കളുടെ ധ്യാനത്തിൽ റവ. (ഡോ) തിമോത്തി (ടെന്നി) തോമസ് ട്രാൻസ്‌ഫിഗറേഷൻ അഥവാ രൂപാന്തരത്തെപ്പറ്റി സംസാരിച്ചു. മുതിർന്നവർക്കുള്ള ധ്യാനം വെരി റവ. പൗലോസ് ആദായി കോ-എപ്പിസ്കോപ്പ നയിച്ചു.
അപ്പോസ്തലന്മാർ ഉണർന്നിരിക്കാൻ പാടുപെട്ടത് പോലെ, ആത്മീയ അർത്ഥത്തിൽ ഉറക്കവും ഉണർവും തമ്മിൽ നമുക്ക് എപ്പോഴും ഒരു പോരാട്ടമുണ്ട്, എന്നാൽ അവരുടെ പോരാട്ടത്തിൽ അവർ വിജയിച്ചതിനാൽ, അവർക്ക് ദൈവത്തിന്റെ മഹത്വം കാണാൻ കഴിഞ്ഞു. പാപത്തിൽ വീഴുന്ന നമ്മുടെ ആത്മീയ ഉറക്കത്തിനെതിരെ പോരാടാനും ജയിക്കാനും നോക്കുമ്പോൾ നമുക്കും ദൈവത്തിൽ മഹത്തായ കാര്യങ്ങൾ കാണാൻ കഴിയുമെന്ന് അച്ചൻ പറഞ്ഞു.
റവ. ഡീക്കൻ ഷോജിൽ എബ്രഹാം നിത്യജീവിതത്തിലെ നിഷേധാത്മകമായ അനുഭവങ്ങളെ പോസിറ്റീവായ ആത്മീയതകളാക്കി മാറ്റാൻ MGOCSM അംഗങ്ങൾക്ക് വിവിധ മാർഗങ്ങൾ നൽകി. സൺഡേ സ്കൂൾ കുട്ടികൾക്കുള്ള സെഷൻ റിന്റു മാത്യു, അഖിലാ
സണ്ണി,ഐറിൻ ജോർജ്, സാറ മത്തായി, മേരി ആൻ കോശി, സ്റ്റെഫനി ബിജു തുടങ്ങിയവർ നയിച്ചു.
വ്യാഴാഴ്ച സന്ധ്യാപ്രാർഥനയ്ക്കുശേഷം ഫാ. കെ.കെ. ജോൺ, ഫാ.സുജിത് തോമസ് എന്നിവർ ധ്യാനപ്രസംഗങ്ങൾ നടത്തി.
രാവിലെയും വൈകിട്ടും ഫിലഡൽഫിയ ഏരിയ ഗായകസംഘം ഭക്തിനിർഭരമായ ഗാനങ്ങൾ ആലപിച്ചു.
ബാർബിക്യൂ ഉച്ചഭക്ഷണമായി ലഭിച്ചത് ഏവർക്കും ഹൃദ്യമായി. ഉച്ചഭക്ഷണത്തിനു ശേഷം കായിക മത്സരങ്ങളും ഗെയിംസും നടന്നു. ഓട്ട മത്സരങ്ങൾ, വോളീബോൾ, സോക്കർ തുടങ്ങിയവ അരങ്ങേറി. അത്താഴത്തിനും സന്ധ്യാ നമസ്കാരത്തിനും ശേഷം കലാസന്ധ്യ അരങ്ങേറി.
വിവിധ ഇടവകകളിൽ നിന്ന് വന്ന അംഗങ്ങൾ പങ്കെടുത്തു. കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ആദ്യ ഫാമിലി കോൺഫറൻസ് എന്ന നിലയിൽ ഫിലഡൽഫിയ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച ‘A Tribute to Heroes’ എന്ന പരിപാടി കോവിഡ് മൂലം നമ്മിൽ നിന്ന് വേർപെട്ടു പോയവരെ സ്മരിക്കുകയും, മെഡിക്കൽ മേഖലയിലും മറ്റു അവശ്യ മേഖലകളിലും സേവനം ചെയ്‌തു ത്യാഗം സഹിച്ചവർക്ക് ആദരം അർപ്പിച്ചതും വേറിട്ടതും ഹൃദയസ്പർശിയും ആയിരുന്നു. തോമസ് കോശി പ്രോഗ്രാം അവതാരകനായിരുന്നു. ജേക്കബ് ജോസഫ് കോർഡിനേറ്റർ ആയും മികച്ച ഗായകനായും അരങ്ങു നിറഞ്ഞുനിന്നു. തുടർന്ന് നടന്ന കരിമരുന്നു പ്രയോഗം ഏവരും ആസ്വദിച്ചു.