ഫിലാഡല്‍ഫിയ: ഭാരത അപ്പസ്തോലനും, സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയ മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ വിവിധതിരുക്കര്‍മ്മങ്ങളോടെയും, കലാപരിപാടികളോടെയും ആഘോഷിച്ചു. ജൂണ്‍ 30 നു ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ഷാജു കണിയാമ്പറമ്പില്‍, നവവൈദികന്‍ ഫാ. ജോര്‍ജ് പാറയില്‍ എന്നിവര്‍ തിരുനാള്‍കൊടി ഉയര്‍ത്തി ആരംഭംകുറിച്ച തിരുനാള്‍ ഏറ്റെടുത്തു നടത്തിയത് എല്‍ഷാന്‍ പൂവത്തുങ്കല്‍ (ജിപ്സ), ജിബിന്‍ പ്ലാമൂട്ടില്‍ (ക്രിസ്റ്റീന), ജോബി കൊച്ചുമുട്ടം (റോഷിന്‍), ജോജി കുഴിക്കാലായില്‍ (ടീനാ), റോഷിന്‍ പ്ലാമൂട്ടില്‍ (ലിജാ), സനോജ് മൂര്‍ത്തിപുത്തന്‍പുരക്കല്‍ (ഹെലന്‍) എന്നീ 6 കുടുംബങ്ങളായിരുന്നു.
മാനന്തവാടിരൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടവും, ജഗദല്‍പൂര്‍രൂപതാ ബിഷപ് മാര്‍ ജോസഫ് കൊല്ലമ്പറമ്പില്‍ ഇങക യും മുഖ്യകാര്‍മ്മികരായി തിരുനാളില്‍ പങ്കെടുത്തു.
ദുക്റാന തിരുനാള്‍ ദിനമായ ജുലൈ 3 തിങ്കളാഴ്ച്ച ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ബാബു മഠത്തിപ്പറമ്പില്‍ (സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരി), ജുലൈ 5 നു ജഗദല്‍പൂര്‍രൂപതാ ബിഷപ് മാര്‍ ജോസഫ് കൊല്ലമ്പറമ്പിലും കാര്‍മ്മികരായി തിരുനാള്‍ കുര്‍ബാനയും, തോമ്മാശ്ലീഹായുടെ നൊവേനയും.
ജുലൈ 7, 8, 9 ആയിരുന്നു പ്രധാന തിരുനാള്‍ ദിവസങ്ങള്‍.
ജുലൈ 7 വെള്ളിയാഴ്ച്ച ഹെര്‍ഷി സെ. ജോസഫ് സീറോമലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ഡിജോ കോയിക്കരയും, ജുലൈ 8 ശനിയാഴ്ച്ച സൗത്ത് ജേഴ്സി സെ. ജൂഡ് സീറോമലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുന്നത്തും കാര്‍മ്മികരായി. ശനിയാഴ്ച്ച ലദീഞ്ഞിനുശേഷം വര്‍ണക്കുടകളുടെയും, ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം.
വൈകുന്നേരം 7 മണിമുതല്‍ ഇടവകയിലെ കലാപ്രതിഭകളും, പ്രസുദേന്തി കുടുംബങ്ങളും അവതരിപ്പിച്ച മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന കലാസന്ധ്യ അരങ്ങേറി. കലാസന്ധ്യയുടെ ഉത്ഘാടനം വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. സിസ്റ്റേഴ്സ്, കൈക്കാരډാര്‍, പാരീഷ് സെക്രട്ടറി, തിരുനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മാനന്തവാടിരൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു.
അനുഗൃഹീത നൃത്തകലാകാരനും, മാതാ ഡാന്‍സ് അക്കാഡമി ഡയറക്ടറുമായ ബേബി തടവനാലിന്‍റെ കോറിയോഗ്രഫിയില്‍ നൃത്തവിദ്യാലയത്തിലെ കലാപ്രതിഭകള്‍ ബേബിയൊന്നിച്ചവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് ആയിരുന്നു അവതരണനൃത്തം. ഇടവക ഗായക സംഘത്തിന്‍റെ ഗാനാമൃതം, ചെറുപുഷ്പമിഷന്‍ ലീഗ് കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റ്, സി.സി.ഡി. ഗേള്‍സിന്‍റെ നൃത്തം, പ്രസുദേന്തി ദമ്പതികളും, കുട്ടികളും ഒന്നുചേര്‍ന്നവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍, മിമിക്രി ആര്‍ട്ടിസ്റ്റ് റോയ് ആക്കാട്ടുമുണ്ട അവതരിപ്പിച്ച സൈന്‍ ആര്‍ട്ടിസ്റ്റുകളുടെ ശബ്ദാനുകരണം, മരിയന്‍ മദേഴ്സിന്‍റെ സ്കിറ്റ്, യൂത്ത് ഡാന്‍സ് എന്നിവ സദസ്യര്‍ നന്നായി ആസ്വദിച്ചു. കമ്പ്യൂട്ടര്‍ സങ്കേതികവിദ്യയുടെ സഹായത്താല്‍ കലാപരമായ ഡിസൈനുകളും, സ്റ്റേജിലവതരിപ്പിക്കുന്ന കലാരൂപത്തിനിണങ്ങുന്ന പശ്ചാത്തല ദൃശ്യവിസ്മയങ്ങളും സമന്വയിപ്പിച്ചുള്ള വീഡിയോ വാള്‍ സ്റ്റേജിനു മിഴിവേകി. ടിജോ പറപ്പുള്ളി, ജെറി കുരുവിള, നിക്കോള്‍ മാത്യു എന്നിവര്‍ കലാസന്ധയുടെ അവതാരകരായി.
പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 9 ഞായറാഴ്ച്ച മാനന്തവാടിരൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. ലദീഞ്ഞിനുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, യുവജനങ്ങള്‍ തയാറാക്കിയ കാര്‍ണിവല്‍, തുടര്‍ന്ന് സ്നേഹവിരുന്ന്.
ഇടവകയില്‍ നിന്നും മരിച്ചുപോയവരെ അനുസ്മരിച്ച് തിങ്കളാഴ്ച്ച ദിവ്യബലിയും, ഒപ്പീസും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ കൊടിയിറക്കിയതോടെ പതിനഞ്ചുദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീണു.
വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരډാരായ രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പെരുനാളിന്‍റെ ക്രമീകരണങ്ങള്‍ നിര്‍വഹിച്ചു.
ഫോട്ടോ: ജോസ് തോമസ്